സങ്കീർത്തനങ്ങൾ 145:9-20
സങ്കീർത്തനങ്ങൾ 145:9-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകല പ്രവൃത്തികളോടും അവനു കരുണ തോന്നുന്നു. യഹോവേ, നിന്റെ സകല പ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്റെ ഭക്തന്മാർ നിന്നെ വാഴ്ത്തും. മനുഷ്യപുത്രന്മാരോട് അവന്റെ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിൻ തേജസ്സുള്ള മഹത്ത്വവും പ്രസ്താവിക്കേണ്ടതിനു അവർ നിന്റെ രാജത്വത്തിന്റെ മഹത്ത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും. നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു. വീഴുന്നവരെയൊക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെയൊക്കെയും അവൻ നിവിർത്തുന്നു. എല്ലാവരുടെയും കണ്ണ് നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്ത് അവർക്കു ഭക്ഷണം കൊടുക്കുന്നു. നീ തൃക്കൈ തുറന്നു ജീവനുള്ളതിനൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു. യഹോവ തന്റെ സകല വഴികളിലും നീതിമാനും തന്റെ സകല പ്രവൃത്തികളിലും ദയാലുവും ആകുന്നു. യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു. തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ട് അവരെ രക്ഷിക്കും. യഹോവ തന്നെ സ്നേഹിക്കുന്ന ഏവരെയും പരിപാലിക്കുന്നു; എന്നാൽ സകല ദുഷ്ടന്മാരെയും അവൻ നശിപ്പിക്കും
സങ്കീർത്തനങ്ങൾ 145:9-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ എല്ലാവർക്കും നല്ലവനാകുന്നു. തന്റെ സർവസൃഷ്‍ടികളോടും അവിടുന്നു കരുണ കാണിക്കുന്നു. പരമനാഥാ, അങ്ങയുടെ സകല സൃഷ്‍ടികളും അങ്ങേക്കു സ്തോത്രം അർപ്പിക്കും. അങ്ങയുടെ സകല ഭക്തന്മാരും അങ്ങയെ വാഴ്ത്തും. അങ്ങയുടെ രാജ്യത്തിന്റെ മഹത്ത്വത്തെക്കുറിച്ച് അവർ സംസാരിക്കും. അങ്ങയുടെ ശക്തിയെ അവർ വിവരിക്കും. അങ്ങനെ അവർ അങ്ങയുടെ ശക്തമായ പ്രവർത്തനങ്ങളെക്കുറിച്ചും, അങ്ങയുടെ രാജ്യത്തിന്റെ മഹത്ത്വപൂർവമായ പ്രതാപത്തെക്കുറിച്ചും, എല്ലാ മനുഷ്യരെയും അറിയിക്കും. അങ്ങയുടെ രാജത്വം ശാശ്വതമാണ്. അങ്ങയുടെ ആധിപത്യം എന്നേക്കും നിലനില്‌ക്കുന്നു. വാഗ്ദാനങ്ങളിൽ അവിടുന്നു വിശ്വസ്തനാകുന്നു. സകല പ്രവൃത്തികളിലും അവിടുന്നു കൃപാലുവുമാകുന്നു. നിരാശരായിരിക്കുന്നവരെ സർവേശ്വരൻ സഹായിക്കുന്നു. വീണുപോകുന്നവരെ അവിടുന്നു എഴുന്നേല്പിക്കുന്നു. എല്ലാവരും അങ്ങയെ പ്രത്യാശയോടെ നോക്കുന്നു. യഥാസമയം അങ്ങ് അവർക്ക് ആഹാരം കൊടുക്കുന്നു. തൃക്കൈ തുറന്നു നല്‌കുമ്പോൾ അവർ സംതൃപ്തരാകുന്നു. സകല വഴികളിലും അവിടുന്നു നീതിനിഷ്ഠനും, സകല പ്രവൃത്തികളിലും അവിടുന്നു കൃപാലുവുമാകുന്നു. സർവേശ്വരൻ തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക് പരമാർഥഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നവർക്കു സമീപസ്ഥനാകുന്നു. അവിടുത്തെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്നു നിറവേറ്റുന്നു. അവരുടെ നിലവിളി കേട്ട് അവരെ രക്ഷിക്കുന്നു. തന്നെ സ്നേഹിക്കുന്ന ഏവരെയും അവിടുന്നു പരിപാലിക്കുന്നു. എന്നാൽ സകല ദുഷ്ടന്മാരെയും അവിടുന്നു നശിപ്പിക്കും.
സങ്കീർത്തനങ്ങൾ 145:9-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും കർത്താവിന് കരുണ തോന്നുന്നു. യഹോവേ, അങ്ങേയുടെ സകലപ്രവൃത്തികളും അങ്ങേക്കു സ്തോത്രം ചെയ്യും; അങ്ങേയുടെ ഭക്തന്മാർ അങ്ങയെ വാഴ്ത്തും. മനുഷ്യപുത്രന്മാരോട് അവിടുത്തെ വീര്യപ്രവൃത്തികളും അങ്ങേയുടെ രാജത്വത്തിന്‍റെ തേജസ്സുള്ള പ്രതാപവും പ്രസ്താവിക്കേണ്ടതിന് അവർ അങ്ങേയുടെ രാജ്യത്തിന്‍റെ മഹത്വം പ്രസിദ്ധമാക്കി അങ്ങേയുടെ ശക്തിയെക്കുറിച്ച് സംസാരിക്കും. അങ്ങേയുടെ രാജത്വം നിത്യരാജത്വം ആകുന്നു; അങ്ങേയുടെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു. വീഴുന്നവരെ എല്ലാം യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ എന്‍റെ അടുക്കൽ അവിടുന്ന് നിവിർത്തുന്നു. എല്ലാവരുടെയും കണ്ണുകൾ അങ്ങയെ നോക്കി കാത്തിരിക്കുന്നു; അങ്ങ് തത്സമയത്ത് അവർക്ക് ഭക്ഷണം കൊടുക്കുന്നു. അങ്ങ് തൃക്കൈ തുറന്ന് ജീവനുള്ളതിനെല്ലാം അങ്ങേയുടെ പ്രസാദം കൊണ്ടു തൃപ്തിവരുത്തുന്നു. യഹോവ തന്റെ സകല വഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു. യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സമീപസ്ഥനാകുന്നു. തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്ന് സാധിപ്പിക്കും; അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കും. യഹോവ തന്നെ സ്നേഹിക്കുന്ന ഏവരെയും പരിപാലിക്കുന്നു; എന്നാൽ സകലദുഷ്ടന്മാരെയും അവിടുന്ന് നശിപ്പിക്കും.
സങ്കീർത്തനങ്ങൾ 145:9-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു. യഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്റെ ഭക്തന്മാർ നിന്നെ വാഴ്ത്തും. മനുഷ്യപുത്രന്മാരോടു അവന്റെ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിൻതേജസ്സുള്ള മഹത്വവും പ്രസ്താവിക്കേണ്ടതിന്നു അവർ നിന്റെ രാജത്വത്തിന്റെ മഹത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും. നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു. വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവൻ നിവിർത്തുന്നു. എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവർക്കു ഭക്ഷണം കൊടുക്കുന്നു. നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു. യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു. യഹോവ, തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു. തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും. യഹോവ തന്നേ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു; എന്നാൽ സകല ദുഷ്ടന്മാരെയും അവൻ നശിപ്പിക്കും
സങ്കീർത്തനങ്ങൾ 145:9-20 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവിടന്ന് കരുണയുള്ളവനാണ്. യഹോവേ, അവിടത്തെ സകലസൃഷ്ടികളും അവിടത്തെ വാഴ്ത്തുന്നു, അവിടത്തെ വിശ്വസ്തർ അങ്ങയെ പുകഴ്ത്തുന്നു. അവർ അവിടത്തെ രാജ്യത്തിന്റെ മഹത്ത്വത്തെപ്പറ്റിയും അവിടത്തെ ശക്തിയെപ്പറ്റിയും വിവരിക്കും, അതുകൊണ്ട് മനുഷ്യരെല്ലാം അങ്ങയുടെ വീര്യപ്രവൃത്തികളെയും അവിടത്തെ രാജ്യത്തിന്റെ മഹത്ത്വപ്രതാപത്തെയും അറിയട്ടെ. അവിടത്തെ രാജ്യം നിത്യരാജ്യം ആകുന്നു, അവിടത്തെ ആധിപത്യം തലമുറതലമുറയായി നിലനിൽക്കും. യഹോവ തന്റെ സകലവാഗ്ദാനങ്ങളിലും വിശ്വാസയോഗ്യനും തന്റെ സകലപ്രവൃത്തികളിലും വിശ്വസ്തനുമാണ്. യഹോവ വീഴുന്നവരെയൊക്കെയും താങ്ങുന്നു പരിക്ഷീണരെയൊക്കെയും ഉയർത്തുന്നു. സകലരുടെയും കണ്ണ് അങ്ങേക്കായി കാത്തിരിക്കുന്നു, അവർക്കെല്ലാം അങ്ങ് യഥാസമയം ആഹാരം നൽകുന്നു. അവിടന്ന് തൃക്കൈ തുറക്കുന്നു ജീവനുള്ള സകലത്തിന്റെയും ആഗ്രഹങ്ങൾക്ക് തൃപ്തിവരുത്തുന്നു. യഹോവ തന്റെ എല്ലാ വഴികളിലും നീതിനിഷ്ഠൻ ആകുന്നു തന്റെ സകലപ്രവൃത്തികളിലും വിശ്വസ്തനുമാണ്. യഹോവ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും, സത്യസന്ധമായി വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും, സമീപസ്ഥനാകുന്നു. തന്നെ ഭയപ്പെടുന്നവരുടെ ആഗ്രഹങ്ങൾ അവിടന്ന് സഫലമാക്കുന്നു; അവരുടെ കരച്ചിൽകേട്ട് അവരെ രക്ഷിക്കുന്നു. തന്നെ സ്നേഹിക്കുന്ന സകലരെയും യഹോവ സംരക്ഷിക്കുന്നു, എന്നാൽ സകലദുഷ്ടരെയും അവിടന്ന് നശിപ്പിക്കും.