സങ്കീർത്തനങ്ങൾ 140:1-5
സങ്കീർത്തനങ്ങൾ 140:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, ദുഷ്ടമനുഷ്യന്റെ കൈയിൽനിന്ന് എന്നെ വിടുവിച്ച് സാഹസക്കാരന്റെ പക്കൽനിന്ന് എന്നെ പാലിക്കേണമേ. അവർ ഹൃദയത്തിൽ അനർഥങ്ങൾ നിരൂപിക്കുന്നു; അവർ ഇടവിടാതെ യുദ്ധത്തിനു കൂട്ടം കൂടുന്നു. അവർ സർപ്പംപോലെ തങ്ങളുടെ നാവുകളെ കൂർപ്പിക്കുന്നു; അവരുടെ അധരങ്ങൾക്കു കീഴെ അണലിവിഷം ഉണ്ട്. സേലാ. യഹോവേ, ദുഷ്ടന്റെ കൈയിൽനിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ; അവർ എന്റെ കാലടികളെ മറിച്ചുകളവാൻ ഭാവിക്കുന്നു. ഗർവികൾ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു; വഴിയരികെ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു. സേലാ.
സങ്കീർത്തനങ്ങൾ 140:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ദുഷ്ടരിൽനിന്ന് എന്നെ രക്ഷിക്കണമേ, അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ. അവർ ദുഷ്ടപദ്ധതികൾ നിരൂപിക്കുന്നു. നിരന്തരം അവർ കലഹങ്ങൾ ഇളക്കിവിടുന്നു. അവരുടെ നാവ് വിഷസർപ്പംപോലെ മാരകമാണ്. അവരുടെ അധരങ്ങൾക്കു കീഴിൽ അണലിവിഷമുണ്ട്; സർവേശ്വരാ, ദുഷ്ടന്മാരിൽനിന്ന് എന്നെ കാത്തുകൊള്ളണമേ. എന്നെ മറിച്ചിടാൻ ശ്രമിക്കുന്ന അക്രമികളിൽ നിന്ന് എന്നെ സംരക്ഷിക്കണമേ. അഹങ്കാരികൾ എനിക്കുവേണ്ടി കെണി ഒരുക്കിയിരിക്കുന്നു. അവർ എനിക്കായി വല വിരിച്ചിരിക്കുന്നു. വഴിയരികിൽ അവർ എനിക്കു കെണി വച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 140:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവേ, ദുഷ്ടമനുഷ്യരുടെ കയ്യിൽനിന്ന് എന്നെ വിടുവിച്ച് സാഹസക്കാരുടെ പക്കൽനിന്ന് എന്നെ പരിപാലിക്കേണമേ. അവർ ഹൃദയത്തിൽ തിന്മ നിരൂപിക്കുന്നു; അവർ ഇടവിടാതെ പോരാട്ടത്തിനായി കൂട്ടം കൂടുന്നു; അവർ സർപ്പംപോലെ അവരുടെ നാവുകൾക്ക് മൂർച്ചകൂട്ടുന്നു; അവരുടെ അധരങ്ങൾക്ക് കീഴിൽ അണലിവിഷം ഉണ്ട്. സേലാ. യഹോവേ, ദുഷ്ടന്‍റെ കൈയിൽനിന്ന് എന്നെ കാക്കേണമേ; സാഹസക്കാരനിൽനിന്ന് എന്നെ പരിപാലിക്കേണമേ; അവർ എന്‍റെ കാലടികൾ മറിച്ചുകളയുവാൻ ഭാവിക്കുന്നു. ഗർവ്വിഷ്ഠന്മാർ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു; വഴിയരികിൽ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു. സേലാ.
സങ്കീർത്തനങ്ങൾ 140:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, ദുഷ്ടമനുഷ്യന്റെ കയ്യിൽ നിന്നു എന്നെ വിടുവിച്ചു സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ. അവർ ഹൃദയത്തിൽ അനർത്ഥങ്ങൾ നിരൂപിക്കുന്നു; അവർ ഇടവിടാതെ യുദ്ധത്തിന്നു കൂട്ടം കൂടുന്നു; അവർ സർപ്പംപോലെ തങ്ങളുടെ നാവുകളെ കൂർപ്പിക്കുന്നു; അവരുടെ അധരങ്ങൾക്കു കീഴെ അണലിവിഷം ഉണ്ടു. സേലാ. യഹോവേ, ദുഷ്ടന്റെ കയ്യിൽനിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ; അവർ എന്റെ കാലടികളെ മറിച്ചുകളവാൻ ഭാവിക്കുന്നു. ഗർവ്വികൾ എനിക്കായി കണിയും കയറും മറെച്ചുവെച്ചിരിക്കുന്നു; വഴിയരികെ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വെച്ചിരിക്കുന്നു. സേലാ.
സങ്കീർത്തനങ്ങൾ 140:1-5 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, അധർമം പ്രവർത്തിക്കുന്നവരിൽനിന്ന് എന്നെ മോചിപ്പിക്കണമേ; അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ, അവർ ഹൃദയത്തിൽ ദുഷ്ടതന്ത്രങ്ങൾ ആവിഷ്കരിക്കുകയും നിരന്തരം കലഹം ഇളക്കിവിടുകയുംചെയ്യുന്നു. അവർ തങ്ങളുടെ നാവ് സർപ്പത്തിന്റേതുപോലെ മൂർച്ചയുള്ളതാക്കുന്നു. അവരുടെ അധരങ്ങളിൽ അണലിവിഷമുണ്ട്. സേലാ. യഹോവേ, ദുഷ്ടരുടെ കൈകളിൽനിന്ന് എന്നെ സൂക്ഷിക്കണമേ; എന്റെ കാലുകൾ കുരുക്കിൽപ്പെടുത്താൻ പദ്ധതിയിടുന്ന അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ. അഹങ്കാരികൾ എനിക്കൊരു കെണി ഒരുക്കിയിരിക്കുന്നു; അവർ ഒരു വല വിരിച്ചിരിക്കുന്നു എന്റെ പാതയോരത്ത് എനിക്കായി ഒരു കുടുക്ക് ഒരുക്കിയിരിക്കുന്നു. സേലാ.