സങ്കീർത്തനങ്ങൾ 35:1-10
സങ്കീർത്തനങ്ങൾ 35:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, എന്നോടു വാദിക്കുന്നവരോടു വാദിക്കേണമേ; എന്നോടു പൊരുതുന്നവരോടു പൊരുതേണമേ. നീ പലകയും പരിചയും പിടിച്ച് എനിക്കു സഹായത്തിനായി എഴുന്നേല്ക്കേണമേ. നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടച്ചുകളയേണമേ; ഞാൻ നിന്റെ രക്ഷയാകുന്നു എന്ന് എന്റെ പ്രാണനോടു പറയേണമേ. എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവർക്കു ലജ്ജയും അപമാനവും വരട്ടെ; എനിക്ക് അനർഥം ചിന്തിക്കുന്നവർ പിന്തിരിഞ്ഞു നാണിച്ചുപോകട്ടെ. അവർ കാറ്റിനു മുമ്പിലെ പതിർപോലെ ആകട്ടെ; യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ. അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ആകട്ടെ; യഹോവയുടെ ദൂതൻ അവരെ പിന്തുടരട്ടെ. കാരണം കൂടാതെ അവർ എനിക്കായി വല ഒളിച്ചുവച്ചു; കാരണം കൂടാതെ അവർ എന്റെ പ്രാണനായി കുഴി കുഴിച്ചിരിക്കുന്നു. അവൻ വിചാരിയാതെ അവന് അപായം ഭവിക്കട്ടെ; അവൻ ഒളിച്ചുവച്ച വലയിൽ അവൻ തന്നെ കുടുങ്ങട്ടെ; അവൻ അപായത്തിൽ അകപ്പെട്ടു പോകട്ടെ. എന്റെ ഉള്ളം യഹോവയിൽ ആനന്ദിക്കും; അവന്റെ രക്ഷയിൽ സന്തോഷിക്കും. യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കൈയിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കൈയിൽനിന്നും നീ രക്ഷിക്കുന്നു എന്ന് എന്റെ അസ്ഥികളൊക്കെയും പറയും.
സങ്കീർത്തനങ്ങൾ 35:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, എന്നെ എതിർക്കുന്നവരെ അവിടുന്ന് എതിർക്കണമേ; എന്നോടു പൊരുതുന്നവരോടു പൊരുതണമേ. കവചവും പരിചയും ധരിച്ച് എന്നെ സഹായിക്കാൻ വരണമേ. എന്നെ പിന്തുടരുന്നവരെ കുന്തംകൊണ്ടു തടയണമേ; ‘ഞാൻ നിന്റെ രക്ഷ’ എന്ന് എനിക്ക് ഉറപ്പു തരണമേ. എന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നവർ; പരാജിതരും ലജ്ജിതരുമായിരിക്കട്ടെ. എനിക്കെതിരെ ദ്രോഹപദ്ധതി ആവിഷ്കരിക്കുന്നവർ; പരിഭ്രാന്തരായി പിന്തിരിയട്ടെ. അവർ കാറ്റിൽ പാറുന്ന പതിരുപോലെയാകട്ടെ; സർവേശ്വരന്റെ ദൂതൻ അവരെ ഓടിക്കട്ടെ. അവരുടെ വഴി ഇരുളടഞ്ഞതും വഴുവഴുപ്പുള്ളതുമാകട്ടെ. സർവേശ്വരന്റെ ദൂതൻ അവരെ പിന്തുടർന്നു ചെല്ലട്ടെ. അകാരണമായി അവർ എനിക്കുവേണ്ടി കെണി ഒരുക്കി; കാരണം കൂടാതെ അവർ എന്നെ പിടിക്കാൻ കുഴി കുഴിച്ചു. നിനച്ചിരിക്കാത്ത സമയത്ത് അവർക്കു വിനാശം ഭവിക്കട്ടെ. അവർ ഒളിച്ചുവച്ച കെണിയിൽ അവർതന്നെ കുടുങ്ങട്ടെ. അവർ അതിൽ വീണു നശിക്കട്ടെ. ഞാൻ സർവേശ്വരനിൽ ആനന്ദിക്കും; അവിടുന്നരുളിയ രക്ഷയിൽ ഉല്ലസിക്കും; ബലഹീനനെ ശക്തനിൽനിന്നും എളിയവനും ദരിദ്രനുമായവനെ മർദകനിൽനിന്നും രക്ഷിക്കുന്ന അവിടുന്ന് അതുല്യൻ എന്നു ഞാൻ സർവാത്മനാ പറയും.
സങ്കീർത്തനങ്ങൾ 35:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവേ, എന്നോട് മത്സരിക്കുന്നവരോട് വാദിക്കേണമേ; എന്നോട് പൊരുതുന്നവരോട് പൊരുതേണമേ. കവചവും പരിചയും ധരിച്ച് എന്‍റെ സഹായത്തിനായി എഴുന്നേല്‍ക്കേണമേ. കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടച്ചുകളയേണമേ; “ഞാൻ നിന്റെ രക്ഷയാകുന്നു” എന്നു എന്റെ പ്രാണനോടു പറയേണമേ. എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർക്കു ലജ്ജയും അപമാനവും വരട്ടെ; എനിക്ക് അനർത്ഥം ചിന്തിക്കുന്നവർ പിന്തിരിഞ്ഞ് ലജ്ജിച്ചുപോകട്ടെ. അവർ കാറ്റത്തെ പതിരുപോലെ ആകട്ടെ; യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ. അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ഉള്ളതാകട്ടെ; യഹോവയുടെ ദൂതൻ അവരെ പിന്തുടരട്ടെ. കാരണംകൂടാതെ അവർ എനിക്കായി വല ഒളിച്ചുവച്ചു; കാരണംകൂടാതെ അവർ എന്റെ പ്രാണനായി കുഴി കുഴിച്ചിരിക്കുന്നു. അവൻ വിചാരിക്കാത്ത സമയത്ത് അവന് അപായം ഭവിക്കട്ടെ; അവൻ ഒളിച്ചുവച്ച വലയിൽ അവൻ തന്നെ കുടുങ്ങട്ടെ; അവൻ അപായത്തിൽ അകപ്പെട്ടുപോകട്ടെ. എന്റെ ഉള്ളം യഹോവയിൽ ആനന്ദിച്ച്, അവിടുത്തെ രക്ഷയിൽ സന്തോഷിക്കും; “യഹോവേ, അങ്ങേക്കു തുല്യൻ ആര്‍? എളിയവനെ തന്നിലും ബലമേറിയവന്റെ കൈയിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കൈയിൽനിന്നും അവിടുന്ന് രക്ഷിക്കുന്നു” എന്നു എന്റെ അസ്ഥികൾ എല്ലാം പറയും.
സങ്കീർത്തനങ്ങൾ 35:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, എന്നോടു വാദിക്കുന്നവരോടു വാദിക്കേണമേ; എന്നോടു പൊരുതുന്നവരോടു പെരുതേണമേ. നീ പലകയും പരിചയും പിടിച്ചു എനിക്കു സഹായത്തിന്നായി എഴുന്നേല്ക്കേണമേ. നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടെച്ചുകളയേണമേ; ഞാൻ നിന്റെ രക്ഷയാകുന്നു എന്നു എന്റെ പ്രാണനോടു പറയേണമേ. എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവർക്കു ലജ്ജയും അപമാനവും വരട്ടെ; എനിക്കു അനർത്ഥം ചിന്തിക്കുന്നവർ പിന്തിരിഞ്ഞു നാണിച്ചു പോകട്ടെ. അവർ കാറ്റിന്നു മുമ്പിലെ പതിർപോലെ ആകട്ടെ; യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ. അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ആകട്ടെ; യഹോവയുടെ ദൂതൻ അവരെ പിന്തുടരട്ടെ. കാരണം കൂടാതെ അവർ എനിക്കായി വല ഒളിച്ചുവെച്ചു; കാരണം കൂടാതെ അവർ എന്റെ പ്രാണന്നായി കുഴി കുഴിച്ചിരിക്കുന്നു. അവൻ വിചാരിയാതെ അവന്നു അപായം ഭവിക്കട്ടെ; അവൻ ഒളിച്ചുവെച്ച വലയിൽ അവൻ തന്നേ കുടുങ്ങട്ടെ; അവൻ അപായത്തിൽ അകപ്പെട്ടുപോകട്ടെ. എന്റെ ഉള്ളം യഹോവയിൽ ആനന്ദിക്കും; അവന്റെ രക്ഷയിൽ സന്തോഷിക്കും; യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കയ്യിൽനിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികൾ ഒക്കെയും പറയും.
സങ്കീർത്തനങ്ങൾ 35:1-10 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, എന്നോട് മത്സരിക്കുന്നവരോട് അങ്ങ് മത്സരിക്കണമേ; എന്നോടു യുദ്ധംചെയ്യുന്നവരോട് അങ്ങ് യുദ്ധംചെയ്യണമേ. പരിചയും പലകയും എടുക്കണമേ; അങ്ങ് എഴുന്നേറ്റ് എന്റെ സഹായത്തിനായി വരണമേ. എന്നെ പിൻതുടരുന്നവർക്കെതിരേ കുന്തവും വേലും വീശണമേ. “അങ്ങാണ് എന്റെ രക്ഷയെന്ന്,” എന്നോട് അരുളിച്ചെയ്യണമേ. എന്റെ ജീവൻ അപായപ്പെടുത്താൻ നോക്കുന്നവർ ലജ്ജിച്ച് അപമാനിതരായിത്തീരട്ടെ; എന്റെ നാശത്തിനായി പദ്ധതിയാവിഷ്കരിക്കുന്നവർ നിരാശരായി പിന്തിരിയട്ടെ. യഹോവയുടെ ദൂതൻ അവരെ തുരത്തിയോടിക്കുന്നതിനാൽ അവർ കാറ്റിൽ പാറിപ്പോകുന്ന പതിരുപോലെയാകട്ടെ. യഹോവയുടെ ദൂതൻ അവരെ പിൻതുടരുന്നതിനാൽ അവരുടെ പാതകൾ അന്ധകാരവും വഴുവഴുപ്പും ഉള്ളതാകട്ടെ. അകാരണമായി അവരെനിക്കു വല വിരിക്കുകയും ഒരു ചതിക്കുഴി കുഴിക്കുകയും ചെയ്യുകയാണല്ലോ, അവർക്കു ശീഘ്രനാശം വന്നുഭവിക്കട്ടെ— അവർ ഒരുക്കിവെച്ച വലയിൽ അവർതന്നെ കുടുങ്ങട്ടെ, അവർ എനിക്കുവേണ്ടി കുഴിച്ച കുഴിയിലേക്ക് അവർതന്നെ നിപതിക്കട്ടെ. അപ്പോൾ എന്റെ പ്രാണൻ യഹോവയിൽ ആനന്ദിക്കട്ടെ അവിടത്തെ രക്ഷയിൽ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ. “യഹോവേ, അങ്ങയെപ്പോലെ ആരുള്ളൂ? എന്ന് എന്റെ എല്ലാ അസ്ഥികളും പ്രസ്താവിക്കും. അവിടന്നു സാധുക്കളെ അവരുടെ ശക്തിക്ക് അതീതരായവരിൽനിന്ന് മോചിപ്പിക്കുന്നു; കൊള്ളചെയ്യുന്നവരുടെ കൈയിൽനിന്ന് എളിയവരെയും ദരിദ്രരെയും.”