സങ്കീർത്തനങ്ങൾ 26:6-12
സങ്കീർത്തനങ്ങൾ 26:6-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും നിന്റെ അദ്ഭുതപ്രവൃത്തികളൊക്കെയും വർണിക്കേണ്ടതിനും ഞാൻ കുറ്റമില്ലായ്മയിൽ എന്റെ കൈകളെ കഴുകുന്നു; യഹോവേ, ഞാൻ നിന്റെ യാഗപീഠത്തെ വലംവയ്ക്കുന്നു. യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്ത്വത്തിന്റെ നിവാസവും എനിക്കു പ്രിയമാകുന്നു. പാപികളോടുകൂടെ എന്റെ പ്രാണനെയും രക്തപാതകന്മാരോടുകൂടെ എന്റെ ജീവനെയും സംഹരിച്ചുകളയരുതേ. അവരുടെ കൈകളിൽ ദുഷ്കർമം ഉണ്ട്; അവരുടെ വലംകൈ കോഴ നിറഞ്ഞിരിക്കുന്നു. ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും; എന്നെ വീണ്ടെടുത്ത് എന്നോടു കൃപ ചെയ്യേണമേ. എന്റെ കാലടി സമനിലത്തു നില്ക്കുന്നു; സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.
സങ്കീർത്തനങ്ങൾ 26:6-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ എന്റെ നിഷ്കളങ്കതയിൽ കൈകൾ കഴുകി; അങ്ങയുടെ യാഗപീഠത്തെ ഞാൻ പ്രദക്ഷിണം ചെയ്യുന്നു. ഞാൻ ഉച്ചത്തിൽ സ്തോത്രഗീതം ആലപിക്കുന്നു. അവിടുത്തെ അദ്ഭുതപ്രവൃത്തികളെ പ്രകീർത്തിക്കുന്നു. സർവേശ്വരാ, അങ്ങു നിവസിക്കുന്ന ആലയത്തെ അവിടുത്തെ മഹത്ത്വം കുടികൊള്ളുന്ന സ്ഥലത്തെ ഞാൻ സ്നേഹിക്കുന്നു. പാപികളോടും രക്തദാഹികളോടുമൊപ്പം എന്നെ തൂത്തെറിയരുതേ. അവരുടെ കൈകൾ ദുഷ്കർമം ചെയ്യാൻ എപ്പോഴും ഒരുക്കമാണ്; അവരുടെ വലങ്കൈ കോഴകൊണ്ടു നിറഞ്ഞിരിക്കുന്നു. എന്നാൽ ഞാൻ നിഷ്കളങ്കനായി ജീവിക്കും. എന്നോടു കൃപയുണ്ടായി എന്നെ രക്ഷിക്കണമേ. സുരക്ഷിതമായ സ്ഥലത്തു ഞാൻ നില്‌ക്കുന്നു; മഹാസഭയിൽ ഞാൻ സർവേശ്വരനെ വാഴ്ത്തും.
സങ്കീർത്തനങ്ങൾ 26:6-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും നിന്‍റെ അത്ഭുതപ്രവൃത്തികളെ വർണ്ണിക്കേണ്ടതിനും ഞാൻ നിഷ്ക്കളങ്കതയിൽ എന്‍റെ കൈകൾ കഴുകുന്നു; യഹോവേ, ഞാൻ അങ്ങേയുടെ യാഗപീഠം വലംവയ്ക്കുന്നു. യഹോവേ, അങ്ങേയുടെ ആലയമായ വാസസ്ഥലവും അങ്ങേയുടെ മഹത്വത്തിന്‍റെ നിവാസവും എനിക്ക് പ്രിയമാകുന്നു. പാപികളോടുകൂടി എന്‍റെ പ്രാണനെയും രക്തദാഹികളോടുകൂടി എന്‍റെ ജീവനെയും സംഹരിച്ചുകളയരുതേ. അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ട്; അവരുടെ വലങ്കൈ കോഴ വാങ്ങാൻ ഒരുങ്ങിയിരിക്കുന്നു. ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും; എന്നെ വീണ്ടെടുത്ത് എന്നോട് കൃപ ചെയ്യേണമേ. എന്റെ കാലടി സമഭൂമിയിൽ നില്ക്കുന്നു; സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.
സങ്കീർത്തനങ്ങൾ 26:6-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിന്നും നിന്റെ അത്ഭുതപ്രവൃത്തികളൊക്കെയും വർണ്ണിക്കേണ്ടതിന്നും ഞാൻ കുറ്റമില്ലായ്മയിൽ എന്റെ കൈകളെ കഴുകുന്നു; യഹോവേ, ഞാൻ നിന്റെ യാഗപീഠത്തെ വലംവെക്കുന്നു. യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്കു പ്രിയമാകുന്നു. പാപികളോടുകൂടെ എന്റെ പ്രാണനെയും രക്തപാതകന്മാരോടുകൂടെ എന്റെ ജീവനെയും സംഹരിച്ചുകളയരുതേ. അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ടു; അവരുടെ വലങ്കൈ കോഴ നിറഞ്ഞിരിക്കുന്നു. ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും; എന്നെ വീണ്ടെടുത്തു എന്നോടു കൃപ ചെയ്യേണമേ. എന്റെ കാലടി സമനിലത്തു നില്ക്കുന്നു; സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.
സങ്കീർത്തനങ്ങൾ 26:6-12 സമകാലിക മലയാളവിവർത്തനം (MCV)
നിഷ്കളങ്കതയിൽ ഞാൻ എന്റെ കൈകൾ കഴുകുന്നു, യഹോവേ, അങ്ങയുടെ യാഗപീഠത്തെ ഞാൻ വലയംവെക്കുന്നു, അങ്ങയുടെ സ്തുതി ഞാൻ ഉച്ചത്തിൽ ഉദ്ഘോഷിക്കുകയും അവിടത്തെ അത്ഭുതപ്രവൃത്തികളെല്ലാം വർണിക്കുകയും ചെയ്യുന്നു. യഹോവേ, അങ്ങ് അധിവസിക്കുന്ന ആലയവും അവിടത്തെ മഹത്ത്വത്തിന്റെ നിവാസസ്ഥാനവും ഞാൻ ഇഷ്ടപ്പെടുന്നു. പാപികളോടൊപ്പം എന്റെ പ്രാണനെയും രക്തദാഹികളോടൊപ്പം എന്റെ ജീവനെയും എടുത്തുകളയരുതേ, അവരുടെപക്കൽ കുതന്ത്രങ്ങളുണ്ട്, അവരുടെ വലതുകരം കോഴകൊണ്ട് നിറഞ്ഞിരിക്കുന്നു. എന്നാൽ ഞാൻ സത്യസന്ധമായ ഒരു ജീവിതം പിൻതുടരുന്നു; എന്നെ വീണ്ടെടുക്കണമേ, എന്നോട് കരുണയുണ്ടാകണമേ. എന്റെ പാദങ്ങൾ സമനിലത്ത് ഉറച്ചുനിൽക്കുന്നു; മഹാസഭയിൽ ഞാൻ യഹോവയെ വാഴ്ത്തും.