സങ്കീർത്തനങ്ങൾ 30:1-12

സങ്കീർത്തനങ്ങൾ 30:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സന്തോഷിപ്പാൻ നീ ഇടയാക്കിയതുമില്ല. എന്റെ ദൈവമായ യഹോവേ; ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു. യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്നു കരേറ്റിയിരിക്കുന്നു; ഞാൻ കുഴിയിൽ ഇറങ്ങിപ്പോകാതിരിക്കേണ്ടതിനു നീ എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു. യഹോവയുടെ വിശുദ്ധന്മാരേ, അവനു സ്തുതിപാടുവിൻ; അവന്റെ വിശുദ്ധനാമത്തിനു സ്തോത്രം ചെയ്‍വിൻ. അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളൂ; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളത്; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു. ഞാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്ന് എന്റെ സുഖകാലത്തു ഞാൻ പറഞ്ഞു. യഹോവേ, നിന്റെ പ്രസാദത്താൽ നീ എന്റെ പർവതത്തെ ഉറച്ചു നില്ക്കുമാറാക്കി; നീ നിന്റെ മുഖത്തെ മറച്ചു, ഞാൻ ഭ്രമിച്ചുപോയി. യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; യഹോവയോടു ഞാൻ യാചിച്ചു. ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ട് എന്തു ലാഭമുള്ളൂ? ധൂളി നിന്നെ സ്തുതിക്കുമോ? അതു നിന്റെ സത്യത്തെ പ്രസ്താവിക്കുമോ? യഹോവേ, കേൾക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കേണമേ. നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു; എന്റെ രട്ടു നീ അഴിച്ച് എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു. ഞാൻ മൗനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിനു തന്നെ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.

സങ്കീർത്തനങ്ങൾ 30:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരാ, ഞാൻ അങ്ങയെ പ്രകീർത്തിക്കും; അവിടുന്ന് എന്നെ രക്ഷിച്ചുവല്ലോ; ശത്രു എന്നെ നിന്ദിക്കാൻ അവിടുന്ന് ഇടയാക്കിയില്ല. എന്റെ ദൈവമായ സർവേശ്വരാ, ഞാൻ സഹായത്തിനായി നിലവിളിച്ചു; അവിടുന്ന് എനിക്കു സൗഖ്യം നല്‌കി. അവിടുന്നെന്റെ പ്രാണനെ മരണത്തിൽനിന്ന് രക്ഷിച്ചിരിക്കുന്നു. മരണഗർത്തത്തിൽ പതിക്കുന്നവരുടെ ഇടയിൽനിന്ന് അവിടുന്നെന്നെ രക്ഷിച്ചു. ഭക്തജനങ്ങളേ, സർവേശ്വരനു സ്തുതിഗീതം പാടുക; അവിടുത്തെ പരിശുദ്ധനാമത്തിനു സ്തോത്രം അർപ്പിക്കുക. അവിടുത്തെ കോപം ക്ഷണനേരത്തേക്കു മാത്രം; അവിടുത്തെ പ്രസാദമോ ആജീവനാന്തമുള്ളത്; രാത്രി മുഴുവൻ കരയേണ്ടിവന്നേക്കാം; എന്നാൽ പ്രഭാതത്തോടെ സന്തോഷം വന്നുചേരുന്നു. ‘ഞാൻ ഒരിക്കലും കുലുങ്ങുകയില്ല’ എന്ന് എന്റെ ഐശ്വര്യകാലത്തു ഞാൻ പറഞ്ഞു. നാഥാ, അവിടുത്തെ പ്രസാദത്താൽ അവിടുന്നെന്നെ, സുശക്തമായ പർവതത്തെപ്പോലെ ഉറപ്പിച്ചുനിർത്തി. അവിടുന്നു മുഖം മറച്ചപ്പോൾ ഞാൻ പരിഭ്രമിച്ചുപോയി. സർവേശ്വരാ, ഞാൻ അങ്ങയോടു നിലവിളിച്ചു; അവിടുത്തെ കരുണയ്‍ക്കായി യാചിച്ചു. ഞാൻ മരണഗർത്തത്തിൽ പതിക്കുന്നതു കൊണ്ട് അങ്ങേക്കെന്തു നേട്ടം? മണ്ണിൽ മറഞ്ഞ മൃതന്മാർ അങ്ങയെ സ്തുതിക്കുമോ? അവിടുത്തെ വിശ്വസ്തതയെ അവർ പ്രഘോഷിക്കുമോ? സർവേശ്വരാ, എന്റെ യാചന കേൾക്കണമേ; എന്നോടു കരുണയുണ്ടാകണമേ; അവിടുന്ന് എനിക്ക് തുണയായിരിക്കണമേ. എന്റെ വിലാപത്തെ അങ്ങ് ആനന്ദനൃത്തമാക്കിത്തീർത്തു; എന്റെ വിലാപവസ്ത്രം മാറ്റി എന്നെ ആമോദം അണിയിച്ചു. അതുകൊണ്ടു ഞാൻ മൗനമായിരിക്കാതെ അങ്ങയെ സ്തുതിക്കും. എന്റെ ദൈവമായ സർവേശ്വരാ, ഞാൻ എന്നും അങ്ങേക്കു സ്തോത്രം അർപ്പിക്കും.

സങ്കീർത്തനങ്ങൾ 30:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവേ, ഞാൻ അങ്ങയെ പുകഴ്ത്തുന്നു; അവിടുന്ന് എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്‍റെ ശത്രുക്കൾ എന്നെക്കുറിച്ച് സന്തോഷിക്കുവാൻ അവിടുന്ന് സന്ദർഭം ഉണ്ടാക്കിയതുമില്ല. എന്‍റെ ദൈവമായ യഹോവേ, അങ്ങേയോട് ഞാൻ നിലവിളിച്ചു; അവിടുന്ന് എന്നെ സൗഖ്യമാക്കുകയും ചെയ്തു. യഹോവേ, അവിടുന്ന് എന്‍റെ പ്രാണനെ പാതാളത്തിൽനിന്ന് കയറ്റിയിരിക്കുന്നു; കുഴിയിൽ ഇറങ്ങി പോകുന്നവരുടെ ഇടയിൽനിന്ന് അവിടുന്ന് എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു. യഹോവയുടെ വിശുദ്ധന്മാരേ, കർത്താവിന് സ്തുതിപാടുവിൻ; അവിടുത്തെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്‌വിൻ. അവിടുത്തെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവിടുത്തെ പ്രസാദമോ ജീവപര്യന്തമുള്ളത്; സന്ധ്യയ്ക്ക് കരച്ചിൽ വന്ന് രാത്രിയിൽ വസിക്കും; ഉഷസ്സിലാകട്ടെ ആനന്ദഘോഷം വരുന്നു. “ഞാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല” എന്നു എന്‍റെ സുരക്ഷിതകാലത്ത് ഞാൻ പറഞ്ഞു. യഹോവേ, അങ്ങേയുടെ പ്രസാദത്താൽ അങ്ങ് എന്നെ പർവ്വതം പോലെ ഉറച്ചു നില്‍ക്കുമാറാക്കി; അവിടുത്തെ മുഖം അങ്ങ് മറച്ചു, ഞാൻ ഭ്രമിച്ചുപോയി. യഹോവേ, ഞാൻ അങ്ങേയോട് നിലവിളിച്ചു; യഹോവയോട് ഞാൻ യാചിച്ചു. ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്‍റെ രക്തംകൊണ്ട് എന്ത് ലാഭമാണുള്ളത്? ധൂളി അങ്ങയെ സ്തുതിക്കുമോ? അത് അങ്ങേയുടെ സത്യം പ്രസ്താവിക്കുമോ? യഹോവേ, കേൾക്കേണമേ; എന്നോട് കരുണയുണ്ടാകേണമേ; യഹോവേ, എന്‍റെ രക്ഷകനായിരിക്കേണമേ. അവിടുന്ന് എന്‍റെ ദുഃഖത്തെ ആനന്ദമാക്കിത്തീർത്തു; അവിടുന്ന് എന്‍റെ ചണവസ്ത്രം അഴിച്ച് എന്നെ സന്തോഷം ധരിപ്പിച്ചിരിക്കുന്നു; ഞാൻ മൗനമായിരിക്കാതെ അങ്ങേക്ക് സ്തുതി പാടേണ്ടതിനു തന്നെ. എന്‍റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും അങ്ങേക്ക് സ്തോത്രം ചെയ്യും.

സങ്കീർത്തനങ്ങൾ 30:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സന്തോഷിപ്പാൻ നീ ഇടയാക്കിയതുമില്ല. എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു. യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്നു കരേറ്റിയിരിക്കുന്നു; ഞാൻ കുഴിയിൽ ഇറങ്ങിപ്പോകാതിരിക്കേണ്ടതിന്നു നീ എനിക്കു ജീവരക്ഷ വരുത്തിയിരിക്കുന്നു. യഹോവയുടെ വിശുദ്ധന്മാരേ, അവന്നു സ്തുതിപാടുവിൻ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‌വിൻ. അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു. ഞാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്നു എന്റെ സുഖകാലത്തു ഞാൻ പറഞ്ഞു. യഹോവേ, നിന്റെ പ്രസാദത്താൽ നീ എന്റെ പർവ്വതത്തെ ഉറെച്ചു നില്ക്കുമാറാക്കി; നീ നിന്റെ മുഖത്തെ മറെച്ചു, ഞാൻ ഭ്രമിച്ചുപോയി. യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; യഹോവയോടു ഞാൻ യാചിച്ചു. ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ടു എന്തു ലാഭമുള്ളു? ധൂളി നിന്നെ സ്തുതിക്കുമോ? അതു നിന്റെ സത്യത്തെ പ്രസ്താവിക്കുമോ? യഹോവേ, കേൾക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കേണമേ. നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു; എന്റെ രട്ടു നീ അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു. ഞാൻ മൗനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിന്നു തന്നേ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.

സങ്കീർത്തനങ്ങൾ 30:1-12 സമകാലിക മലയാളവിവർത്തനം (MCV)

യഹോവേ, ഞാൻ അങ്ങയെ പുകഴ്ത്തും, ആഴത്തിൽനിന്ന് അവിടന്ന് എന്നെ ഉദ്ധരിച്ചിരിക്കുന്നു എന്റെ ശത്രുക്കൾ എന്റെമേൽ വിജയം ഘോഷിക്കാൻ അങ്ങ് അനുവദിച്ചില്ല. എന്റെ ദൈവമായ യഹോവേ, സഹായത്തിനായി ഞാൻ വിളിച്ചപേക്ഷിച്ചു, അങ്ങ് എന്നെ സൗഖ്യമാക്കി. യഹോവേ, പാതാളത്തിൽനിന്ന് അവിടന്ന് എന്നെ കരകയറ്റിയിരിക്കുന്നു; കുഴിയിൽ ഇറങ്ങാതവണ്ണം അവിടന്നെന്റെ ജീവൻ കാത്തുപാലിച്ചിരിക്കുന്നു. യഹോവയുടെ വിശ്വസ്തരേ, അവിടത്തേക്ക് സ്തുതിപാടുക; അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക. കാരണം അവിടത്തെ കോപം ക്ഷണനേരത്തേക്കുമാത്രം, എന്നാൽ അവിടത്തെ പ്രസാദം ആജീവനാന്തം നിലനിൽക്കും; വിലാപം ഒരു രാത്രിമാത്രം നിലനിൽക്കുന്നു, എന്നാൽ പ്രഭാതത്തിൽ ആനന്ദഘോഷം വരവായി. എന്റെ ക്ഷേമകാലത്ത് ഞാൻ പറഞ്ഞു, “ഞാൻ ഒരുനാളും കുലുങ്ങുകയില്ല.” യഹോവേ, അവിടത്തെ പ്രസാദത്താൽ അങ്ങ് എന്നെ പർവതംപോലെ ഉറപ്പിച്ചുനിർത്തി; എന്നാൽ അവിടന്ന് തിരുമുഖം മറയ്ക്കുമ്പോൾ, ഞാൻ പരിഭ്രമിച്ചുപോകുന്നു. യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചു; കരുണയ്ക്കായി ഞാൻ കർത്താവിനോട് നിലവിളിച്ചു: “എന്റെ രക്തം ചൊരിയുന്നതിൽ എന്തുലാഭം ഞാൻ ശവക്കുഴിയിലേക്ക് ഇറങ്ങിപ്പോകുന്നതുകൊണ്ട്, എന്തു പ്രയോജനം? ധൂളി അങ്ങയെ സ്തുതിക്കുമോ? അത് അവിടത്തെ വിശ്വസ്തതയെ ഘോഷിക്കുമോ? യഹോവേ, കേൾക്കണമേ, എന്നോട് കരുണയുണ്ടാകണമേ; യഹോവേ, എന്നെ സഹായിക്കണമേ.” അവിടന്ന് എന്റെ വിലാപത്തെ നൃത്തമാക്കിത്തീർത്തു; അവിടന്ന് എന്റെ ചാക്കുശീലമാറ്റി ആനന്ദവസ്ത്രം അണിയിച്ചിരിക്കുന്നു, എന്റെ ഹൃദയം മൗനമായിരിക്കാതെ ഞാൻ അങ്ങേക്ക് സ്തുതി പാടേണ്ടതിനുതന്നെ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നുമെന്നും അങ്ങയെ വാഴ്ത്തും. സംഗീതസംവിധായകന്.