സങ്കീർത്തനങ്ങൾ 116:1-9
സങ്കീർത്തനങ്ങൾ 116:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ എന്റെ പ്രാർഥനയും യാചനകളും കേട്ടതുകൊണ്ട് ഞാൻ അവനെ സ്നേഹിക്കുന്നു. അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ട് ഞാൻ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും. മരണപാശങ്ങൾ എന്നെ ചുറ്റി, പാതാളവേദനകൾ എന്നെ പിടിച്ചു; ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു. അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു. യഹോവ കൃപയും നീതിയും ഉള്ളവൻ; നമ്മുടെ ദൈവം കരുണയുള്ളവൻ തന്നെ. യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; ഞാൻ എളിമപ്പെട്ടു, അവൻ എന്നെ രക്ഷിച്ചു. എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്ക് ഉപകാരം ചെയ്തിരിക്കുന്നു. നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു. ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.
സങ്കീർത്തനങ്ങൾ 116:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ സർവേശ്വരനെ സ്നേഹിക്കുന്നു, അവിടുന്ന് എന്റെ പ്രാർഥന കേട്ടിരിക്കുന്നുവല്ലോ. അവിടുന്ന് എന്റെ അപേക്ഷ ശ്രദ്ധിച്ചു. എന്റെ ആയുഷ്കാലം മുഴുവൻ ഞാനങ്ങയെ വിളിച്ചപേക്ഷിക്കും. മരണത്തിന്റെ കെണികൾ എന്നെ വളഞ്ഞു. പാതാളപാശങ്ങൾ എന്നെ ചുറ്റി. കൊടിയ ദുഃഖവും തീവ്രവേദനയും എന്നെ ഗ്രസിച്ചു. “സർവേശ്വരാ, എന്നെ രക്ഷിച്ചാലും” എന്നു ഞാൻ നിലവിളിച്ചുപറഞ്ഞു. സർവേശ്വരൻ കൃപാലുവും വിശ്വസ്തനും ആകുന്നു. നമ്മുടെ ദൈവം കരുണയുള്ളവനത്രേ. എളിയവരെ സർവേശ്വരൻ സംരക്ഷിക്കുന്നു. ഞാൻ തകർന്നുപോയപ്പോൾ അവിടുന്ന് എന്നെ രക്ഷിച്ചു. എന്റെ ആത്മാവേ, ശാന്തമാകൂ, സർവേശ്വരൻ നിന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നുവല്ലോ. അവിടുന്ന് എന്നെ മരണത്തിൽനിന്നും എന്റെ കണ്ണുകളെ കണ്ണീരിൽനിന്നും കാലുകളെ വീഴ്ചയിൽനിന്നും രക്ഷിച്ചു. ഞാൻ ജീവിക്കുന്നവരുടെ ദേശത്ത് സർവേശ്വരന്റെ മുമ്പാകെ വ്യാപരിക്കും.
സങ്കീർത്തനങ്ങൾ 116:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ട് ഞാൻ അവിടുത്തെ സ്നേഹിക്കുന്നു. കർത്താവ് തന്‍റെ ചെവി എങ്കലേക്ക് ചായിച്ചതുകൊണ്ട് ഞാൻ ജീവിതകാലമെല്ലാം ദൈവത്തെ വിളിച്ചപേക്ഷിക്കും മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു. “അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ” എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു. യഹോവ കൃപയും നീതിയും ഉള്ളവൻ; നമ്മുടെ ദൈവം കരുണയുള്ളവൻ തന്നെ. യഹോവ അല്പബുദ്ധികളെ സംരക്ഷിക്കുന്നു; കർത്താവ് എന്നെ എളിയവനാക്കി, എന്നെ രക്ഷിക്കുകയും ചെയ്തു. എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്കുക; എന്തെന്നാൽ യഹോവ എനിക്ക് നന്മ ചെയ്തിരിക്കുന്നു. അങ്ങ് എന്‍റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു. ഞാൻ ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെ മുമ്പാകെ നടക്കും.
സങ്കീർത്തനങ്ങൾ 116:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്നേഹിക്കുന്നു. അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ഞാൻ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു. അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു. യഹോവ കൃപയും നീതിയും ഉള്ളവൻ; നമ്മുടെ ദൈവം കരുണയുള്ളവൻ തന്നേ. യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; ഞാൻ എളിമപ്പെട്ടു, അവൻ എന്നെ രക്ഷിച്ചു. എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്കു ഉപകാരം ചെയ്തിരിക്കുന്നു. നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു. ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.
സങ്കീർത്തനങ്ങൾ 116:1-9 സമകാലിക മലയാളവിവർത്തനം (MCV)
അവിടന്ന് എന്നെ കേട്ടിരിക്കയാൽ, ഞാൻ യഹോവയെ സ്നേഹിക്കുന്നു; കരുണയ്ക്കായുള്ള എന്റെ യാചനയും അവിടന്ന് കേട്ടല്ലോ. അവിടത്തെ ചെവി എന്നിലേക്കു ചായ്ച്ചതുകൊണ്ട്, എന്റെ ജീവിതകാലമൊക്കെയും ഞാൻ അവിടത്തെ വിളിച്ചപേക്ഷിക്കും. മരണപാശങ്ങൾ എന്നെ ചുറ്റി, പാതാളവേദനകൾ എന്നെ പിടികൂടി; കഷ്ടവും സങ്കടവും എനിക്കു നേരിട്ടു. അപ്പോൾ “യഹോവേ, എന്നെ രക്ഷിക്കണമേ!” എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു. യഹോവ കൃപയും നീതിയുമുള്ളവൻ ആകുന്നു; നമ്മുടെ ദൈവം ദയാപൂർണൻതന്നെ. യഹോവ ലളിതമാനസരെ സംരക്ഷിക്കുന്നു; ഞാൻ ഞെരുക്കത്തിൽ ആയിരുന്നപ്പോൾ അവിടന്ന് എന്നെ രക്ഷിച്ചു. എൻ മനമേ, നിന്റെ സ്വസ്ഥതയിലേക്കു മടങ്ങിവരിക; യഹോവ നിനക്ക് നല്ലവനായിരിക്കുന്നല്ലോ. യഹോവേ, അവിടന്ന് എന്റെ ജീവനെ മരണത്തിൽനിന്നും എന്റെ കണ്ണുകളെ കണ്ണുനീരിൽനിന്നും എന്റെ കാലുകളെ വീഴ്ചയിൽനിന്നും വിടുവിച്ചിരിക്കുന്നു. ഞാൻ ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെമുമ്പാകെ നടക്കേണ്ടതിനുതന്നെ.