സങ്കീർത്തനങ്ങൾ 123:1-4

സങ്കീർത്തനങ്ങൾ 123:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

സ്വർഗ്ഗത്തിൽ വസിക്കുന്നവനായ യഹോവേ, അങ്ങയിലേക്ക് ഞാൻ എന്‍റെ കണ്ണുകൾ ഉയർത്തുന്നു. ദാസന്മാരുടെ കണ്ണുകൾ യജമാനന്‍റെ കൈയിലേക്കും ദാസിയുടെ കണ്ണുകൾ യജമാനത്തിയുടെ കൈയിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്ക്, അവിടുന്ന് ഞങ്ങളോട് കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു. യഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ; ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു. സുഖിമാൻന്മാരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദയും സഹിച്ച് ഞങ്ങളുടെ മനസ് ഏറ്റവും മടുത്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ 123:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു. ദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണു ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു, അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു. യഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ; ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു. സുഖിയന്മാരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദയും സഹിച്ചു ഞങ്ങളുടെ മനം ഏറ്റവും മടുത്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ 123:1-4 സമകാലിക മലയാളവിവർത്തനം (MCV)

സ്വർഗത്തിൽ സിംഹാസനസ്ഥനായിരിക്കുന്ന അങ്ങയിലേക്ക്, ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു. അടിമകളുടെ കണ്ണുകൾ തങ്ങളുടെ യജമാനന്റെ കൈയിലേക്കും ദാസിയുടെ കണ്ണുകൾ അവരുടെ യജമാനത്തിയുടെ കൈയിലേക്കും എന്നതുപോലെ, ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിലേക്ക്, കരുണ കാണിക്കുന്നതുവരെ നോക്കിക്കൊണ്ടിരിക്കും. ഞങ്ങളോടു കരുണതോന്നണമേ, യഹോവേ, ഞങ്ങളോടു കരുണതോന്നണമേ, കാരണം ഇപ്പോൾത്തന്നെ ഞങ്ങൾ നിന്ദകളാൽ മടുത്തിരിക്കുന്നു. അഹന്തനിറഞ്ഞവരുടെ പരിഹാസവും വിമതരുടെ വെറുപ്പും ഞങ്ങൾ ആവോളം സഹിച്ചിരിക്കുന്നു.