സങ്കീർത്തനങ്ങൾ 149:1-5
സങ്കീർത്തനങ്ങൾ 149:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയെ സ്തുതിപ്പിൻ; യഹോവയ്ക്കു പുതിയൊരു പാട്ടും ഭക്തന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ. യിസ്രായേൽ തന്നെ ഉണ്ടാക്കിയവനിൽ സന്തോഷിക്കട്ടെ; സീയോന്റെ മക്കൾ തങ്ങളുടെ രാജാവിൽ ആനന്ദിക്കട്ടെ. അവർ നൃത്തം ചെയ്തുകൊണ്ട് അവന്റെ നാമത്തെ സ്തുതിക്കട്ടെ; തപ്പിനോടും കിന്നരത്തോടുംകൂടെ അവനു കീർത്തനം ചെയ്യട്ടെ. യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ അവൻ രക്ഷകൊണ്ട് അലങ്കരിക്കും. ഭക്തന്മാർ മഹത്ത്വത്തിൽ ആനന്ദിക്കട്ടെ; അവർ തങ്ങളുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ.
സങ്കീർത്തനങ്ങൾ 149:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനെ സ്തുതിക്കുവിൻ, സർവേശ്വരന് ഒരു പുതിയ പാട്ടു പാടുവിൻ. ഭക്തന്മാരുടെ സഭയിൽ അവിടുത്തെ പ്രകീർത്തിക്കുവിൻ. ഇസ്രായേൽ തങ്ങളുടെ സ്രഷ്ടാവിൽ സന്തോഷിക്കട്ടെ. സീയോൻനിവാസികൾ തങ്ങളുടെ രാജാവിൽ ആനന്ദിക്കട്ടെ. അവർ നൃത്തം ചെയ്തുകൊണ്ടു തിരുനാമത്തെ സ്തുതിക്കട്ടെ. തപ്പു കൊട്ടിയും കിന്നരം മീട്ടിയും അവർ അവിടുത്തെ പ്രകീർത്തിക്കട്ടെ. സർവേശ്വരൻ തന്റെ ജനത്തിൽ പ്രസാദിക്കുന്നു എളിയവരെ അവിടുന്നു വിജയം അണിയിക്കുന്നു. ഭക്തന്മാർ തങ്ങളുടെ വിജയത്തിൽ ആഹ്ലാദിക്കട്ടെ. അവർ തങ്ങളുടെ ശയ്യകളിൽ ആനന്ദംകൊണ്ടു പാടട്ടെ.
സങ്കീർത്തനങ്ങൾ 149:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയെ സ്തുതിക്കുവിൻ; യഹോവയ്ക്ക് ഒരു പുതിയ പാട്ടും ഭക്തന്മാരുടെ സഭയിൽ കർത്താവിന്‍റെ സ്തുതിയും പാടുവിൻ. യിസ്രായേൽ അവരെ ഉണ്ടാക്കിയ ദൈവത്തിൽ സന്തോഷിക്കട്ടെ; സീയോൻ്റെ മക്കൾ അവരുടെ രാജാവിൽ ആനന്ദിക്കട്ടെ. അവർ നൃത്തം ചെയ്തുകൊണ്ട് കർത്താവിന്‍റെ നാമത്തെ സ്തുതിക്കട്ടെ; തപ്പിനോടും കിന്നരത്തോടുംകൂടി അവിടുത്തേക്ക് കീർത്തനം ചെയ്യട്ടെ. യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ ദൈവം രക്ഷകൊണ്ട് അലങ്കരിക്കും. ഭക്തന്മാർ ജയത്തിൽ ആനന്ദിക്കട്ടെ; അവർ അവരുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ.
സങ്കീർത്തനങ്ങൾ 149:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു പുതിയോരു പാട്ടും ഭക്തന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ. യിസ്രായേൽ തന്നേ ഉണ്ടാക്കിയവനിൽ സന്തോഷിക്കട്ടെ; സീയോന്റെ മക്കൾ തങ്ങളുടെ രാജാവിൽ ആനന്ദിക്കട്ടെ. അവർ നൃത്തം ചെയ്തുകൊണ്ടു അവന്റെ നാമത്തെ സ്തുതിക്കട്ടെ; തപ്പിനോടും കിന്നരത്തോടും കൂടെ അവന്നു കീർത്തനം ചെയ്യട്ടെ. യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ അവൻ രക്ഷകൊണ്ടു അലങ്കരിക്കും. ഭക്തന്മാർ മഹത്വത്തിൽ ആനന്ദിക്കട്ടെ; അവർ തങ്ങളുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ.
സങ്കീർത്തനങ്ങൾ 149:1-5 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയെ വാഴ്ത്തുക. യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക, അങ്ങയുടെ വിശ്വസ്തരുടെ സഭയിൽ അവിടത്തെ സ്തുതിയും. ഇസ്രായേൽ തങ്ങളുടെ സ്രഷ്ടാവിൽ ആനന്ദിക്കട്ടെ; സീയോന്റെ മക്കൾ തങ്ങളുടെ രാജാവിൽ ആഹ്ലാദിക്കട്ടെ. അവർ നൃത്തമാടിക്കൊണ്ട് തിരുനാമത്തെ സ്തുതിക്കട്ടെ തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവിടത്തേക്ക് സംഗീതമാലപിക്കട്ടെ. കാരണം യഹോവ തന്റെ ജനത്തിൽ സന്തോഷിക്കുന്നു; അവിടന്ന് വിനയാന്വിതരെ വിജയകിരീടം അണിയിക്കുന്നു. അങ്ങയുടെ വിശ്വസ്തർ അവിടത്തെ മഹത്ത്വത്തിൽ ആനന്ദിക്കട്ടെ അവർ തങ്ങളുടെ കിടക്കകളിൽ ആനന്ദഗീതം ആലപിക്കട്ടെ.