സങ്കീർത്തനങ്ങൾ 2:7-12

സങ്കീർത്തനങ്ങൾ 2:7-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ ഒരു നിർണയം പ്രസ്താവിക്കുന്നു: യഹോവ എന്നോട് അരുളിച്ചെയ്തത്, നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും; ഇരുമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും. ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ. ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ. അവൻ കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.

സങ്കീർത്തനങ്ങൾ 2:7-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരന്റെ വിളംബരം ഞാൻ അറിയിക്കുന്നു: ‘നീ എന്റെ പുത്രൻ, ഇന്നു ഞാൻ നിനക്കു ജന്മമേകി; എന്നോടു ചോദിച്ചുകൊള്ളൂ; ജനതകളെ ഞാൻ നിനക്ക് അവകാശമായി തരും.’ ഭൂലോകമെല്ലാം നിനക്കധീനമാകും. ഇരുമ്പുദണ്ഡുകൊണ്ടു നീ അവരെ തകർക്കും, മൺകുടംപോലെ അവരെ നീ ഉടയ്‍ക്കും, രാജാക്കന്മാരേ, വിവേകം ഗ്രഹിക്കുവിൻ, ഭൂപതികളേ, ഈ മുന്നറിയിപ്പു ശ്രദ്ധിക്കുവിൻ. ഭയാദരങ്ങളോടെ സർവേശ്വരനെ സേവിക്കുവിൻ, വിറപൂണ്ട് അവിടുത്തെ നമസ്കരിക്കുവിൻ. അല്ലെങ്കിൽ അവിടുത്തെ കോപം ക്ഷണത്തിൽ നിങ്ങളെ ദഹിപ്പിക്കും. അവിടുത്തെ ക്രോധം ജ്വലിക്കുന്ന അഗ്നിയാണല്ലോ. സർവേശ്വരനിൽ അഭയം തേടുന്നവർ ധന്യർ.

സങ്കീർത്തനങ്ങൾ 2:7-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; യഹോവ എന്നോട് അരുളിച്ചെയ്തത്: “നീ എന്‍റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. എന്നോട് ചോദിച്ചുകൊള്ളുക; ഞാൻ നിനക്കു ജനതകളെ അവകാശമായും ഭൂമിയുടെ അറുതികളെ കൈവശമായും തരും; ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; കുശവന്‍റെ പാത്രംപോലെ അവരെ ഉടയ്ക്കും.” ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്ളുവിൻ. ഭയത്തോടെ യഹോവയെ സേവിക്കുവിൻ; വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ. ദൈവം കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു നശിക്കാതിരിക്കുവാൻ ദൈവപുത്രനെ ചുംബിക്കുവിൻ. ദൈവത്തിന്‍റെ കോപം ക്ഷണനേരത്തേക്കേ ഉള്ളൂ. ദൈവത്തെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ.

സങ്കീർത്തനങ്ങൾ 2:7-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും; ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും. ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ. ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ. അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.

സങ്കീർത്തനങ്ങൾ 2:7-12 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയുടെ ഉത്തരവുകൾ ഞാൻ പുറപ്പെടുവിക്കുന്നു: അവിടന്ന് എന്നോട് കൽപ്പിച്ചു, “നീ എന്റെ പുത്രനാകുന്നു; ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു. എന്നോടു ചോദിച്ചുകൊള്ളുക, ഞാൻ രാഷ്ട്രങ്ങൾ നിനക്കു പൈതൃകാവകാശമായും ഭൂമിയുടെ അതിരുകൾ നിനക്ക് അധീനമായും നൽകും. ഇരുമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; കളിമൺ പാത്രക്കഷണങ്ങൾപോലെ നീ അവരെ ഛിന്നഭിന്നമാക്കും.” അതുകൊണ്ട് രാജാക്കന്മാരേ, വിവേകികളാകുക; ഭൂമിയിലെ ഭരണാധിപരേ, ബുദ്ധിപഠിക്കുക. ഭയഭക്തിയോടെ യഹോവയെ സേവിക്കുകയും വിറയലോടെ ആനന്ദിക്കുകയും ചെയ്യുക. അവിടന്നു കോപാകുലനായി, മാർഗമധ്യേ നിങ്ങൾ നശിച്ചുപോകാതിരിക്കാൻ പുത്രനെ ചുംബിക്കുക, കാരണം അവിടത്തെ ക്രോധം ക്ഷണത്തിൽ ജ്വലിക്കും അവിടത്തെ സന്നിധിയിൽ അഭയംപ്രാപിക്കുന്നവരെല്ലാം അനുഗൃഹീതർ.