സങ്കീർത്തനങ്ങൾ 27:1-4
സങ്കീർത്തനങ്ങൾ 27:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കർമികൾ എന്റെ മാംസം തിന്നുവാൻ എന്നോട് അടുക്കുമ്പോൾ ഇടറിവീഴും. ഒരു സൈന്യം എന്റെ നേരേ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും. ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാൺമാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിനു തന്നെ.
സങ്കീർത്തനങ്ങൾ 27:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ എന്റെ പ്രകാശവും എന്റെ രക്ഷയും ആകുന്നു. ഞാൻ ആരെ ഭയപ്പെടണം? അവിടുന്ന് എന്റെ ആധാരം; ഞാൻ ആരെ പേടിക്കണം? ദുഷ്കർമികളായ ശത്രുക്കൾ എന്നെ വിഴുങ്ങാൻ ഭാവിക്കുമ്പോൾ ഇടറിവീഴും. ഒരു സൈന്യം എനിക്കെതിരെ പാളയമടിച്ചാലും ഞാൻ ഭയപ്പെടുകയില്ല; എനിക്കെതിരെ യുദ്ധം പൊട്ടിപ്പുറപ്പെട്ടാലും ഞാൻ നിർഭയനായിരിക്കും. സർവേശ്വരനോടു ഞാൻ ഒരു കാര്യം അപേക്ഷിച്ചു; അതു മാത്രമാണ് എന്റെ ഹൃദയാഭിലാഷം. അങ്ങയുടെ മനോഹരത്വം ദർശിച്ചും അവിടുത്തെ ഹിതം അറിഞ്ഞും തിരുമന്ദിരത്തിൽ നിത്യം പാർക്കാൻ, അടിയനെ അനുവദിച്ചാലും.
സങ്കീർത്തനങ്ങൾ 27:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്ടത പ്രവർത്തിക്കുന്നവർ എന്‍റെ മാംസം തിന്നുവാൻ എന്നോട് അടുക്കുമ്പോൾ ഇടറിവീഴും. ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്ക് യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും. ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു; അത് തന്നെ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ സൗന്ദര്യം കാണുവാനും അവിടുത്തെ മന്ദിരത്തിൽ ധ്യാനിക്കുവാനും എന്‍റെ ആയുഷ്കാലമെല്ലാം ഞാൻ യഹോവയുടെ ആലയത്തിൽ വസിക്കേണ്ടതിനു തന്നെ.
സങ്കീർത്തനങ്ങൾ 27:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കർമ്മികൾ എന്റെ മാംസം തിന്നുവാൻ എന്നോടു അടുക്കുമ്പോൾ ഇടറിവീഴും. ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും. ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ.
സങ്കീർത്തനങ്ങൾ 27:1-4 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ എന്റെ പ്രകാശവും എന്റെ രക്ഷയും ആകുന്നു— ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ അഭയസ്ഥാനം— ഞാൻ ആരെ പേടിക്കും? എന്നെ വിഴുങ്ങുന്നതിനായി ദുഷ്ടർ എനിക്കെതിരേ പാഞ്ഞടുക്കുമ്പോൾ, എന്റെ ശത്രുക്കളും വിരോധികളും എന്നെ ആക്രമിക്കുമ്പോൾ അവരാണ് കാലിടറി നിലംപൊത്തുന്നത്! ഒരു സൈന്യം എനിക്കെതിരേ ഉപരോധം തീർക്കുമ്പോൾ എന്റെ ഹൃദയം ഭയരഹിതമായിരിക്കും, എനിക്കെതിരേ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാലും ഞാൻ ചഞ്ചലചിത്തനാകുകയില്ല. യഹോവയോട് ഞാൻ ഒരു കാര്യം അപേക്ഷിക്കുന്നു; ഇതുതന്നെയാണെന്റെ ആഗ്രഹവും: യഹോവയുടെ മനോഹാരിത ദർശിക്കുന്നതിനും അവിടത്തെ ആലയത്തിൽ ധ്യാനിക്കുന്നതിനുമായി എന്റെ ജീവിതകാലംമുഴുവൻ യഹോവയുടെ ആലയത്തിൽ അധിവസിക്കുന്നതിനുതന്നെ.