സങ്കീർത്തനങ്ങൾ 111:1-6
സങ്കീർത്തനങ്ങൾ 111:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയെ സ്തുതിപ്പിൻ. ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണഹൃദയത്തോടെ യഹോവയ്ക്ക് സ്തോത്രം ചെയ്യും. യഹോവയുടെ പ്രവൃത്തികൾ വലിയവയും അവയിൽ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു. അവന്റെ പ്രവൃത്തി മഹത്ത്വവും തേജസ്സും ഉള്ളത്; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു. അവൻ തന്റെ അദ്ഭുതങ്ങൾക്ക് ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നെ. തന്റെ ഭക്തന്മാർക്ക് അവൻ ആഹാരം കൊടുക്കുന്നു; അവൻ തന്റെ നിയമത്തെ എന്നേക്കും ഓർക്കുന്നു. ജാതികളുടെ അവകാശം അവൻ സ്വജനത്തിനു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 111:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനെ സ്തുതിക്കുവിൻ! പൂർണഹൃദയത്തോടെ നീതിനിഷ്ഠരുടെ ആരാധനാസഭയിൽ ഞാൻ സർവേശ്വരനു സ്തോത്രം അർപ്പിക്കും. സർവേശ്വരന്റെ പ്രവൃത്തികൾ എത്ര മഹത്തരം! അതിൽ ആനന്ദിക്കുന്നവർ അവയെക്കുറിച്ചു ധ്യാനിക്കുന്നു. അവിടുത്തെ പ്രവൃത്തികൾ മഹത്തും തേജസ്സുറ്റതുമാണ്. അവിടുത്തെ നീതി ശാശ്വതമത്രേ. തന്റെ അദ്ഭുതപ്രവൃത്തികൾ അവിടുന്നു സ്മരണീയമാക്കിയിരിക്കുന്നു. അവിടുന്നു കൃപാലുവും കാരുണ്യവാനുമാകുന്നു. അവിടുന്നു തന്റെ ഭക്തന്മാർക്ക് ആഹാരം നല്‌കുന്നു. അവിടുന്നു തന്റെ ഉടമ്പടി എപ്പോഴും ഓർക്കുന്നു. അന്യജനതകളുടെ ദേശം അവിടുന്നു സ്വജനത്തിനു നല്‌കി. അവിടുന്നു തന്റെ ശക്തി അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 111:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയെ സ്തുതിക്കുവിൻ. ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണ്ണഹൃദയത്തോടുകൂടി യഹോവയ്ക്കു സ്തോത്രം ചെയ്യും. യഹോവയുടെ പ്രവൃത്തികൾ വലിയവയും അവ ഇഷ്ടപ്പെടുന്നവർ എല്ലാവരും പഠിക്കേണ്ടതും ആകുന്നു. ദൈവത്തിന്‍റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളത്; അവിടുത്തെ നീതി എന്നേക്കും നിലനില്ക്കുന്നു. ദൈവം തന്‍റെ അത്ഭുതപ്രവൃത്തികൾ ഓർമ്മിക്കപ്പെടുവാൻ ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നെ. തന്റെ ഭക്തന്മാർക്ക് അവിടുന്ന് ആഹാരം കൊടുക്കുന്നു; ദൈവം തന്‍റെ ഉടമ്പടി എന്നേക്കും ഓർമ്മിക്കുന്നു. ജനതകളുടെ അവകാശം അവിടുന്ന് സ്വജനത്തിന് കൊടുത്തതിനാൽ തന്‍റെ പ്രവൃത്തികളുടെ ശക്തി അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 111:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയെ സ്തുതിപ്പിൻ. ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണ്ണഹൃദയത്തോടെ യഹോവെക്കു സ്തോത്രം ചെയ്യും. യഹോവയുടെ പ്രവൃത്തികൾ വലിയവയും അവയിൽ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു. അവന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളതു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു. അവൻ തന്റെ അത്ഭുതങ്ങൾക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നേ. തന്റെ ഭക്തന്മാർക്കു അവൻ ആഹാരം കൊടുക്കുന്നു; അവൻ തന്റെ നിയമത്തെ എന്നേക്കും ഓർക്കുന്നു. ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 111:1-6 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയെ വാഴ്ത്തുക. പരമാർഥികളുടെ സമിതിയിലും സഭയിലും പൂർണഹൃദയത്തോടെ ഞാൻ യഹോവയെ പുകഴ്ത്തും. യഹോവയുടെ പ്രവൃത്തികൾ വലിയവ; അവയിൽ ആനന്ദിക്കുന്നവരൊക്കെയും അവ ധ്യാനിക്കുന്നു. അവിടത്തെ പ്രവൃത്തികൾ മഹത്ത്വവും തേജസ്സും ഉള്ളവ, അവിടത്തെ നീതി എന്നേക്കും നിലനിൽക്കുന്നു. തന്റെ അത്ഭുതങ്ങൾ സ്മരിക്കപ്പെടാൻ അവിടന്ന് ഇടവരുത്തി; യഹോവ കരുണാമയനും കൃപാലുവും ആകുന്നു. തന്നെ ഭയപ്പെടുന്നവർക്ക് അവിടന്ന് ഭക്ഷണം നൽകുന്നു; അവിടന്ന് തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു. ഇതര ജനതകളുടെ ഓഹരി തന്റെ ജനത്തിനു നൽകി അവിടന്ന് തന്റെ പ്രവൃത്തികളുടെ ശക്തി അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു.