സങ്കീർത്തനങ്ങൾ 128:1-6

സങ്കീർത്തനങ്ങൾ 128:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയെ ഭയപ്പെട്ട്, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ; നിന്റെ കൈകളുടെ അധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്കു നന്മ വരും. നിന്റെ ഭാര്യ നിന്റെ വീട്ടിനകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശയ്ക്കു ചുററും ഒലിവുതൈകൾപോലെയും ഇരിക്കും. യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും. യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും; നിന്റെ ആയുഷ്കാലമൊക്കെയും നീ യെരൂശലേമിന്റെ നന്മയെ കാണും. നിന്റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.

സങ്കീർത്തനങ്ങൾ 128:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരനെ ഭയപ്പെടുകയും അവിടുത്തെ വഴികളിൽ നടക്കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ. നിന്റെ അധ്വാനഫലം നീ അനുഭവിക്കും. നീ സന്തുഷ്ടനായിരിക്കും; നിനക്കു നന്മ ഭവിക്കും. നിന്റെ ഭാര്യ നിന്റെ ഭവനത്തിൽ ഫലസമൃദ്ധമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശയ്‍ക്കു ചുറ്റും ഒലിവുതൈകൾപോലെയും ആയിരിക്കും. സർവേശ്വരൻ തന്റെ ഭക്തനെ ഇപ്രകാരം അനുഗ്രഹിക്കും. സർവേശ്വരൻ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും. ആയുഷ്കാലം മുഴുവൻ നീ യെരൂശലേമിന്റെ ഐശ്വര്യം കാണും. മക്കളുടെ മക്കളെയും നീ കാണും. ഇസ്രായേലിൽ സമാധാനം പുലരട്ടെ.

സങ്കീർത്തനങ്ങൾ 128:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവയെ ഭയപ്പെട്ട്, അവിടുത്തെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ; നിന്‍റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്കു നന്മവരും. നിന്‍റെ ഭാര്യ നിന്‍റെ വീടിനകത്ത് ഫലപ്രദമായ മുന്തിരിവള്ളി പോലെയും നിന്‍റെ മക്കൾ നിന്‍റെ മേശയ്ക്കു ചുറ്റും ഒലിവുതൈകൾ പോലെയും ഇരിക്കും. യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും. യഹോവ സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കും; നിന്‍റെ ആയുഷ്കാലമെല്ലാം നീ യെരൂശലേമിന്‍റെ നന്മ കാണും. നിന്‍റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.

സങ്കീർത്തനങ്ങൾ 128:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ; നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്കു നന്മ വരും. നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകൾപോലെയും ഇരിക്കും. യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും. യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും; നിന്റെ ആയുഷ്കാലമൊക്കെയും നീ യെരൂശലേമിന്റെ നന്മയെ കാണും. നിന്റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.

സങ്കീർത്തനങ്ങൾ 128:1-6 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയെ ഭയപ്പെടുകയും അവിടത്തോടുള്ള അനുസരണത്തിൽ ജീവിക്കുകയുംചെയ്യുന്നവർ അനുഗൃഹീതർ. നിങ്ങളുടെ അധ്വാനഫലം നിങ്ങൾ ഭക്ഷിക്കും; അനുഗ്രഹവും സമൃദ്ധിയും നിങ്ങൾക്ക് അവകാശമായിരിക്കും. നിന്റെ ഭാര്യ നിന്റെ ഭവനത്തിൽ ഫലദായകമായ മുന്തിരിവള്ളിപോലെ ആയിരിക്കും; നിന്റെ മക്കൾ നിങ്ങളുടെ മേശയ്ക്കുചുറ്റും ഒലിവുതൈകൾപോലെയായിരിക്കും. യഹോവയെ ഭയപ്പെടുന്ന മനുഷ്യർ ഇപ്രകാരം അനുഗൃഹീതരാകും. യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും; നിന്റെ ജീവിതകാലത്തുടനീളം നിനക്കു ജെറുശലേമിന്റെ അഭിവൃദ്ധി കാണാനിടവരട്ടെ. മക്കളുടെ മക്കളെ കാണാനായി നിന്റെ ആയുസ്സ് ദീർഘമായിരിക്കട്ടെ— ഇസ്രായേലിന്മേൽ സമാധാനം ഉണ്ടാകുമാറാകട്ടെ.