സങ്കീർത്തനങ്ങൾ 37:3-19

സങ്കീർത്തനങ്ങൾ 37:3-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയിൽ ആശ്രയിച്ചു നന്മ ചെയ്ക; ദേശത്തു പാർത്തു വിശ്വസ്തത ആചരിക്ക. യഹോവയിൽ തന്നെ രസിച്ചുകൊൾക; അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും. നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നെ ആശ്രയിക്ക; അവൻ അതു നിർവഹിക്കും. അവൻ നിന്റെ നീതിയെ പ്രഭാതംപോലെയും നിന്റെ ന്യായത്തെ മധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും. യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്ന് അവനായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുത്. കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുത്; അതു ദോഷത്തിനു ഹേതുവാകയേയുള്ളൂ. ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. ദുഷ്ടൻ നീതിമാനു ദോഷം നിരൂപിക്കുന്നു; അവന്റെ നേരേ അവൻ പല്ലു കടിക്കുന്നു. കർത്താവ് അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്ന് അവൻ കാണുന്നു. എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാർഗികളെ കൊല്ലുവാനും ദുഷ്ടന്മാർ വാളൂരി വില്ലു കുലച്ചിരിക്കുന്നു. അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും; അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. അനേകദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാനുള്ള അല്പം ഏറ്റവും നല്ലത്. ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും; എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും. യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും. ദുഷ്കാലത്ത് അവർ ലജ്ജിച്ചുപോകയില്ല; ക്ഷാമകാലത്ത് അവർ തൃപ്തരായിരിക്കും

സങ്കീർത്തനങ്ങൾ 37:3-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരനിൽ വിശ്വാസമർപ്പിക്കുക നന്മ പ്രവർത്തിക്കുക. അപ്പോൾ നിനക്കു ദേശത്തു സുരക്ഷിതനായി വസിക്കാം. സർവേശ്വരനിൽ ആനന്ദിക്കുക. അവിടുന്നു നിന്റെ ആഗ്രഹങ്ങൾ നിറവേറ്റും. നിന്നെത്തന്നെ സർവേശ്വരനെ ഭരമേല്പിക്കുക; അവിടുന്നു നിനക്കുവേണ്ടി പ്രവർത്തിക്കും. അവിടുന്നു നിന്റെ നീതിയെ പകൽവെളിച്ചം പോലെയും നിന്റെ പരമാർഥതയെ മധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും. സർവേശ്വരന്റെ മുമ്പിൽ സ്വസ്ഥനായിരിക്കുക. അവിടുന്നു പ്രവർത്തിക്കാൻവേണ്ടി ക്ഷമയോടെ കാത്തിരിക്കുക. ധനം നേടുന്നവനെക്കുറിച്ചോ ചതി കാട്ടുന്നവനെക്കുറിച്ചോ നീ അസ്വസ്ഥനാകേണ്ടാ. കോപശീലം അരുത്; ക്രോധം ഉപേക്ഷിക്കുക; മനസ്സിളകരുത്. തിന്മയിലേക്കേ അതു നയിക്കൂ. ദുർജനം ഉന്മൂലനം ചെയ്യപ്പെടും; സർവേശ്വരനിൽ ശരണപ്പെടുന്നവർക്കു ദേശം അവകാശമായി ലഭിക്കും. ദുഷ്ടൻ നശിക്കാൻ ഏറെക്കാലം വേണ്ട; അവനെ അവന്റെ സങ്കേതത്തിൽ തിരഞ്ഞാലും കണ്ടെത്തുകയില്ല. എന്നാൽ സൗമ്യശീലനു ദേശം അവകാശമായി ലഭിക്കും ഐശ്വര്യപൂർണതയിൽ അവൻ ആനന്ദിക്കും. ദുഷ്ടൻ നീതിമാനെതിരെ ദ്രോഹാലോചന നടത്തുകയും; അവന്റെ നേരേ പല്ലുകടിക്കുകയും ചെയ്യുന്നു. സർവേശ്വരൻ ദുഷ്ടനെ പരിഹസിക്കുന്നു; അവന്റെ വിനാശം അടുത്തിരിക്കുന്നു എന്ന് അവിടുന്ന് അറിയുന്നു. എളിയവനെയും ദരിദ്രനെയും നശിപ്പിക്കാനും ധർമനിഷ്ഠരെ വധിക്കാനും; ദുഷ്ടർ വാളൂരുകയും വില്ലു കുലയ്‍ക്കുകയും ചെയ്യുന്നു. അവരുടെ വാളുകൾ അവരുടെ ഹൃദയംതന്നെ ഭേദിക്കും, അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. അനേകം ദുഷ്ടരുടെ സമൃദ്ധിയെക്കാൾ, നീതിമാന്റെ അല്പമാണ് അഭികാമ്യം. ദുഷ്ടരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും; സർവേശ്വരൻ നീതിനിഷ്ഠരെ സംരക്ഷിക്കും. നിഷ്കളങ്കരെ സർവേശ്വരൻ പരിപാലിക്കുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും. അനർഥകാലത്ത് അവർ ലജ്ജിതരാകയില്ല; ക്ഷാമകാലത്ത് അവർക്കു സമൃദ്ധി ഉണ്ടായിരിക്കും.

സങ്കീർത്തനങ്ങൾ 37:3-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവയിൽ ആശ്രയിച്ച് നന്മചെയ്യുക; ദേശത്ത് വസിച്ച് ദൈവത്തോട് വിശ്വസ്തത പാലിക്കുക. യഹോവയിൽ തന്നെ രസിച്ചുകൊള്ളുക; കർത്താവ് നിന്‍റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിനക്കു തരും. നിന്‍റെ വഴി യഹോവയെ ഭരമേല്പിക്കുക; കർത്താവിൽ തന്നെ ആശ്രയിക്കുക; അവിടുന്ന് അത് നിവർത്തിക്കും. കർത്താവ് നിന്‍റെ നീതിയെ പ്രഭാതം പോലെയും നിന്‍റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും. യഹോവയുടെ മുമ്പാകെ ക്ഷമയോടെയിരുന്ന് കർത്താവിനായി പ്രത്യാശിക്കുക; സ്വന്ത വഴിയിൽ അഭിവൃദ്ധിപ്പെടുന്നവനെക്കുറിച്ചും ദുരുപായം പ്രയോഗിക്കുന്നവനെക്കുറിച്ചും നീ മുഷിയരുത്. കോപം കളഞ്ഞ് ക്രോധം ഉപേക്ഷിക്കുക; മുഷിഞ്ഞുപോകരുത്; അത് ദോഷത്തിന് കാരണമായിത്തീരും. ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയിൽ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. അല്പം കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടാകുകയില്ല; നീ അവന്‍റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. ദുഷ്ടൻ നീതിമാന് ദോഷം നിരൂപിക്കുന്നു; അവന്‍റെനേരെ അവൻ പല്ല് കടിക്കുന്നു. കർത്താവ് അവനെ നോക്കി ചിരിക്കും; അവന്‍റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു. എളിയവനെയും ദരിദ്രനെയും വീഴിക്കുവാനും സന്മാർഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാർ വാളൂരി, വില്ല് കുലച്ചിരിക്കുന്നു. അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും; അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാനുള്ള അല്പം ഏറ്റവും നല്ലത്. ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും; എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും. യഹോവ നിഷ്കളങ്കരായവരുടെ നാളുകൾ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും. ദുഷ്ക്കാലത്ത് അവർ ലജ്ജിച്ചു പോകുകയില്ല; ക്ഷാമകാലത്ത് അവർ തൃപ്തരായിരിക്കും.

സങ്കീർത്തനങ്ങൾ 37:3-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക; ദേശത്തു പാർത്തു വിശ്വസ്തത ആചരിക്ക. യഹോവയിൽ തന്നേ രസിച്ചുകൊൾക; അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും. നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും. അവൻ നിന്റെ നീതിയെ പ്രഭാതം പോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും. യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു. കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു. ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. ദുഷ്ടൻ നീതിമാന്നു ദോഷം നിരൂപിക്കുന്നു; അവന്റെ നേരെ അവൻ പല്ലു കടിക്കുന്നു. കർത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു. എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാർഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാർ വാളൂരി വില്ലു കുലെച്ചിരിക്കുന്നു. അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നേ കടക്കും; അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. അനേകദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു. ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും; എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും. യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും. ദുഷ്കാലത്തു അവർ ലജ്ജിച്ചു പോകയില്ല; ക്ഷാമകാലത്തു അവർ തൃപ്തരായിരിക്കും.

സങ്കീർത്തനങ്ങൾ 37:3-19 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയിൽ ആശ്രയിച്ചുകൊണ്ട് നന്മ പ്രവർത്തിക്കുക; എന്നാൽ, സുരക്ഷിതമായ മേച്ചിൽപ്പുറം ആസ്വദിച്ചുകൊണ്ട് ദേശത്തു ജീവിക്കാം. യഹോവയിൽ ആനന്ദിക്കുക, അപ്പോൾ അവിടന്നു നിന്റെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റും. നിന്റെ വഴി യഹോവയെ ഭരമേൽപ്പിക്കുക; യഹോവയിൽത്തന്നെ ആശ്രയിക്കുക, അവിടന്നു നിന്നെ സഹായിക്കും: അവിടന്ന് നിന്റെ നീതിയെ ഉഷസ്സുപോലെ പ്രകാശപൂർണമാക്കും, നിന്റെ കുറ്റവിമുക്തി മധ്യാഹ്നസൂര്യനെപ്പോലെയും. യഹോവയുടെ സന്നിധിയിൽ മൗനമായിരിക്കുക അവിടത്തേക്കായി ക്ഷമാപൂർവം കാത്തിരിക്കുക; അധർമം പ്രവർത്തിക്കുന്നവർ തങ്ങളുടെ വഴികളിൽ മുന്നേറുമ്പോൾ അസ്വസ്ഥരാകേണ്ടതില്ല, അവർ തങ്ങളുടെ കുതന്ത്രങ്ങൾ പ്രാവർത്തികമാക്കുമ്പോഴും. കോപത്തിൽനിന്ന് അകന്നിരിക്കുക ക്രോധത്തിൽനിന്ന് പിന്തിരിയുക; ഉത്കണ്ഠപ്പെടരുത്—അത് അധർമത്തിലേക്കുമാത്രമേ നയിക്കുകയുള്ളൂ. കാരണം ദുഷ്ടർ ഉന്മൂലനംചെയ്യപ്പെടും, എന്നാൽ യഹോവയിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവർ ദേശം അവകാശമാക്കും. ഒരൽപ്പകാലംകൂടി, ദുഷ്ടർ ഇല്ലാതെയാകും; നീ അവരെ അന്വേഷിച്ചാലും അവരെ കണ്ടെത്തുകയില്ല. എന്നാൽ സൗമ്യതയുള്ളവർ ഭൂമി അവകാശമാക്കുകയും സമാധാനം, അഭിവൃദ്ധി എന്നിവ ആസ്വദിക്കുകയും ചെയ്യും. ദുഷ്ടർ നീതിനിഷ്ഠർക്കെതിരേ ഗൂഢാലോചന നടത്തുന്നു അവരുടെനേരേ പല്ലുഞെരിക്കുകയുംചെയ്യുന്നു; എന്നാൽ കർത്താവ് ദുഷ്ടരെ നോക്കി ചിരിക്കുന്നു, അവരുടെ ദിവസം അടുത്തിരിക്കുന്നെന്ന് അവിടത്തേക്കറിയാം. ദുഷ്ടർ വാളെടുക്കുകയും വില്ലുകുലയ്ക്കുകയും ചെയ്യുന്നു, ദരിദ്രരെയും അശരണരെയും നശിപ്പിക്കുന്നതിനും പരമാർഥതയോടെ ജീവിക്കുന്നവരെ വധിക്കുന്നതിനുംതന്നെ. എന്നാൽ അവരുടെ വാൾ അവരുടെ ഹൃദയത്തെത്തന്നെ കുത്തിത്തുളയ്ക്കും, അവരുടെ വില്ലുകൾ തകർന്നുപോകും. ഒട്ടനവധി ദുഷ്ടരുടെ സമൃദ്ധിയെക്കാൾ നീതിനിഷ്ഠരുടെ പക്കലുള്ള അൽപ്പം ഏറെ നല്ലത്; കാരണം ദുഷ്ടരുടെ ശക്തി തകർക്കപ്പെടും, എന്നാൽ യഹോവ നീതിനിഷ്ഠരെ ഉദ്ധരിക്കും. നിഷ്കളങ്കരുടെ ദിനങ്ങൾ യഹോവ അറിയുന്നു, അവരുടെ ഓഹരി ശാശ്വതമായി നിലനിൽക്കും. കഷ്ടകാലത്ത് അവർ വാടിപ്പോകുകയില്ല; ക്ഷാമകാലത്ത് അവർ സമൃദ്ധി അനുഭവിക്കും.