സങ്കീർത്തനങ്ങൾ 17:1-7

സങ്കീർത്തനങ്ങൾ 17:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവേ, ന്യായത്തെ കേൾക്കേണമേ, എന്റെ നിലവിളിയെ ശ്രദ്ധിക്കേണമേ. കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്റെ പ്രാർഥനയെ ചെവിക്കൊള്ളേണമേ. എനിക്കുള്ള വിധി നിന്റെ സന്നിധിയിൽ നിന്നു പുറപ്പെടട്ടെ; നിന്റെ കണ്ണ് നേർ കാണുമാറാകട്ടെ. നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയിൽ എന്നെ സന്ദർശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശ്യമൊന്നും കണ്ടെത്തുന്നില്ല; എന്റെ വായ് ലംഘനം ചെയ്കയില്ല എന്ന് ഞാൻ ഉറച്ചിരിക്കുന്നു. മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ട് ഞാൻ നിന്റെ അധരങ്ങളുടെ വചനത്താൽ നിഷ്ഠുരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു. എന്റെ നടപ്പ് നിന്റെ ചുവടുകളിൽ തന്നെ ആയിരുന്നു; എന്റെ കാൽ വഴുതിയതുമില്ല. ദൈവമേ, ഞാൻ നിന്നോട് അപേക്ഷിച്ചിരിക്കുന്നു; നീ എനിക്കുത്തരമരുളുമല്ലോ; നിന്റെ ചെവി എങ്കലേക്കു ചായിച്ച് എന്റെ അപേക്ഷ കേൾക്കേണമേ. നിന്നെ ശരണമാക്കുന്നവരെ അവരോട് എതിർക്കുന്നവരുടെ കൈയിൽനിന്നു നിന്റെ വലംകൈയാൽ രക്ഷിക്കുന്നവനായുള്ളോവേ, നിന്റെ അദ്ഭുതകാരുണ്യം കാണിക്കേണമേ.

സങ്കീർത്തനങ്ങൾ 17:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പരമനാഥാ, നീതിക്കുവേണ്ടിയുള്ള എന്റെ യാചന കേൾക്കണമേ, എന്റെ നിലവിളി ശ്രദ്ധിക്കണമേ. എന്റെ നിഷ്കപടമായ പ്രാർഥന കേൾക്കണമേ. എന്നെ നിരപരാധിയായി പ്രഖ്യാപിക്കണമേ, അവിടുന്നു ന്യായം കാണണമേ. എന്റെ ഹൃദയം പരിശോധിക്കുകയും രാത്രിയിൽ എന്നെ സന്ദർശിക്കുകയും എന്നെ പരീക്ഷിക്കുകയും ചെയ്താൽ അവിടുന്ന് എന്നിൽ തിന്മയൊന്നും കണ്ടെത്തുകയില്ല. ഞാൻ അധരങ്ങൾകൊണ്ടു പാപം ചെയ്തില്ല. മറ്റുള്ളവരെപ്പോലെ ഞാൻ തിന്മ പ്രവർത്തിച്ചില്ല. അക്രമികളുടെ പാത ഞാൻ പിന്തുടർന്നില്ല. അവിടുത്തെ കല്പന ഞാൻ അനുസരിച്ചു. അവിടുത്തെ വഴികളിലൂടെ ഞാൻ നടന്നു, അതിൽനിന്ന് എന്റെ കാൽ വഴുതിയില്ല. ദൈവമേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, അവിടുന്ന് എനിക്കുത്തരമരുളുമല്ലോ, അവിടുന്ന് എങ്കലേക്കു തിരിഞ്ഞ് എന്റെ അപേക്ഷ കേൾക്കണമേ. അങ്ങയിൽ അഭയം പ്രാപിക്കുന്നവരെ വലങ്കൈ നീട്ടി, ശത്രുക്കളിൽനിന്നു രക്ഷിക്കുന്ന നാഥാ, അവിടുത്തെ മഹത്തായ സ്നേഹം കാട്ടിയാലും.

സങ്കീർത്തനങ്ങൾ 17:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവേ, എന്‍റെ ന്യായമായ കാര്യം കേൾക്കേണമേ, എന്‍റെ നിലവിളി ശ്രദ്ധിക്കേണമേ. കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്‍റെ പ്രാർത്ഥന ചെവിക്കൊള്ളേണമേ. എനിക്കുള്ള ന്യായമായ വിധി തിരുസന്നിധിയിൽനിന്ന് പുറപ്പെടട്ടെ; അങ്ങേയുടെ കണ്ണുകൾ നേരായ കാര്യങ്ങൾ കാണുമാറാകട്ടെ. അവിടുന്ന് എന്‍റെ ഹൃദയം പരിശോധിച്ചു; രാത്രിയിൽ എന്നെ സന്ദർശിച്ചു; എന്നെ പരീക്ഷിച്ചാൽ ദുരുദ്ദേശമൊന്നും കണ്ടെത്തുകയില്ല; എന്‍റെ അധരങ്ങൾ കൊണ്ടു ലംഘനം ചെയ്യുകയില്ല എന്നു ഞാൻ ഉറച്ചിരിക്കുന്നു. മനുഷ്യരുടെ പ്രവൃത്തികൾ കണ്ടിട്ട് ഞാൻ അങ്ങേയുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വചനത്താൽ നിഷ്ഠൂരന്‍റെ പാതകളെ വിട്ടൊഴിഞ്ഞിരിക്കുന്നു. എന്‍റെ നടപ്പ് അങ്ങേയുടെ ചുവടുകളിൽ തന്നെ ആയിരുന്നു; എന്‍റെ കാൽ വഴുതിയതുമില്ല. ദൈവമേ, ഞാൻ അങ്ങേയോട് അപേക്ഷിച്ചിരിക്കുന്നു; അവിടുന്ന് എനിക്ക് ഉത്തരമരുളുമല്ലോ; ചെവി എങ്കലേക്ക് ചായിച്ചു എന്‍റെ അപേക്ഷ കേൾക്കേണമേ. അങ്ങയെ ശരണമാക്കുന്നവരെ അവരോട് എതിർക്കുന്നവരുടെ കയ്യിൽനിന്ന് വലങ്കയ്യാൽ രക്ഷിക്കുന്ന യഹോവേ, അങ്ങേയുടെ അത്ഭുതകാരുണ്യം കാണിക്കേണമേ.

സങ്കീർത്തനങ്ങൾ 17:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവേ, ന്യായത്തെ കേൾക്കേണമേ, എന്റെ നിലവിളിയെ ശ്രദ്ധിക്കേണമേ. കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്റെ പ്രാർത്ഥനയെ ചെവിക്കൊള്ളേണമേ. എനിക്കുള്ള വിധി നിന്റെ സന്നിധിയിൽ നിന്നു പുറപ്പെടട്ടെ; നിന്റെ കണ്ണു നേർ കാണുമാറാകട്ടെ. നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയിൽ എന്നെ സന്ദർശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല; എന്റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു. മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ടു ഞാൻ നിന്റെ അധരങ്ങളുടെ വചനത്താൽ നിഷ്ഠൂരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു. എന്റെ നടപ്പു നിന്റെ ചുവടുകളിൽ തന്നേ ആയിരുന്നു; എന്റെ കാൽ വഴുതിയതുമില്ല. ദൈവമേ, ഞാൻ നിന്നോടു അപേക്ഷിച്ചിരിക്കുന്നു; നീ എനിക്കുത്തരമരുളുമല്ലോ; നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്റെ അപേക്ഷ കേൾക്കേണമേ. നിന്നെ ശരണമാക്കുന്നവരെ അവരോടു എതിർക്കുന്നവരുടെ കയ്യിൽനിന്നു നിന്റെ വലങ്കയ്യാൽ രക്ഷിക്കുന്നവനായുള്ളോവേ, നിന്റെ അത്ഭുതകാരുണ്യം കാണിക്കേണമേ.

സങ്കീർത്തനങ്ങൾ 17:1-7 സമകാലിക മലയാളവിവർത്തനം (MCV)

യഹോവേ, എന്റെ നിലവിളി ശ്രദ്ധിക്കണമേ; നീതിക്കായുള്ള എന്റെ അപേക്ഷ കേൾക്കണമേ— കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്റെ പ്രാർഥന ചെവിക്കൊള്ളണമേ. എന്റെ കുറ്റവിമുക്തി അവിടത്തെ സന്നിധിയിൽനിന്നായിരിക്കട്ടെ; അവിടത്തെ കണ്ണുകൾ നീതിയായവ ദർശിക്കട്ടെ. അവിടന്ന് എന്റെ ഹൃദയം പരിശോധിച്ചു, അവിടന്ന് എന്നെ രാത്രിയിൽ സന്ദർശിച്ച് പരീക്ഷിച്ചു, അവിടന്ന് എന്നിലൊരു കുറവും കണ്ടെത്തുകയില്ല; എന്റെ അധരം പാപംചെയ്യുകയില്ലെന്നു ഞാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. മനുഷ്യർ എന്നെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു, എന്നാൽ തിരുവായിൽനിന്നുള്ള കൽപ്പനകളാൽ, അക്രമികളുടെ വഴിയിൽനിന്ന് ഞാൻ എന്നെത്തന്നെ സൂക്ഷിച്ചിരിക്കുന്നു. എന്റെ കാലടികൾ അങ്ങയുടെ പാതയിൽ ഉറച്ചുനിന്നു; എന്റെ കാൽപ്പാദങ്ങൾ വഴുതിയതുമില്ല. എന്റെ ദൈവമേ, ഞാൻ അങ്ങയോടു വിളിച്ചപേക്ഷിക്കുന്നു; എന്റെനേർക്കു ചെവിചായ്ച്ച്, എന്റെ പ്രാർഥന കേൾക്കണമേ. അവിടത്തെ അചഞ്ചലസ്നേഹത്തിന്റെ അത്ഭുതം എനിക്ക് വെളിപ്പെടുത്തണമേ, അങ്ങയിൽ അഭയംതേടുന്നവരെ അവിടത്തെ വലങ്കൈയാൽ ശത്രുക്കളിൽനിന്ന് രക്ഷിക്കണമേ.