സങ്കീർത്തനങ്ങൾ 115:1-18
സങ്കീർത്തനങ്ങൾ 115:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിനു തന്നെ മഹത്ത്വം വരുത്തേണമേ. അവരുടെ ദൈവം ഇപ്പോൾ എവിടെ എന്നു ജാതികൾ പറയുന്നതെന്തിന്? നമ്മുടെ ദൈവമോ സ്വർഗത്തിൽ ഉണ്ട്; തനിക്ക് ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു. അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നെ. അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല. അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല. അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല. അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ. യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു; അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു. യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിപ്പിൻ; അവൻ അവരുടെ സഹായവും പരിചയും ആകുന്നു. യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും; അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; അവൻ അഹരോൻഗൃഹത്തെ അനുഗ്രഹിക്കും. അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും. യഹോവ നിങ്ങളെ മേല്ക്കുമേൽ വർധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ. ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു. സ്വർഗം യഹോവയുടെ സ്വർഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു. മരിച്ചവരും മൗനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല, നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിൻ.
സങ്കീർത്തനങ്ങൾ 115:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, അവിടുത്തെ വിശ്വസ്തതയും ശാശ്വതസ്നേഹവും നിമിത്തം അങ്ങേക്കു മാത്രമാണ് മഹത്ത്വം നല്‌കപ്പെടേണ്ടത്. ഞങ്ങൾ ഒരിക്കലും ഞങ്ങളെത്തന്നെ മഹത്ത്വപ്പെടുത്താൻ ഇടയാകരുതേ. “അവരുടെ ദൈവം എവിടെ?” എന്ന് അന്യജനതകൾ ചോദിക്കാൻ ഇടയാക്കുന്നതെന്തിന്? ഞങ്ങളുടെ ദൈവം സ്വർഗത്തിലാണ്, തന്റെ ഹിതത്തിനൊത്ത് അവിടുന്നു പ്രവർത്തിക്കുന്നു. അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും കൊണ്ടു നിർമ്മിച്ചവ. മനുഷ്യന്റെ കരവേല! അവയ്‍ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല, കണ്ണുണ്ടെങ്കിലും കാണുന്നില്ല. കാതുണ്ടെങ്കിലും കേൾക്കുന്നില്ല. മൂക്കുണ്ടെങ്കിലും മണത്തറിയുന്നില്ല. അവയ്‍ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല, കാലുണ്ടെങ്കിലും നടക്കുന്നില്ല. അവയുടെ കണ്ഠത്തിൽനിന്ന് ഒരു സ്വരവും പുറപ്പെടുന്നുമില്ല. അവയെ നിർമ്മിക്കുന്നവൻ അവയെപ്പോലെ തന്നെ. അവയിൽ ആശ്രയിക്കുന്നവരും അങ്ങനെ തന്നെ. ഇസ്രായേൽജനമേ, സർവേശ്വരനിൽ ആശ്രയിക്കുവിൻ, അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും. അഹരോൻവംശജരേ, സർവേശ്വരനിൽ ആശ്രയിക്കുവിൻ. അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും. ദൈവഭക്തന്മാരേ, സർവേശ്വരനിൽ ആശ്രയിക്കുവിൻ. അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും. സർവേശ്വരൻ നമ്മെക്കുറിച്ചു ശ്രദ്ധാലുവാണ്. അവിടുന്നു നമ്മെ അനുഗ്രഹിക്കും. അവിടുന്നു ഇസ്രായേൽജനത്തെ അനുഗ്രഹിക്കും. അവിടുന്ന് അഹരോൻവംശജരെ അനുഗ്രഹിക്കും. അവിടുത്തെ ഭക്തന്മാരായ ചെറിയവരെയും വലിയവരെയും അവിടുന്ന് അനുഗ്രഹിക്കും. സർവേശ്വരൻ നിങ്ങളെ വർധിപ്പിക്കട്ടെ. നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ, ആകാശവും ഭൂമിയും സൃഷ്‍ടിച്ച സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. സ്വർഗം സർവേശ്വരൻറേതാകുന്നു. ഭൂമിയെ അവിടുന്നു മനുഷ്യനു നല്‌കിയിരിക്കുന്നു. മരിച്ചവർ, നിശ്ശബ്ദതയിൽ ആണ്ടുപോയവർ തന്നെ, സർവേശ്വരനെ സ്തുതിക്കുന്നില്ല. എന്നാൽ നാം ഇന്നുമുതൽ എന്നേക്കും സർവേശ്വരനെ സ്തുതിക്കും. സർവേശ്വരനെ സ്തുതിക്കുവിൻ!
സങ്കീർത്തനങ്ങൾ 115:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, അങ്ങേയുടെ ദയയും വിശ്വസ്തതയും നിമിത്തം അങ്ങേയുടെ നാമത്തിന് തന്നെ മഹത്വം വരുത്തേണമേ. “അവരുടെ ദൈവം എവിടെ?” എന്നു ജനതകൾ പറയുന്നതെന്തിന്? നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്; തനിക്കു ഇഷ്ടമുള്ളതെല്ലാം അവിടുന്ന് ചെയ്യുന്നു. അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നെ. അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല. അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല. അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ട കൊണ്ടു സംസാരിക്കുന്നതുമില്ല. അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ. യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക; കർത്താവ് അവരുടെ സഹായവും പരിചയും ആകുന്നു; അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക; ദൈവം അവരുടെ സഹായവും പരിചയും ആകുന്നു. യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിക്കുക; ദൈവം അവരുടെ സഹായവും പരിചയും ആകുന്നു. യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവിടുന്ന് അനുഗ്രഹിക്കും; ദൈവം യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; ദൈവം അഹരോൻഗൃഹത്തെ അനുഗ്രഹിക്കും. ദൈവം യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും. യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ. ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു. സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവിടുന്ന് മനുഷ്യർക്ക് കൊടുത്തിരിക്കുന്നു. മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും യഹോവയെ സ്തുതിക്കുന്നില്ല. നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും.
സങ്കീർത്തനങ്ങൾ 115:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയുംനിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ. അവരുടെ ദൈവം ഇപ്പോൾ എവിടെ എന്നു ജാതികൾ പറയുന്നതെന്തിന്നു? നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു. അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ. അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല. അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല. അവെക്കു കയ്യുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല. അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ. യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു; അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു. യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിപ്പിൻ; അവൻ അവരുടെ സഹായവും പരിചയും ആകുന്നു. യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും; അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; അവൻ അഹരോൻഗൃഹത്തെ അനുഗ്രഹിക്കും. അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും. യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ. ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു. സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു. മരിച്ചവരും മൗനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല. നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിൻ.
സങ്കീർത്തനങ്ങൾ 115:1-18 സമകാലിക മലയാളവിവർത്തനം (MCV)
ഞങ്ങൾക്കല്ല യഹോവേ, ഞങ്ങൾക്കല്ല; അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയുംനിമിത്തം തിരുനാമത്തിനുതന്നെ മഹത്ത്വം ഉണ്ടാകട്ടെ. ജനതകളെക്കൊണ്ട് “അവരുടെ ദൈവം എവിടെ,” എന്നു ചോദിപ്പിക്കുന്നതെന്തിന്? ഞങ്ങളുടെ ദൈവം സ്വർഗത്തിലുണ്ട്; അവിടന്ന് തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുന്നു. എന്നാൽ അവരുടെ വിഗ്രഹങ്ങൾ വെള്ളിയും സ്വർണവുമാണ്; മനുഷ്യകരങ്ങളാൽ നിർമിതവുമാണ്. അവയ്ക്കു വായുണ്ട്, എന്നാൽ സംസാരിക്കാൻ കഴിയുന്നില്ല; കണ്ണുണ്ട്, എന്നാൽ കാണാൻ കഴിയുന്നില്ല. അവയ്ക്ക് കാതുണ്ട്, എന്നാൽ കേൾക്കാൻ കഴിയുന്നില്ല; മൂക്കുണ്ട് എങ്കിലും മണക്കുന്നില്ല. അവയ്ക്കു കൈയുണ്ട്, എങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ട്, എങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ട് സംസാരിക്കുന്നതിനും അവയ്ക്കു കഴിവില്ല. അവയെ നിർമിക്കുന്നവർ അവയെപ്പോലെയാകുന്നു, അവയിൽ ആശ്രയിക്കുന്ന എല്ലാവരും അങ്ങനെതന്നെ. ഇസ്രായേലേ, യഹോവയിൽ ആശ്രയിക്കുക— അവിടന്ന് അവരുടെ സഹായവും പരിചയും ആകുന്നു. അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക— അവിടന്ന് അവരുടെ സഹായവും പരിചയും ആകുന്നു. യഹോവയെ ഭയപ്പെടുന്ന എല്ലാവരുമേ, യഹോവയിൽ ആശ്രയിക്കുക— അവിടന്ന് അവരുടെ സഹായവും പരിചയും ആകുന്നു. യഹോവ നമ്മെ ഓർക്കുകയും അനുഗ്രഹിക്കുകയും ചെയ്യും: അവിടന്ന് ഇസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും അവിടന്ന് അഹരോൻഗൃഹത്തെ അനുഗ്രഹിക്കും യഹോവയെ ഭയപ്പെടുന്ന എല്ലാവരെയും അവിടന്ന് അനുഗ്രഹിക്കും— ചെറിയവരെയും വലിയവരെയും ഒരുപോലെതന്നെ. യഹോവ നിങ്ങളെ വർധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയുംതന്നെ. ആകാശവും ഭൂമിയും നിർമിച്ച യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെടുമാറാകട്ടെ. സ്വർഗം യഹോവയുടേതാകുന്നു, എന്നാൽ ഭൂമി അവിടന്ന് മനുഷ്യർക്കു നൽകിയിരിക്കുന്നു. മരിച്ചവരാരും യഹോവയെ വാഴ്ത്തുന്നില്ല, നിശ്ശബ്ദതയിൽ ആണ്ടുപോയവരും അങ്ങനെതന്നെ; എന്നാൽ നാമാണ് യഹോവയെ പുകഴ്ത്തുന്നത്, ഇന്നും എന്നെന്നേക്കും.