സങ്കീർത്തനങ്ങൾ 40:1-4

സങ്കീർത്തനങ്ങൾ 40:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരന്റെ സഹായത്തിനായി ഞാൻ ക്ഷമയോടെ കാത്തിരുന്നു; അവിടുന്നു ചെവി ചായിച്ച് എന്റെ നിലവിളി കേട്ടു. ഭയാനകമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവിടുന്ന് എന്നെ പിടിച്ചുകയറ്റി. അവിടുന്ന് എന്നെ പാറമേൽ നിർത്തി; എന്റെ കാലടികൾ സുരക്ഷിതമാക്കി. അവിടുന്ന് എന്റെ അധരങ്ങളിൽ ഒരു പുതിയ പാട്ടു നല്‌കി. നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗീതം തന്നെ. പലരും ഇതുകണ്ട് ഭയഭക്തിയോടെ സർവേശ്വരനെ ആശ്രയിക്കും. സർവേശ്വരനെ ശരണമാക്കുന്നവർ അനുഗൃഹീതർ; വ്യാജദേവന്മാരെ ആരാധിക്കുന്ന ഗർവിഷ്ഠരെ അവർക്ക് ആശ്രയിക്കേണ്ടിവരില്ല.

സങ്കീർത്തനങ്ങൾ 40:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു; കർത്താവ് എന്നിലേക്ക് ചാഞ്ഞ് എന്‍റെ നിലവിളി കേട്ടു. നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽനിന്നും കർത്താവ് എന്നെ കയറ്റി; എന്‍റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്‍റെ ചുവടുകളെ സ്ഥിരമാക്കി. അവിടുന്ന് എന്‍റെ വായിൽ ഒരു പുതിയ പാട്ട് തന്നു, നമ്മുടെ ദൈവത്തിന് സ്തുതി തന്നെ; പലരും അത് കണ്ടു ഭയപ്പെട്ട് യഹോവയിൽ ആശ്രയിക്കും. യഹോവയെ തന്‍റെ ആശ്രയമാക്കുകയും നിഗളികളെയും വ്യാജദൈവങ്ങളിലേക്ക് തിരിയുന്നവരെയും ആദരിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.

സങ്കീർത്തനങ്ങൾ 40:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ യഹോവെക്കായി കാത്തുകാത്തിരുന്നു; അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു. നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥിരമാക്കി. അവൻ എന്റെ വായിൽ പുതിയോരു പാട്ടുതന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും. യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.

സങ്കീർത്തനങ്ങൾ 40:1-4 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു; അവിടന്ന് എങ്കലേക്കു ചാഞ്ഞ് എന്റെ നിലവിളി കേട്ടു. വഴുവഴുപ്പുള്ള കുഴിയിൽനിന്നും ചേറ്റിൽനിന്നും ചെളിയിൽനിന്നും അവിടന്ന് എന്നെ ഉദ്ധരിച്ചു; അവിടന്ന് എന്റെ പാദങ്ങൾ ഒരു പാറമേൽ ഉറപ്പിച്ചു എനിക്കു നിൽക്കാൻ ഉറപ്പുള്ള ഒരിടംനൽകി. എന്റെ അധരങ്ങൾക്ക് അവിടന്നൊരു പുതുഗീതമേകി, നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗാനംതന്നെ. പലരും അതുകണ്ട് യഹോവയെ ഭയപ്പെടുകയും അങ്ങയിൽ ആശ്രയംവെക്കുകയും ചെയ്യും. അഹന്തനിറഞ്ഞവരിൽ ആശ്രയിക്കാതെയും വ്യാജദൈവങ്ങളിലേക്കു തിരിയാതെയും യഹോവയിൽ ആശ്രയിക്കുന്ന മനുഷ്യർ അനുഗൃഹീതർ.

സങ്കീർത്തനങ്ങൾ 40:1-4

സങ്കീർത്തനങ്ങൾ 40:1-4 MALOVBSIസങ്കീർത്തനങ്ങൾ 40:1-4 MALOVBSI