സങ്കീർത്തനങ്ങൾ 111:2-10

സങ്കീർത്തനങ്ങൾ 111:2-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയുടെ പ്രവൃത്തികൾ വലിയവയും അവയിൽ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു. അവന്റെ പ്രവൃത്തി മഹത്ത്വവും തേജസ്സും ഉള്ളത്; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു. അവൻ തന്റെ അദ്ഭുതങ്ങൾക്ക് ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നെ. തന്റെ ഭക്തന്മാർക്ക് അവൻ ആഹാരം കൊടുക്കുന്നു; അവൻ തന്റെ നിയമത്തെ എന്നേക്കും ഓർക്കുന്നു. ജാതികളുടെ അവകാശം അവൻ സ്വജനത്തിനു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു. അവന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു; അവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നെ. അവ എന്നന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു. അവൻ തന്റെ ജനത്തിന് വീണ്ടെടുപ്പ് അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു

സങ്കീർത്തനങ്ങൾ 111:2-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരന്റെ പ്രവൃത്തികൾ എത്ര മഹത്തരം! അതിൽ ആനന്ദിക്കുന്നവർ അവയെക്കുറിച്ചു ധ്യാനിക്കുന്നു. അവിടുത്തെ പ്രവൃത്തികൾ മഹത്തും തേജസ്സുറ്റതുമാണ്. അവിടുത്തെ നീതി ശാശ്വതമത്രേ. തന്റെ അദ്ഭുതപ്രവൃത്തികൾ അവിടുന്നു സ്മരണീയമാക്കിയിരിക്കുന്നു. അവിടുന്നു കൃപാലുവും കാരുണ്യവാനുമാകുന്നു. അവിടുന്നു തന്റെ ഭക്തന്മാർക്ക് ആഹാരം നല്‌കുന്നു. അവിടുന്നു തന്റെ ഉടമ്പടി എപ്പോഴും ഓർക്കുന്നു. അന്യജനതകളുടെ ദേശം അവിടുന്നു സ്വജനത്തിനു നല്‌കി. അവിടുന്നു തന്റെ ശക്തി അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു. അവിടുത്തെ പ്രവൃത്തികൾ വിശ്വസ്തവും നീതിയുക്തവുമാകുന്നു. അവിടുത്തെ പ്രമാണങ്ങൾ വിശ്വാസയോഗ്യം തന്നെ. അവ എന്നേക്കും നിലനില്‌ക്കുന്നു. സത്യസന്ധമായും വിശ്വസ്തമായും അവ അനുഷ്ഠിക്കപ്പെടേണ്ടതിനു തന്നെ. അവിടുന്നു തന്റെ ജനത്തെ വീണ്ടെടുത്തു. അവിടുന്ന് അവരോടു ശാശ്വതമായ ഉടമ്പടി ചെയ്തു. വിശുദ്ധവും ഭീതിദവുമാണ് അവിടുത്തെ നാമം. സർവേശ്വരനോടുള്ള ഭക്തിയാണ് ജ്ഞാനത്തിന്റെ ആരംഭം. അതു പരിശീലിക്കുന്നവർ വിവേകികളാകും. അവിടുന്ന് എന്നേക്കും പ്രകീർത്തിക്കപ്പെടും.

സങ്കീർത്തനങ്ങൾ 111:2-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവയുടെ പ്രവൃത്തികൾ വലിയവയും അവ ഇഷ്ടപ്പെടുന്നവർ എല്ലാവരും പഠിക്കേണ്ടതും ആകുന്നു. ദൈവത്തിന്‍റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളത്; അവിടുത്തെ നീതി എന്നേക്കും നിലനില്ക്കുന്നു. ദൈവം തന്‍റെ അത്ഭുതപ്രവൃത്തികൾ ഓർമ്മിക്കപ്പെടുവാൻ ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നെ. തന്‍റെ ഭക്തന്മാർക്ക് അവിടുന്ന് ആഹാരം കൊടുക്കുന്നു; ദൈവം തന്‍റെ ഉടമ്പടി എന്നേക്കും ഓർമ്മിക്കുന്നു. ജനതകളുടെ അവകാശം അവിടുന്ന് സ്വജനത്തിന് കൊടുത്തതിനാൽ തന്‍റെ പ്രവൃത്തികളുടെ ശക്തി അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു. ദൈവത്തിന്‍റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു; അവിടുത്തെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നെ. അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടി അനുഷ്ഠിക്കപ്പെടുന്നു. കർത്താവ് തന്‍റെ ജനത്തിന് വീണ്ടെടുപ്പ് അയച്ച്, തന്‍റെ ഉടമ്പടി എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവിടുത്തെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു. യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭമാകുന്നു; അവന്‍റെ കല്പനകൾ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ട്

സങ്കീർത്തനങ്ങൾ 111:2-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയുടെ പ്രവൃത്തികൾ വലിയവയും അവയിൽ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു. അവന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളതു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു. അവൻ തന്റെ അത്ഭുതങ്ങൾക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നേ. തന്റെ ഭക്തന്മാർക്കു അവൻ ആഹാരം കൊടുക്കുന്നു; അവൻ തന്റെ നിയമത്തെ എന്നേക്കും ഓർക്കുന്നു. ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു. അവന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു; അവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നേ. അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു. അവൻ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; അവയെ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ടു; അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.

സങ്കീർത്തനങ്ങൾ 111:2-10 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയുടെ പ്രവൃത്തികൾ വലിയവ; അവയിൽ ആനന്ദിക്കുന്നവരൊക്കെയും അവ ധ്യാനിക്കുന്നു. അവിടത്തെ പ്രവൃത്തികൾ മഹത്ത്വവും തേജസ്സും ഉള്ളവ, അവിടത്തെ നീതി എന്നേക്കും നിലനിൽക്കുന്നു. തന്റെ അത്ഭുതങ്ങൾ സ്മരിക്കപ്പെടാൻ അവിടന്ന് ഇടവരുത്തി; യഹോവ കരുണാമയനും കൃപാലുവും ആകുന്നു. തന്നെ ഭയപ്പെടുന്നവർക്ക് അവിടന്ന് ഭക്ഷണം നൽകുന്നു; അവിടന്ന് തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു. ഇതര ജനതകളുടെ ഓഹരി തന്റെ ജനത്തിനു നൽകി അവിടന്ന് തന്റെ പ്രവൃത്തികളുടെ ശക്തി അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു. അവിടത്തെ കരങ്ങളുടെ പ്രവൃത്തികൾ വിശ്വസ്തവും നീതിനിഷ്ഠവുമാകുന്നു; അവിടത്തെ പ്രമാണങ്ങൾ വിശ്വാസയോഗ്യമാണ്. അവ എന്നെന്നേക്കും നിലനിൽക്കുന്നു ഹൃദയപരമാർഥതയിലും വിശ്വസ്തതയിലും അവ പ്രാവർത്തികമാക്കുന്നു. അവിടന്ന് തന്റെ ജനത്തിന് വീണ്ടെടുപ്പ് നൽകുന്നു; തന്റെ ഉടമ്പടി അവിടന്ന് എന്നെന്നേക്കുമായി ഉറപ്പിച്ചിരിക്കുന്നു— അവിടത്തെ നാമം പരിശുദ്ധവും അത്ഭുതാവഹവും ആകുന്നു. യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു; അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്ന എല്ലാവർക്കും നല്ല വിവേകമുണ്ട്. നിത്യമഹത്ത്വം അവിടത്തേക്കുള്ളത്.