സങ്കീർത്തനങ്ങൾ 37:7-13

സങ്കീർത്തനങ്ങൾ 37:7-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്ന് അവനായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുത്. കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുത്; അതു ദോഷത്തിനു ഹേതുവാകയേയുള്ളൂ. ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. ദുഷ്ടൻ നീതിമാനു ദോഷം നിരൂപിക്കുന്നു; അവന്റെ നേരേ അവൻ പല്ലു കടിക്കുന്നു. കർത്താവ് അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്ന് അവൻ കാണുന്നു.

സങ്കീർത്തനങ്ങൾ 37:7-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരന്റെ മുമ്പിൽ സ്വസ്ഥനായിരിക്കുക. അവിടുന്നു പ്രവർത്തിക്കാൻവേണ്ടി ക്ഷമയോടെ കാത്തിരിക്കുക. ധനം നേടുന്നവനെക്കുറിച്ചോ ചതി കാട്ടുന്നവനെക്കുറിച്ചോ നീ അസ്വസ്ഥനാകേണ്ടാ. കോപശീലം അരുത്; ക്രോധം ഉപേക്ഷിക്കുക; മനസ്സിളകരുത്. തിന്മയിലേക്കേ അതു നയിക്കൂ. ദുർജനം ഉന്മൂലനം ചെയ്യപ്പെടും; സർവേശ്വരനിൽ ശരണപ്പെടുന്നവർക്കു ദേശം അവകാശമായി ലഭിക്കും. ദുഷ്ടൻ നശിക്കാൻ ഏറെക്കാലം വേണ്ട; അവനെ അവന്റെ സങ്കേതത്തിൽ തിരഞ്ഞാലും കണ്ടെത്തുകയില്ല. എന്നാൽ സൗമ്യശീലനു ദേശം അവകാശമായി ലഭിക്കും ഐശ്വര്യപൂർണതയിൽ അവൻ ആനന്ദിക്കും. ദുഷ്ടൻ നീതിമാനെതിരെ ദ്രോഹാലോചന നടത്തുകയും; അവന്റെ നേരേ പല്ലുകടിക്കുകയും ചെയ്യുന്നു. സർവേശ്വരൻ ദുഷ്ടനെ പരിഹസിക്കുന്നു; അവന്റെ വിനാശം അടുത്തിരിക്കുന്നു എന്ന് അവിടുന്ന് അറിയുന്നു.

സങ്കീർത്തനങ്ങൾ 37:7-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവയുടെ മുമ്പാകെ ക്ഷമയോടെയിരുന്ന് കർത്താവിനായി പ്രത്യാശിക്കുക; സ്വന്ത വഴിയിൽ അഭിവൃദ്ധിപ്പെടുന്നവനെക്കുറിച്ചും ദുരുപായം പ്രയോഗിക്കുന്നവനെക്കുറിച്ചും നീ മുഷിയരുത്. കോപം കളഞ്ഞ് ക്രോധം ഉപേക്ഷിക്കുക; മുഷിഞ്ഞുപോകരുത്; അത് ദോഷത്തിന് കാരണമായിത്തീരും. ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയിൽ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. അല്പം കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടാകുകയില്ല; നീ അവന്‍റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. ദുഷ്ടൻ നീതിമാന് ദോഷം നിരൂപിക്കുന്നു; അവന്‍റെനേരെ അവൻ പല്ല് കടിക്കുന്നു. കർത്താവ് അവനെ നോക്കി ചിരിക്കും; അവന്‍റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു.

സങ്കീർത്തനങ്ങൾ 37:7-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു. കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു. ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. ദുഷ്ടൻ നീതിമാന്നു ദോഷം നിരൂപിക്കുന്നു; അവന്റെ നേരെ അവൻ പല്ലു കടിക്കുന്നു. കർത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു.

സങ്കീർത്തനങ്ങൾ 37:7-13 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയുടെ സന്നിധിയിൽ മൗനമായിരിക്കുക അവിടത്തേക്കായി ക്ഷമാപൂർവം കാത്തിരിക്കുക; അധർമം പ്രവർത്തിക്കുന്നവർ തങ്ങളുടെ വഴികളിൽ മുന്നേറുമ്പോൾ അസ്വസ്ഥരാകേണ്ടതില്ല, അവർ തങ്ങളുടെ കുതന്ത്രങ്ങൾ പ്രാവർത്തികമാക്കുമ്പോഴും. കോപത്തിൽനിന്ന് അകന്നിരിക്കുക ക്രോധത്തിൽനിന്ന് പിന്തിരിയുക; ഉത്കണ്ഠപ്പെടരുത്—അത് അധർമത്തിലേക്കുമാത്രമേ നയിക്കുകയുള്ളൂ. കാരണം ദുഷ്ടർ ഉന്മൂലനംചെയ്യപ്പെടും, എന്നാൽ യഹോവയിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവർ ദേശം അവകാശമാക്കും. ഒരൽപ്പകാലംകൂടി, ദുഷ്ടർ ഇല്ലാതെയാകും; നീ അവരെ അന്വേഷിച്ചാലും അവരെ കണ്ടെത്തുകയില്ല. എന്നാൽ സൗമ്യതയുള്ളവർ ഭൂമി അവകാശമാക്കുകയും സമാധാനം, അഭിവൃദ്ധി എന്നിവ ആസ്വദിക്കുകയും ചെയ്യും. ദുഷ്ടർ നീതിനിഷ്ഠർക്കെതിരേ ഗൂഢാലോചന നടത്തുന്നു അവരുടെനേരേ പല്ലുഞെരിക്കുകയുംചെയ്യുന്നു; എന്നാൽ കർത്താവ് ദുഷ്ടരെ നോക്കി ചിരിക്കുന്നു, അവരുടെ ദിവസം അടുത്തിരിക്കുന്നെന്ന് അവിടത്തേക്കറിയാം.