സങ്കീർത്തനങ്ങൾ 145:9-13
സങ്കീർത്തനങ്ങൾ 145:9-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകല പ്രവൃത്തികളോടും അവനു കരുണ തോന്നുന്നു. യഹോവേ, നിന്റെ സകല പ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്റെ ഭക്തന്മാർ നിന്നെ വാഴ്ത്തും. മനുഷ്യപുത്രന്മാരോട് അവന്റെ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിൻ തേജസ്സുള്ള മഹത്ത്വവും പ്രസ്താവിക്കേണ്ടതിനു അവർ നിന്റെ രാജത്വത്തിന്റെ മഹത്ത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും. നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
സങ്കീർത്തനങ്ങൾ 145:9-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ എല്ലാവർക്കും നല്ലവനാകുന്നു. തന്റെ സർവസൃഷ്‍ടികളോടും അവിടുന്നു കരുണ കാണിക്കുന്നു. പരമനാഥാ, അങ്ങയുടെ സകല സൃഷ്‍ടികളും അങ്ങേക്കു സ്തോത്രം അർപ്പിക്കും. അങ്ങയുടെ സകല ഭക്തന്മാരും അങ്ങയെ വാഴ്ത്തും. അങ്ങയുടെ രാജ്യത്തിന്റെ മഹത്ത്വത്തെക്കുറിച്ച് അവർ സംസാരിക്കും. അങ്ങയുടെ ശക്തിയെ അവർ വിവരിക്കും. അങ്ങനെ അവർ അങ്ങയുടെ ശക്തമായ പ്രവർത്തനങ്ങളെക്കുറിച്ചും, അങ്ങയുടെ രാജ്യത്തിന്റെ മഹത്ത്വപൂർവമായ പ്രതാപത്തെക്കുറിച്ചും, എല്ലാ മനുഷ്യരെയും അറിയിക്കും. അങ്ങയുടെ രാജത്വം ശാശ്വതമാണ്. അങ്ങയുടെ ആധിപത്യം എന്നേക്കും നിലനില്‌ക്കുന്നു. വാഗ്ദാനങ്ങളിൽ അവിടുന്നു വിശ്വസ്തനാകുന്നു. സകല പ്രവൃത്തികളിലും അവിടുന്നു കൃപാലുവുമാകുന്നു.
സങ്കീർത്തനങ്ങൾ 145:9-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും കർത്താവിന് കരുണ തോന്നുന്നു. യഹോവേ, അങ്ങേയുടെ സകലപ്രവൃത്തികളും അങ്ങേക്കു സ്തോത്രം ചെയ്യും; അങ്ങേയുടെ ഭക്തന്മാർ അങ്ങയെ വാഴ്ത്തും. മനുഷ്യപുത്രന്മാരോട് അവിടുത്തെ വീര്യപ്രവൃത്തികളും അങ്ങേയുടെ രാജത്വത്തിന്‍റെ തേജസ്സുള്ള പ്രതാപവും പ്രസ്താവിക്കേണ്ടതിന് അവർ അങ്ങേയുടെ രാജ്യത്തിന്‍റെ മഹത്വം പ്രസിദ്ധമാക്കി അങ്ങേയുടെ ശക്തിയെക്കുറിച്ച് സംസാരിക്കും. അങ്ങേയുടെ രാജത്വം നിത്യരാജത്വം ആകുന്നു; അങ്ങേയുടെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
സങ്കീർത്തനങ്ങൾ 145:9-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു. യഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്റെ ഭക്തന്മാർ നിന്നെ വാഴ്ത്തും. മനുഷ്യപുത്രന്മാരോടു അവന്റെ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിൻതേജസ്സുള്ള മഹത്വവും പ്രസ്താവിക്കേണ്ടതിന്നു അവർ നിന്റെ രാജത്വത്തിന്റെ മഹത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും. നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
സങ്കീർത്തനങ്ങൾ 145:9-13 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവിടന്ന് കരുണയുള്ളവനാണ്. യഹോവേ, അവിടത്തെ സകലസൃഷ്ടികളും അവിടത്തെ വാഴ്ത്തുന്നു, അവിടത്തെ വിശ്വസ്തർ അങ്ങയെ പുകഴ്ത്തുന്നു. അവർ അവിടത്തെ രാജ്യത്തിന്റെ മഹത്ത്വത്തെപ്പറ്റിയും അവിടത്തെ ശക്തിയെപ്പറ്റിയും വിവരിക്കും, അതുകൊണ്ട് മനുഷ്യരെല്ലാം അങ്ങയുടെ വീര്യപ്രവൃത്തികളെയും അവിടത്തെ രാജ്യത്തിന്റെ മഹത്ത്വപ്രതാപത്തെയും അറിയട്ടെ. അവിടത്തെ രാജ്യം നിത്യരാജ്യം ആകുന്നു, അവിടത്തെ ആധിപത്യം തലമുറതലമുറയായി നിലനിൽക്കും.