സങ്കീർത്തനങ്ങൾ 124:1-8
സങ്കീർത്തനങ്ങൾ 124:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിസ്രായേൽ പറയേണ്ടതെന്തെന്നാൽ യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, മനുഷ്യർ നമ്മോട് എതിർത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, അവരുടെ കോപം നമ്മുടെ നേരേ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു; വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണനുമീതെ കവിയുമായിരുന്നു; പൊങ്ങിയിരുന്ന വെള്ളം നമ്മുടെ പ്രാണനു മീതെ കവിയുമായിരുന്നു. നമ്മെ അവരുടെ പല്ലിന് ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ. വേട്ടക്കാരുടെ കെണിയിൽനിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കെണിപൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു. നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.
സങ്കീർത്തനങ്ങൾ 124:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേൽ പറയട്ടെ, സർവേശ്വരൻ നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കിൽ, ശത്രുക്കൾ നമ്മെ എതിർത്തപ്പോൾ, സർവേശ്വരൻ നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കിൽ, അവരുടെ കോപം നമ്മുടെ നേരെ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു. പെരുവെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു. ജലപ്രവാഹം നമ്മെ മൂടിക്കളയുമായിരുന്നു. ഇരച്ചുപൊങ്ങുന്ന ജലപ്രവാഹം നമ്മുടെ മീതെ കവിഞ്ഞൊഴുകുമായിരുന്നു. ശത്രുക്കളുടെ സംഹാരത്തിൽനിന്നു നമ്മെ രക്ഷിച്ച സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. വേട്ടക്കാരന്റെ കെണിയിൽനിന്നു പക്ഷിയെന്നപോലെ നാം രക്ഷപെട്ടു. കെണി തകർന്നു നാം രക്ഷപെട്ടിരിക്കുന്നു. ആകാശവും ഭൂമിയും സൃഷ്‍ടിച്ച സർവേശ്വരനിൽ നിന്നാണു നമ്മുടെ സഹായം വരുന്നത്.
സങ്കീർത്തനങ്ങൾ 124:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യിസ്രായേൽ ഇപ്പോൾ പറയേണ്ടത് “യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, അതേ, യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, മനുഷ്യർ നമ്മളോട് എതിർത്തപ്പോൾ അവരുടെ കോപം നമ്മളുടെ നേരെ ജ്വലിച്ചപ്പോൾ, അവർ നമ്മളെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു; വെള്ളം നമ്മളെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു; പ്രളയജലം നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു. നമ്മളെ അവരുടെ പല്ലുകൾക്ക് ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.” വേട്ടക്കാരുടെ കെണിയിൽനിന്ന് രക്ഷപെടുന്ന പക്ഷിയെപ്പോലെ നമ്മളുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കെണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു. നമ്മളുടെ സഹായം ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.
സങ്കീർത്തനങ്ങൾ 124:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യിസ്രായേൽ പറയേണ്ടതെന്തെന്നാൽ യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, മനുഷ്യർ നമ്മോടു എതിർത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, അവരുടെ കോപം നമ്മുടെനേരെ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു; വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു; പൊങ്ങിയിരുന്ന വെള്ളം നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു. നമ്മെ അവരുടെ പല്ലിന്നു ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ. വേട്ടക്കാരുടെ കണിയിൽനിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു. നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.
സങ്കീർത്തനങ്ങൾ 124:1-8 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നെങ്കിൽ— ഇസ്രായേല്യർ പറയട്ടെ— മനുഷ്യർ നമ്മെ ആക്രമിച്ചപ്പോൾ, യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നെങ്കിൽ, അവരുടെ ക്രോധം നമുക്കെതിരേ കത്തിജ്വലിച്ചപ്പോൾ അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു; പ്രളയം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, വെള്ളപ്പാച്ചിൽ നമ്മെ തൂത്തെറിയുമായിരുന്നു, ആർത്തിരമ്പുന്ന ജലപ്രവാഹം നമ്മെ തുടച്ചുനീക്കുമായിരുന്നു. അവരുടെ പല്ലിനിരയായി പറിച്ചുകീറപ്പെടാൻ നമ്മെ അനുവദിക്കാതിരുന്ന, യഹോവ വാഴ്ത്തപ്പെട്ടവൻ. വേട്ടക്കാരന്റെ കെണിയിൽനിന്ന് ഒരു പക്ഷിപോലെ നാം വഴുതിപ്പോന്നിരിക്കുന്നു; ആ കെണി പൊട്ടിപ്പോയി, നാം രക്ഷപ്പെടുകയും ചെയ്തിരിക്കുന്നു. ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയുടെ നാമത്തിലാണ് നമ്മുടെ സഹായം.