സങ്കീർത്തനങ്ങൾ 38:1-22 - Compare All Versions
സങ്കീർത്തനങ്ങൾ 38:1-22 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ; ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ. നിന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു; നിന്റെ കൈ എന്റെമേൽ ഭാരമായിരിക്കുന്നു. നിന്റെ നീരസം ഹേതുവായി എന്റെ ദേഹത്തിൽ സൗഖ്യമില്ല; എന്റെ പാപം ഹേതുവായി എന്റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല. എന്റെ അകൃത്യങ്ങൾ എന്റെ തലയ്ക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്ക് അതിഘനമായിരിക്കുന്നു. എന്റെ ഭോഷത്തം ഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞുനാറുന്നു. ഞാൻ കുനിഞ്ഞ് ഏറ്റവും കൂനിയിരിക്കുന്നു; ഞാൻ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു. എന്റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തിൽ സൗഖ്യമില്ല. ഞാൻ ക്ഷീണിച്ച് അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കം നിമിത്തം ഞാൻ അലറുന്നു. കർത്താവേ, എന്റെ ആഗ്രഹമൊക്കെയും നിന്റെ മുമ്പിൽ ഇരിക്കുന്നു. എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല. എന്റെ നെഞ്ചിടിക്കുന്നു; ഞാൻ വശംകെട്ടിരിക്കുന്നു; എന്റെ കണ്ണിന്റെ വെളിച്ചവും എനിക്കില്ലാതെയായി. എന്റെ സ്നേഹിതന്മാരും കൂട്ടുകാരും എന്റെ ബാധ കണ്ടു മാറിനില്ക്കുന്നു; എന്റെ ചാർച്ചക്കാരും അകന്നു നില്ക്കുന്നു. എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കെണി വയ്ക്കുന്നു; എനിക്ക് അനർഥം അന്വേഷിക്കുന്നവർ വേണ്ടാതനം സംസാരിക്കുന്നു; അവർ ഇടവിടാതെ ചതിവു ചിന്തിക്കുന്നു. എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു. ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും വായിൽ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു. യഹോവേ, നിങ്കൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും. അവർ എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാൻ പറഞ്ഞു; എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരേ വമ്പു പറയുമല്ലോ. ഞാൻ ഇടറി വീഴുമാറായിരിക്കുന്നു; എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. ഞാൻ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു. എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ. എന്നെ വെറുതെ പകയ്ക്കുന്നവർ പെരുകിയിരിക്കുന്നു. ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്കു വിരോധികളായി നന്മയ്ക്കുപകരം തിന്മ ചെയ്യുന്നു. യഹോവേ, എന്നെ കൈവിടരുതേ: എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ. എന്റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിനു വേഗം വരേണമേ.
സങ്കീർത്തനങ്ങൾ 38:1-22 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
സർവേശ്വരാ, കോപത്തോടെ എന്നെ ശാസിക്കരുതേ; രോഷത്തോടെ എന്നെ ശിക്ഷിക്കരുതേ. അവിടുത്തെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു; അവിടുത്തെ കരം എന്റെമേൽ പതിച്ചിരിക്കുന്നു. അവിടുത്തെ രോഷം നിമിത്തം എനിക്കു സൗഖ്യമില്ല; എന്റെ പാപംമൂലം എനിക്കു സ്വസ്ഥതയുമില്ല. എന്റെ അകൃത്യങ്ങൾ എന്റെ തലയ്‍ക്കു മുകളിൽ കൂമ്പാരം കൂടുന്നു; അവ താങ്ങാനാവാത്ത ഭാരമായിരിക്കുന്നു. എന്റെ ഭോഷത്തംമൂലം എന്റെ വ്രണങ്ങൾ ചീഞ്ഞുനാറുന്നു. ഞാൻ കൂനി നിലംതൊടുമാറായി ഞാൻ എപ്പോഴും വിലപിക്കുന്നു. എന്റെ ശരീരം ജ്വരംകൊണ്ടു പൊള്ളുന്നു എനിക്കൊട്ടും സൗഖ്യമില്ല. ഞാൻ ആകെ ക്ഷീണിച്ചു തളർന്നിരിക്കുന്നു. ഹൃദയവ്യഥ നിമിത്തം ഞാൻ ഞരങ്ങുന്നു. സർവേശ്വരാ, എന്റെ ആഗ്രഹങ്ങൾ അവിടുന്നറിയുന്നു. എന്റെ നെടുവീർപ്പ് അവിടുന്നു കേൾക്കുന്നു. എന്റെ നെഞ്ചിടിക്കുന്നു, എന്റെ ശക്തി ക്ഷയിച്ചിരിക്കുന്നു. എന്റെ കണ്ണുകളുടെ ശോഭ നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ സുഹൃത്തുക്കളും അയൽക്കാരും; എന്റെ മഹാരോഗം നിമിത്തം എന്നിൽനിന്ന് അകന്നു നില്‌ക്കുന്നു. ഉറ്റവർപോലും അകന്നുമാറുന്നു. എന്നെ അപായപ്പെടുത്താൻ നോക്കുന്നവർ എനിക്കായി കെണി വയ്‍ക്കുന്നു. എന്നെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവർ; എന്റെ നാശത്തെപ്പറ്റി സംസാരിക്കുന്നു. അവർ നിരന്തരം എനിക്കെതിരെ വഞ്ചന നിരൂപിക്കുന്നു. ഞാൻ ബധിരനെപ്പോലെ ഒന്നും കേൾക്കാതിരുന്നു; ഊമനെപ്പോലെ സംസാരിക്കാതിരുന്നു. അതേ, ബധിരനെപ്പോലെ മറുപടി പറയാതിരുന്നു. സർവേശ്വരാ, ഞാൻ അങ്ങയിൽ പ്രത്യാശവച്ചിരിക്കുന്നു; എന്റെ ദൈവമായ സർവേശ്വരാ, അവിടുന്ന് എനിക്ക് ഉത്തരമരുളുമല്ലോ. എന്റെ കാൽ വഴുതുമ്പോൾ എനിക്കെതിരെ വീമ്പിളക്കുന്നവർ എന്നെച്ചൊല്ലി സന്തോഷിക്കാൻ ഇടയാക്കരുതേ. ഞാൻ വീഴാറായിരിക്കുന്നു, വേദന എന്നെ വിട്ടുമാറുന്നില്ല. എന്റെ അകൃത്യങ്ങൾ ഞാൻ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ഞാൻ ദുഃഖിക്കുന്നു. അകാരണമായി എന്നെ ദ്വേഷിക്കുന്നവർ ശക്തരും കാരണം കൂടാതെ എന്നോടു ശത്രുത കാട്ടുന്നവർ അനവധിയുമാണ്. നന്മയ്‍ക്കു പകരം അവർ എന്നോടു തിന്മ പ്രവർത്തിക്കുന്നു. ഞാൻ നന്മ ചെയ്യുന്നതുകൊണ്ടാണ് അവർ എന്റെ വിരോധികളായത്. സർവേശ്വരാ, എന്നെ കൈവിടരുതേ, എന്റെ ദൈവമേ, എന്നെ വിട്ട് അകന്നുപോകരുതേ. എന്റെ രക്ഷകനായ സർവേശ്വരാ, എന്നെ സഹായിക്കാൻ വേഗം വരണമേ.
സങ്കീർത്തനങ്ങൾ 38:1-22 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
യഹോവേ, കോപത്തോടെ എന്നെ ശാസിക്കരുതേ. ക്രോധത്തോടെ എന്നെ ശിക്ഷിക്കുകയും അരുതേ. അങ്ങേയുടെ അസ്ത്രങ്ങൾ എന്‍റെ ഉള്ളിലേക്ക് തറച്ചുകയറിയിരിക്കുന്നു; അവിടുത്തെ കൈ എന്‍റെ മേൽ ഭാരമായിരിക്കുന്നു. അങ്ങേയുടെ നീരസം മൂലം എന്‍റെ ദേഹത്തിന് സൗഖ്യമില്ല; എന്‍റെ പാപംനിമിത്തം എന്‍റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല. എന്റെ അകൃത്യങ്ങൾ എന്റെ തലയ്ക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്ക് അതിഘനമായിരിക്കുന്നു. എന്റെ ഭോഷത്തം ഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞ് നാറുന്നു. ഞാൻ കുനിഞ്ഞ് നിലത്തോളം താണിരിക്കുന്നു; ഞാൻ ഇടവിടാതെ ദുഃഖിച്ച് നടക്കുന്നു. എന്‍റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു; എന്‍റെ ദേഹത്തിന് സൗഖ്യമില്ല. ഞാൻ ക്ഷീണത്താൽ അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ അസ്വസ്ഥത നിമിത്തം ഞാൻ ഞരങ്ങുന്നു. കർത്താവേ, എന്റെ ആഗ്രഹം എല്ലാം തിരുമുമ്പിൽ ഇരിക്കുന്നു. എന്റെ ഞരക്കം അങ്ങേക്ക് മറഞ്ഞിരിക്കുന്നതുമില്ല. എന്റെ നെഞ്ചിടിക്കുന്നു; ഞാൻ ശക്തിഹീനനായിരിക്കുന്നു; എന്‍റെ കണ്ണിന്റെ വെളിച്ചവും ഇല്ലാതെയായി. എന്‍റെ സ്നേഹിതന്മാരും സഖാക്കളും എന്‍റെ ബാധ കണ്ടു അകന്ന് നില്ക്കുന്നു; എന്‍റെ അടുത്ത ബന്ധുക്കളും അകന്ന് നില്ക്കുന്നു. എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കെണി വയ്ക്കുന്നു; എനിക്ക് അനർത്ഥം കാംക്ഷിക്കുന്നവർ അനാവശ്യമായി സംസാരിക്കുന്നു; അവർ ഇടവിടാതെ ചതിവ് ചിന്തിക്കുന്നു. എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു. ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും വായിൽ ശകാരം ഇല്ലാത്തവനെപ്പോലെയും ആയിരുന്നു. യഹോവേ, അങ്ങയിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, അവിടുന്ന് ഉത്തരം അരുളും. “അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ” എന്നു ഞാൻ പറഞ്ഞു; എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരെ വമ്പ് പറയുമല്ലോ. ഞാൻ കാൽ ഇടറി വീഴുവാൻ തുടങ്ങുന്നു; എന്‍റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. ഞാൻ എന്‍റെ അകൃത്യം ഏറ്റുപറയുന്നു; എന്‍റെ പാപത്തെക്കുറിച്ച് ദുഃഖിക്കുന്നു. എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ, എന്നെ വെറുതെ ദ്വേഷിയ്ക്കുന്നവർ പെരുകിയിരിക്കുന്നു. ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്ക് വിരോധികളായി നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു. യഹോവേ, എന്നെ കൈ വിടരുതേ; എന്‍റെ ദൈവമേ, എന്നോട് അകന്നിരിക്കരുതേ. എന്‍റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിനായി വേഗം വരേണമേ.
സങ്കീർത്തനങ്ങൾ 38:1-22 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ. ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ. നിന്റെ അസ്ത്രങ്ങൾ എന്നിൽ തറെച്ചിരിക്കുന്നു; നിന്റെ കൈ എന്റെമേൽ ഭാരമായിരിക്കുന്നു. നിന്റെ നീരസം ഹേതുവായി എന്റെ ദേഹത്തിൽ സൗഖ്യമില്ല; എന്റെ പാപം ഹേതുവായി എന്റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല. എന്റെ അകൃത്യങ്ങൾ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു. എന്റെ ഭോഷത്വംഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞുനാറുന്നു. ഞാൻ കുനിഞ്ഞു ഏറ്റവും കൂനിയിരിക്കുന്നു; ഞാൻ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു. എന്റെ അരയിൽ വരൾച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തിൽ സൗഖ്യമില്ല. ഞാൻ ക്ഷീണിച്ചു അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാൻ അലറുന്നു. കർത്താവേ, എന്റെ ആഗ്രഹം ഒക്കെയും നിന്റെ മുമ്പിൽ ഇരിക്കുന്നു. എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല. എന്റെ നെഞ്ചിടിക്കുന്നു; ഞാൻ വശംകെട്ടിരിക്കുന്നു; എന്റെ കണ്ണിന്റെ വെളിച്ചവും എനിക്കില്ലാതെയായി. എന്റെ സ്നേഹിതന്മാരും കൂട്ടുകാരും എന്റെ ബാധ കണ്ടു മാറിനില്ക്കുന്നു; എന്റെ ചാർച്ചക്കാരും അകന്നുനില്ക്കുന്നു. എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കണിവെക്കുന്നു; എനിക്കു അനർത്ഥം അന്വേഷിക്കുന്നവർ വേണ്ടാതനം സംസാരിക്കുന്നു; അവർ ഇടവിടാതെ ചതിവു ചിന്തിക്കുന്നു. എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; വായ്തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു. ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും വായിൽ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു. യഹോവേ, നിങ്കൽ ഞാൻ പ്രത്യാശ വെച്ചിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും. അവർ എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാൻ പറഞ്ഞു; എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരെ വമ്പു പറയുമല്ലോ. ഞാൻ ഇടറി വീഴുമാറായിരിക്കുന്നു; എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. ഞാൻ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു. എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ, എന്നെ വെറുതെ പകെക്കുന്നവർ പെരുകിയിരിക്കുന്നു. ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്കു വിരോധികളായി നന്മെക്കു പകരം തിന്മ ചെയ്യുന്നു. യഹോവേ, എന്നെ കൈവിടരുതേ; എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ. എന്റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിന്നു വേഗം വരേണമേ.
സങ്കീർത്തനങ്ങൾ 38:1-22 MCV (സമകാലിക മലയാളവിവർത്തനം)
യഹോവേ അങ്ങയുടെ കോപത്താൽ എന്നെ ശാസിക്കുകയോ അവിടത്തെ ക്രോധത്താൽ എന്നെ ശിക്ഷിക്കുകയോ അരുതേ. അവിടത്തെ അസ്ത്രങ്ങളെന്നെ കുത്തിത്തുളച്ചിരിക്കുന്നു, തിരുക്കരം എന്റെമേൽ പതിച്ചിരിക്കുന്നു. അവിടത്തെ ക്രോധത്താൽ എന്റെ ശരീരത്തിൽ ആരോഗ്യം അവശേഷിച്ചിട്ടില്ല; എന്റെ പാപംനിമിത്തം എന്റെ അസ്ഥികളുടെ ബലം നശിച്ചിരിക്കുന്നു. എന്റെ പാതകം എന്നെ കീഴടക്കിയിരിക്കുന്നു ദുസ്സഹമാം ഭാരംപോലെ അതെന്നെ ഞെരുക്കുന്നു. എന്റെ പാപപങ്കിലമാം ഭോഷത്തങ്ങളാൽ എന്റെ മുറിവുകൾ അറപ്പുളവാക്കുന്ന വ്രണങ്ങളായി മാറിയിരിക്കുന്നു. ഞാൻ കുനിഞ്ഞു നിലംപറ്റിയിരിക്കുന്നു; ദിവസംമുഴുവനും വിലാപത്താൽ ഞാനുഴലുന്നു. എന്റെ അരക്കെട്ട് ദുസ്സഹവേദനയാൽ നിറഞ്ഞുകത്തുന്നു; എന്റെ ശരീരത്തിനു യാതൊരു സൗഖ്യവുമില്ല. ഞാൻ ബലം ക്ഷയിച്ചു പൂർണമായും തകർന്നിരിക്കുന്നു; ഹൃദയവ്യഥകൊണ്ട് ഞാൻ ഉച്ചത്തിൽ ഞരങ്ങുന്നു. കർത്താവേ, എന്റെ സകല അഭിലാഷങ്ങളും അവിടത്തെ മുമ്പാകെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു; എന്റെ നെടുവീർപ്പ് തിരുമുമ്പിൽ മറഞ്ഞിരിക്കുന്നതുമില്ല. എന്റെ ഹൃദയം നിയന്ത്രണമില്ലാതെ തുടിക്കുന്നു, എന്റെ ശക്തി ചോർന്നൊലിക്കുന്നു; എന്റെ കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ വ്രണംനിമിത്തം എന്റെ സ്നേഹിതരും ചങ്ങാതികളും എന്നെ തിരസ്കരിച്ചിരിക്കുന്നു; എന്റെ അയൽവാസികൾ എന്നിൽനിന്ന് അകലം പാലിക്കുന്നു. എനിക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവർ എനിക്കെതിരേ കെണിവെക്കുന്നു, എന്നെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവർ എന്റെ നാശത്തെപ്പറ്റി ചർച്ചചെയ്യുന്നു; ദിവസംമുഴുവനും അവർ കുതന്ത്രങ്ങൾ മെനയുന്നു. ഒന്നും കേൾക്കാൻ കഴിയാത്ത ബധിരനെപ്പോലെ ഞാൻ ആയിരിക്കുന്നു, സംസാരിക്കാനാകാത്ത മൂകനെപ്പോലെയും അധരങ്ങളിൽ മറുപടിയൊന്നും അവശേഷിച്ചിട്ടില്ലാത്ത ഒരുവനെപ്പോലെയും കേൾക്കാൻ കഴിയാത്ത ബധിരനെപ്പോലെയും ഞാൻ ആയിരിക്കുന്നു യഹോവേ, ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, അവിടന്നെനിക്ക് ഉത്തരമരുളണമേ. “എന്റെ കാൽവഴുതുമ്പോൾ അഹങ്കരിക്കുന്നവരോ ആഹ്ലാദത്തിൽ തിമിർക്കുന്നവരോ ആയിത്തീരാതിരിക്കട്ടെ,” എന്നു ഞാൻ പറഞ്ഞു. കാരണം ഞാൻ വീഴാറായിരിക്കുന്നു, എന്റെ വേദന എപ്പോഴും എന്റെ കൂടെയുണ്ട്. എന്റെ അകൃത്യങ്ങൾ ഞാൻ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ഞാൻ വ്യാകുലപ്പെടുന്നു. എനിക്ക് പ്രബലരായ അനവധി ശത്രുക്കളുണ്ട്; അകാരണമായി എന്നെ വെറുക്കുന്നവരും അസംഖ്യം. ഞാൻ ചെയ്യുന്ന നന്മകൾക്കുപകരം അവരെന്നോട് തിന്മചെയ്യുന്നു ഞാൻ നന്മമാത്രം അന്വേഷിക്കുന്നതിനാൽ, അവർ എനിക്കു വിരോധികളായിരിക്കുന്നു. യഹോവേ, എന്നെ ഉപേക്ഷിക്കരുതേ; എന്റെ ദൈവമേ, എന്നിൽനിന്ന് അകന്നിരിക്കരുതേ. എന്റെ രക്ഷകനായ കർത്താവേ, എന്റെ സഹായത്തിനായി അതിവേഗം വരണമേ. യെദൂഥൂൻ എന്ന സംഗീതസംവിധായകന്.