സങ്കീർത്തനങ്ങൾ 145:3-7

സങ്കീർത്തനങ്ങൾ 145:3-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ വലിയവനും അത്യന്തം സ്തുത്യനുമാണ്. അവിടുത്തെ മഹത്ത്വം ബുദ്ധിക്ക് അഗോചരമത്രേ. തലമുറ അടുത്ത തലമുറയോട് അവിടുത്തെ പ്രവൃത്തികളെ പ്രഘോഷിക്കും. അങ്ങു പ്രവർത്തിച്ച മഹാകാര്യങ്ങൾ അവർ പ്രസ്താവിക്കും. അവിടുത്തെ പ്രതാപത്തിന്റെ തേജസ്സുറ്റ മഹത്ത്വത്തെയും അദ്ഭുതപ്രവൃത്തികളെയും ഞാൻ ധ്യാനിക്കും. അങ്ങയുടെ വിസ്മയാവഹമായ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി, മനുഷ്യർ പ്രസ്താവിക്കും. അങ്ങയുടെ മഹത്ത്വം ഞാൻ പ്രഘോഷിക്കും. അവിടുത്തെ ബഹുലമായ നന്മയെ അവർ പ്രകീർത്തിക്കും. അവർ അങ്ങയുടെ നീതിയെക്കുറിച്ച് ഉച്ചത്തിൽ പാടും.

സങ്കീർത്തനങ്ങൾ 145:3-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവിടുത്തെ മഹിമ അഗോചരമത്രേ. ഒരു തലമുറ മറ്റൊരു തലമുറയോട് അങ്ങേയുടെ ക്രിയകളെ പുകഴ്ത്തി അങ്ങേയുടെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും. അങ്ങേയുടെ പ്രതാപത്തിന്‍റെ തേജസ്സുള്ള മഹത്വത്തെയും അങ്ങേയുടെ അത്ഭുതകാര്യങ്ങളെയും പറ്റി അവര്‍ പറയും. മനുഷ്യർ അങ്ങേയുടെ മഹാപ്രവൃത്തികളുടെ ശക്തിയെപ്പറ്റി പ്രസ്താവിക്കും; ഞാൻ അങ്ങേയുടെ മഹിമയെ കുറിച്ച് ധ്യാനിക്കും. അവർ അങ്ങേയുടെ വലിയ നന്മയുടെ ഓർമ്മ പ്രസിദ്ധമാക്കും; അങ്ങേയുടെ നീതിയെക്കുറിച്ച് ഘോഷിച്ചുല്ലസിക്കും.

സങ്കീർത്തനങ്ങൾ 145:3-7 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്; അവിടത്തെ മഹിമയുടെ വ്യാപ്തി ഗ്രഹിക്കുന്നതിന് ആർക്കും കഴിയുകയില്ല. ഓരോ തലമുറയും അനന്തരതലമുറയോട് അവിടത്തെ വീര്യപ്രവൃത്തികളെപ്പറ്റി ഘോഷിക്കട്ടെ. അവർ അവിടത്തെ പ്രതാപമുള്ള തേജസ്സിന്റെ മഹത്ത്വത്തെയും ഞാൻ അവിടത്തെ അത്ഭുതകരമായ പ്രവൃത്തികളെയും ധ്യാനിക്കും. അവർ അങ്ങയുടെ അത്ഭുതാദരവുകൾനിറഞ്ഞ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി വിവരിക്കും ഞാൻ അങ്ങയുടെ വീര്യപ്രവൃത്തികൾ ഘോഷിക്കും. അവർ അങ്ങയുടെ അനന്തമായ നന്മകളെപ്പറ്റി ആഘോഷിക്കും അങ്ങയുടെ നീതിയെപ്പറ്റി ആനന്ദഗാനങ്ങൾ ആലപിക്കും.