സങ്കീർത്തനങ്ങൾ 12:1-6

സങ്കീർത്തനങ്ങൾ 12:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാർ ഇല്ലാതെപോകുന്നു; വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു. ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടുംകൂടെ അവർ സംസാരിക്കുന്നു. കപടമുള്ള അധരങ്ങളെയൊക്കെയും വമ്പുപറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും. ഞങ്ങളുടെ നാവുകൊണ്ട് ഞങ്ങൾ ജയിക്കും; ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ; ഞങ്ങൾക്കു യജമാനൻ ആർ എന്ന് അവർ പറയുന്നു. എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീർഘശ്വാസവും നിമിത്തം ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷയ്ക്കായി കാംക്ഷിക്കുന്നവനെ ഞാൻ അതിലാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു. യഹോവയുടെ വചനങ്ങൾ നിർമ്മലവചനങ്ങൾ ആകുന്നു; നിലത്ത് ഉലയിൽ ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നെ.

സങ്കീർത്തനങ്ങൾ 12:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരാ, ഞങ്ങളെ രക്ഷിക്കണമേ, ദൈവഭക്തർ ഇല്ലാതായിരിക്കുന്നു. വിശ്വസ്തർ അപ്രത്യക്ഷരായിരിക്കുന്നു. എല്ലാവരും അയൽക്കാരനോടു പൊളി പറയുന്നു, അവരുടെ അധരങ്ങളിൽ മുഖസ്തുതിയും ഹൃദയങ്ങളിൽ വഞ്ചനയുമാണുള്ളത്. മുഖസ്തുതി പറയുന്ന അധരങ്ങളെയും വമ്പു പറയുന്ന നാവിനെയും സർവേശ്വരാ, അങ്ങ് ഛേദിച്ചുകളയണമേ. നാവുകൊണ്ടു ഞങ്ങൾ ജയിക്കും, അധരങ്ങൾ ഞങ്ങളെ രക്ഷിക്കും. ‘ആർ ഞങ്ങളെ നിയന്ത്രിക്കും’ എന്ന് അവർ വീമ്പടിക്കുന്നു. ദരിദ്രർ ചൂഷണം ചെയ്യപ്പെടുന്നു, എളിയവർ നെടുവീർപ്പിടുന്നു, അതുകൊണ്ടു ഞാനിതാ വരുന്നു അവർ കാംക്ഷിക്കുന്ന സംരക്ഷണം ഞാൻ അവർക്കു നല്‌കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. സർവേശ്വരന്റെ വാഗ്ദാനങ്ങൾ നിർവ്യാജമാണ്. ഏഴു പ്രാവശ്യം ഉലയിൽ കാച്ചിയ വെള്ളി പോലെയാണവ.

സങ്കീർത്തനങ്ങൾ 12:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാർ ഇല്ലാതെ പോകുന്നു; വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു; ഓരോരുത്തൻ അവനവന്‍റെ കൂട്ടുകാരനോട് വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടി അവർ സംസാരിക്കുന്നു. കപടമുള്ള അധരങ്ങളെ ഒക്കെയും വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും. “ഞങ്ങളുടെ നാവുകൊണ്ട് ഞങ്ങൾ ജയിക്കും; ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ; ഞങ്ങൾക്കു യജമാനൻ ആര്‍?” എന്നു അവർ പറയുന്നു. “എളിയവരുടെ പീഡയും ദരിദ്രന്മാരുടെ നെടുവീർപ്പും നിമിത്തം ഇപ്പോൾ ഞാൻ എഴുന്നേല്‍ക്കും; രക്ഷക്കായി കാംക്ഷിക്കുന്നവനെ ഞാൻ സംരക്ഷിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു. യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു; നിലത്ത് ഉലയിൽ ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നെ.

സങ്കീർത്തനങ്ങൾ 12:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാർ ഇല്ലാതെപോകുന്നു; വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു; ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടെ അവർ സംസാരിക്കുന്നു. കപടമുള്ള അധരങ്ങളെ ഒക്കെയും വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും. ഞങ്ങളുടെ നാവുകൊണ്ടു ഞങ്ങൾ ജയിക്കും; ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ; ഞങ്ങൾക്കു യജമാനൻ ആർ എന്നു അവർ പറയുന്നു. എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീർഘശ്വാസവുംനിമിത്തം ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷെക്കായി കാംക്ഷിക്കുന്നവനെ ഞാൻ അതിലാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു. യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു; നിലത്തു ഉലയിൽ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നേ.

സങ്കീർത്തനങ്ങൾ 12:1-6 സമകാലിക മലയാളവിവർത്തനം (MCV)

യഹോവേ, സഹായിക്കണമേ, ദൈവഭക്തർ ഇല്ലാതെപോകുന്നു; വിശ്വസ്തർ മനുഷ്യഗണത്തിൽനിന്നു മാഞ്ഞുപോയിരിക്കുന്നു. എല്ലാവരും തങ്ങളുടെ അയൽവാസികളോട് കളവുപറയുന്നു; അവർ അധരങ്ങളിൽ മുഖസ്തുതിയും ഹൃദയത്തിൽ വഞ്ചനയുംവെച്ച് സംസാരിക്കുന്നു. മുഖസ്തുതി പറയുന്ന എല്ലാ അധരങ്ങളും അഹന്തപൊഴിക്കുന്ന എല്ലാ നാവും യഹോവ മുറിച്ചെറിയട്ടെ— അവർ പറയുന്നു, “ഞങ്ങളുടെ നാവിനാൽ ഞങ്ങൾ ജയിക്കും; ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ— ആരാണ് ഇനി ഞങ്ങൾക്ക് ഭരണകർത്താവ്?” “പീഡിതരുടെ നാശവും ദരിദ്രരുടെ നെടുവീർപ്പും നിമിത്തം, ഞാൻ ഇപ്പോൾ എഴുന്നേൽക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “അവരുടെ പീഡകരിൽനിന്ന് ഞാൻ അവരെ കാത്തുരക്ഷിക്കും.” യഹോവയുടെ വചനങ്ങൾ കളങ്കരഹിതമാകുന്നു, കളിമണ്ണുലയിൽ ഏഴുപ്രാവശ്യം ഉരുക്കി, ശുദ്ധിചെയ്ത വെള്ളിപോലെയാണ്.