സങ്കീർത്തനങ്ങൾ 138:1-3
സങ്കീർത്തനങ്ങൾ 138:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ പൂർണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ നിന്നെ കീർത്തിക്കും. ഞാൻ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിനു സ്തോത്രം ചെയ്യും. നിന്റെ നാമത്തിനു മീതെയൊക്കെയും നീ നിന്റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു. ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരമരുളി; എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 138:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ഞാൻ പൂർണഹൃദയത്തോടെ അങ്ങേക്കു സ്തോത്രം അർപ്പിക്കുന്നു. ദേവന്മാരുടെ മുമ്പിൽ ഞാൻ അങ്ങയെ പ്രകീർത്തിക്കുന്നു. ഞാൻ അവിടുത്തെ വിശുദ്ധമന്ദിരത്തിലേക്കു നോക്കി നമസ്കരിക്കുന്നു. അവിടുത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും നിമിത്തം, ഞാൻ അങ്ങേക്കു സ്തോത്രം അർപ്പിക്കുന്നു. അങ്ങയുടെ നാമവും വാഗ്ദാനങ്ങളും സമുന്നതമാണ്. ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അവിടുന്ന് എനിക്കുത്തരമരുളി. ശക്തി പകർന്ന് അവിടുന്ന് എന്നെ ബലപ്പെടുത്തിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 138:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങേക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ അങ്ങയെ കീർത്തിക്കും. ഞാൻ അങ്ങേയുടെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ച്, അങ്ങേയുടെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിനു സ്തോത്രം ചെയ്യും; അങ്ങേയുടെ നാമവും അങ്ങേയുടെ കല്പനകളും അത്യുന്നതമായിരിക്കുന്നതായി അങ്ങ് തെളിയിച്ചിരിക്കുന്നു. ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് എനിക്ക് ഉത്തരം അരുളി; എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 138:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ പൂർണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ നിന്നെ കീർത്തിക്കും. ഞാൻ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു, നിന്റെ ദയയും വിശ്വസ്തതയുംനിമിത്തം തിരുനാമത്തിന്നു സ്തോത്രം ചെയ്യും; നിന്റെ നാമത്തിന്നു മീതെ ഒക്കെയും നീ നിന്റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു. ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരം അരുളി; എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 138:1-3 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ പുകഴ്ത്തും; “ദേവന്മാരുടെ” മുമ്പാകെ ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും. ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തിനുനേരേ വണങ്ങിക്കൊണ്ട് അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയുംനിമിത്തം തിരുനാമത്തെ വാഴ്ത്തും, കാരണം അവിടത്തെ പ്രശസ്തിയും മറികടക്കുംവിധം അവിടത്തെ ഉത്തരവുകൾ ഉന്നതമാക്കിയല്ലോ. ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോൾ അവിടന്ന് എനിക്ക് ഉത്തരമരുളി; അവിടന്ന് എനിക്ക് ശക്തി പകർന്ന് എന്നെ ധൈര്യപ്പെടുത്തി.