സങ്കീർത്തനങ്ങൾ 130:1-8
സങ്കീർത്തനങ്ങൾ 130:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, ആഴത്തിൽനിന്നു ഞാൻ നിന്നോടു നിലവിളിക്കുന്നു; കർത്താവേ, എന്റെ പ്രാർഥന കേൾക്കേണമേ; നിന്റെ ചെവി എന്റെ യാചനകൾക്കു ശ്രദ്ധിച്ചിരിക്കേണമേ. യഹോവേ, നീ അകൃത്യങ്ങളെ ഓർമവച്ചാൽ കർത്താവേ, ആർ നിലനില്ക്കും? എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം ഉണ്ട്. ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവച്ചിരിക്കുന്നു. ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു. യിസ്രായേലേ, യഹോവയിൽ പ്രത്യാശവച്ചുകൊൾക; യഹോവയ്ക്കു കൃപയും അവന്റെ പക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ട്. അവൻ യിസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.
സങ്കീർത്തനങ്ങൾ 130:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, കഷ്ടതയുടെ ആഴത്തിൽനിന്നു ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. നാഥാ, എന്റെ നിലവിളി കേൾക്കണമേ, കരുണയ്ക്കായുള്ള എന്റെ യാചന ശ്രദ്ധിക്കണമേ. സർവേശ്വരാ, അവിടുന്ന് അകൃത്യങ്ങളുടെ കണക്കു സൂക്ഷിച്ചാൽ, തിരുമുമ്പിൽ നില്‌ക്കാൻ ആർക്കു കഴിയും? എന്നാൽ അങ്ങു പാപം ക്ഷമിക്കുന്നവനാണ്. അതുകൊണ്ടു ഞങ്ങൾ അവിടുത്തോടു ഭയഭക്തിയുള്ളവരായിരിക്കുന്നു. ഞാൻ സർവേശ്വരനായി സർവാത്മനാ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശ വയ്‍ക്കുന്നു. പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‌ക്കാരെക്കാൾ, ആകാംക്ഷയോടെ ഞാൻ സർവേശ്വരനുവേണ്ടി കാത്തിരിക്കുന്നു. ഇസ്രായേലേ, സർവേശ്വരനിൽ പ്രത്യാശയർപ്പിക്കുക, അവിടുന്നു നിങ്ങളെ സുസ്ഥിരമായി സ്നേഹിക്കുന്നുവല്ലോ. അവിടുന്നു നിങ്ങളെ എപ്പോഴും രക്ഷിക്കുന്നവനും ആകുന്നു. അവിടുന്ന് ഇസ്രായേൽജനത്തെ അവരുടെ എല്ലാ അകൃത്യങ്ങളിൽനിന്നും മോചിപ്പിക്കുന്നു.
സങ്കീർത്തനങ്ങൾ 130:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവേ, ക്ലേശങ്ങളുടെ ആഴത്തിൽ നിന്ന് ഞാൻ അങ്ങയോടു നിലവിളിക്കുന്നു; കർത്താവേ, എന്റെ ശബ്ദം കേൾക്കേണമേ; അങ്ങേയുടെ ചെവി എന്‍റെ യാചനകളെ ശ്രദ്ധിക്കേണമേ. യഹോവേ, അങ്ങ് അകൃത്യങ്ങൾ ഓർമ്മവച്ചാൽ കർത്താവേ, ആര്‍ നിലനില്ക്കും? എങ്കിലും അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണം അങ്ങേയുടെ പക്കൽ പാപക്ഷമ ഉണ്ട്. ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; ദൈവത്തിന്‍റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു. ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ, അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു. യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക; യഹോവയുടെ പക്കൽ കൃപയും അവിടുത്തെ സന്നിധിയിൽ ധാരാളം വിടുതലും ഉണ്ട്. ദൈവം യിസ്രായേലിനെ അവന്‍റെ സകല അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും.
സങ്കീർത്തനങ്ങൾ 130:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, ആഴത്തിൽനിന്നു ഞാൻ നിന്നോടു നിലവിളിക്കുന്നു; കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; നിന്റെ ചെവി എന്റെ യാചനകൾക്കു ശ്രദ്ധിച്ചിരിക്കേണമേ. യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും? എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം ഉണ്ടു. ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു. ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു. യിസ്രായേലേ, യഹോവയിൽ പ്രത്യാശവെച്ചുകൊൾക; യഹോവെക്കു കൃപയും അവന്റെപക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ടു. അവൻ യിസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.
സങ്കീർത്തനങ്ങൾ 130:1-8 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, അഗാധതയിൽനിന്നു ഞാൻ അവിടത്തോടു നിലവിളിക്കുന്നു; കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ. കരുണയ്ക്കായുള്ള എന്റെ നിലവിളിക്കായി അങ്ങയുടെ കാതുകൾ തുറക്കണമേ. യഹോവേ, പാപങ്ങളുടെ ഒരു പട്ടിക അങ്ങു സൂക്ഷിക്കുന്നെങ്കിൽ, കർത്താവേ, തിരുമുമ്പിൽ ആർക്കാണു നിൽക്കാൻ കഴിയുക? എന്നാൽ തിരുസന്നിധിയിൽ പാപവിമോചനമുണ്ട്, അതുകൊണ്ട് ഞങ്ങൾ ഭയഭക്തിയോടെ അവിടത്തെ സേവിക്കുന്നു. ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു, എന്റെ ആത്മാവ് അങ്ങേക്കായി കാത്തിരിക്കുന്നു, അവിടത്തെ വചനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു. പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ, അതേ, പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ, ഞാൻ കർത്താവിനായി കാത്തിരിക്കുന്നു. ഇസ്രായേലേ, നിന്റെ പ്രത്യാശ യഹോവയിൽ അർപ്പിക്കുക, കാരണം യഹോവയുടെ അടുക്കൽ അചഞ്ചലസ്നേഹവും സമ്പൂർണ വീണ്ടെടുപ്പും ഉണ്ടല്ലോ. ഇസ്രായേലിനെ അവരുടെ സകലപാപങ്ങളിൽനിന്നും അവിടന്നുതന്നെ വീണ്ടെടുക്കും.