സങ്കീർത്തനങ്ങൾ 122:1-9
സങ്കീർത്തനങ്ങൾ 122:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്ന് അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. യെരൂശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ വാതിലുകൾക്കകത്തു നില്ക്കുന്നു. തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ! അവിടേക്കു ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നെ, യിസ്രായേലിനു സാക്ഷ്യത്തിനായി യഹോവയുടെ നാമത്തിനു സ്തോത്രം ചെയ്വാൻ കയറിച്ചെല്ലുന്നു. അവിടെ ന്യായാസനങ്ങൾ, ദാവീദുഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നെ ഇരിക്കുന്നു. യെരൂശലേമിന്റെ സമാധാനത്തിനായി പ്രാർഥിപ്പിൻ; നിന്നെ സ്നേഹിക്കുന്നവർ സ്വൈരമായിരിക്കട്ടെ. നിന്റെ കൊത്തളങ്ങളിൽ സമാധാനവും നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ. എന്റെ സഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നിൽ സമാധാനം ഉണ്ടാകട്ടെ എന്നു ഞാൻ പറയും. നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും.
സങ്കീർത്തനങ്ങൾ 122:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്നു അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. യെരൂശലേമേ, ഞങ്ങൾ ഇതാ നിന്റെ കവാടങ്ങൾക്കുള്ളിൽ വന്നിരിക്കുന്നു. ഉറപ്പായി പണിതിണക്കിയ നഗരമാണു യെരൂശലേം, അവിടേക്കു ഗോത്രങ്ങൾ വരുന്നു; സർവേശ്വരനെ ആരാധിക്കുന്ന ഗോത്രങ്ങൾ തന്നെ. ഇസ്രായേലിനോടു കല്പിച്ച പ്രകാരം സർവേശ്വരനു സ്തോത്രം അർപ്പിക്കാൻ അവർ വരുന്നു. അവിടെ ന്യായാസനങ്ങൾ-ദാവീദുവംശജരായ രാജാക്കന്മാരുടെ സിംഹാസനങ്ങൾ- സ്ഥാപിക്കപ്പെട്ടിരിക്കുന്നു. യെരൂശലേമിന്റെ സമാധാനത്തിനുവേണ്ടി പ്രാർഥിക്കുവിൻ. “നിന്നെ സ്നേഹിക്കുന്നവർക്ക് ഐശ്വര്യമുണ്ടാകട്ടെ. നിന്റെ കോട്ടകൾക്കുള്ളിൽ സമാധാനവും നിന്റെ ഗോപുരങ്ങളിൽ സുരക്ഷിതത്വവും ഉണ്ടായിരിക്കട്ടെ.” എന്റെ സഹോദരന്മാരോടും സുഹൃത്തുക്കളോടുമുള്ള സ്നേഹംകൊണ്ട് ഞാൻ ആശംസിക്കുന്നു. “നിനക്കു സമാധാനം ഉണ്ടായിരിക്കട്ടെ!” നമ്മുടെ ദൈവമായ സർവേശ്വരന്റെ ആലയത്തോടുള്ള സ്നേഹംകൊണ്ട്, ഞാൻ നിനക്കു നന്മ നേരും.
സങ്കീർത്തനങ്ങൾ 122:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“യഹോവയുടെ ആലയത്തിലേക്ക് നമുക്കു പോകാം” എന്നു അവർ എന്നോട് പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. യെരൂശലേമേ, ഞങ്ങളുടെ കാലുകൾ നിന്‍റെ വാതിലുകളുടെ ഉള്ളിൽ നില്ക്കുന്നു. തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ! അവിടേക്ക്, ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നെ, യിസ്രായേലിനു സാക്ഷ്യത്തിനായി യഹോവയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ കയറിച്ചെല്ലുന്നു. അവിടെ ന്യായാസനങ്ങൾ, ദാവീദുഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നെ ഇരിക്കുന്നു. യെരൂശലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുവിൻ; “നിന്നെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ. നിന്‍റെ കൊത്തളങ്ങളിൽ സമാധാനവും നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ. എന്റെ സഹോദരന്മാരും സ്നേഹിതരും നിമിത്തം നിന്നിൽ സമാധാനം ഉണ്ടാകട്ടെ” എന്നു ഞാൻ പറയും. നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും.
സങ്കീർത്തനങ്ങൾ 122:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. യെരൂശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ വാതിലുകൾക്കകത്തു നില്ക്കുന്നു. തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ! അവിടേക്കു ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നേ, യിസ്രായേലിന്നു സാക്ഷ്യത്തിന്നായി യഹോവയുടെ നാമത്തിന്നു സ്തോത്രം ചെയ്വാൻ കയറിച്ചെല്ലുന്നു. അവിടെ ന്യായാസനങ്ങൾ, ദാവീദുഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നേ ഇരിക്കുന്നു. യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാർത്ഥിപ്പിൻ; നിന്നെ സ്നേഹിക്കുന്നവർ സ്വൈരമായിരിക്കട്ടെ. നിന്റെ കൊത്തളങ്ങളിൽ സമാധാനവും നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ. എന്റെ സഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നിൽ സമാധാനം ഉണ്ടാകട്ടെ എന്നു ഞാൻ പറയും. നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും.
സങ്കീർത്തനങ്ങൾ 122:1-9 സമകാലിക മലയാളവിവർത്തനം (MCV)
“നമുക്കു യഹോവയുടെ ആലയത്തിലേക്കു പോകാം,” എന്ന് അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ ആനന്ദിച്ചു. ജെറുശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ കവാടങ്ങൾക്കുള്ളിൽ നിൽക്കുന്നു. ഉറപ്പോടെ നിർമിക്കപ്പെട്ട ഒരു പട്ടണമാണ് ജെറുശലേം; അതു നല്ല സാന്ദ്രതയോടെ ചേർത്തിണക്കി പണിതിരിക്കുന്നു. അവിടെ ഗോത്രങ്ങൾ കയറിച്ചെല്ലുന്നു— യഹോവയുടെ ഗോത്രങ്ങൾ— ഇസ്രായേലിനു നൽകിയ നിയമത്തിനനുസൃതമായി യഹോവയുടെ നാമത്തിനു സ്തോത്രം അർപ്പിക്കാൻതന്നെ. അവിടെ ന്യായപാലനത്തിന് സിംഹാസനങ്ങൾ സ്ഥാപിച്ചിരിക്കുന്നു; ദാവീദുഗൃഹത്തിന്റെ സിംഹാസനങ്ങൾതന്നെ. ജെറുശലേമിന്റെ സമാധാനത്തിനായി പ്രാർഥിക്കുക: “ഈ പട്ടണത്തെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ. നിന്റെ കോട്ടകൾക്കുള്ളിൽ സമാധാനവും അരമനകൾക്കുള്ളിൽ ഐശ്വര്യവും കുടികൊള്ളട്ടെ.” എന്റെ സഹോദരങ്ങൾക്കും സ്നേഹിതർക്കുംവേണ്ടി, “നിന്നിൽ സമാധാനം ഉണ്ടാകട്ടെ,” എന്നു ഞാൻ പറയും. നമ്മുടെ ദൈവമായ യഹോവയുടെ ആലയത്തിനുവേണ്ടി ഞാൻ നിന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നു.