സങ്കീർത്തനങ്ങൾ 11:1-7
സങ്കീർത്തനങ്ങൾ 11:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു; പക്ഷികളേ, നിങ്ങളുടെ പർവതത്തിലേക്കു പറന്നുപോകുവിൻ എന്നു നിങ്ങൾ എന്നോടു പറയുന്നത് എങ്ങനെ? ഇതാ, ദുഷ്ടന്മാർ ഹൃദയപരമാർഥികളെ ഇരുട്ടത്ത് എയ്യേണ്ടതിനു വില്ലു കുലച്ച് അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു. അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തു ചെയ്യും? യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; യഹോവയുടെ സിംഹാസനം സ്വർഗത്തിൽ ആകുന്നു; അവന്റെ കണ്ണുകൾ ദർശിക്കുന്നു; അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധനചെയ്യുന്നു. യഹോവ നീതിമാനെ ശോധനചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു. ദുഷ്ടന്മാരുടെമേൽ അവൻ കെണികളെ വർഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും. യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവർ അവന്റെ മുഖം കാണും.
സങ്കീർത്തനങ്ങൾ 11:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനിൽ ഞാൻ അഭയം തേടുന്നു, പക്ഷിയെപ്പോലെ പറന്നുപോയി പർവതങ്ങളിൽ ഒളിക്കൂ എന്നു നിങ്ങൾക്കെന്നോടു പറയാൻ കഴിയുമോ? പരമാർഥഹൃദയമുള്ളവരെ ഇരുട്ടത്ത് എയ്യേണ്ടതിന്, ദുഷ്ടന്മാർ വില്ലു കുലച്ച് അസ്ത്രം തൊടുത്തിരിക്കുന്നു. അടിത്തറ തകർക്കപ്പെട്ടാൽ നീതിമാൻ എന്തു ചെയ്യും? സർവേശ്വരൻ അവിടുത്തെ വിശുദ്ധമന്ദിരത്തിലുണ്ട്. അവിടുത്തെ സിംഹാസനം സ്വർഗത്തിലാണ്. അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു, അവിടുന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സജ്ജനത്തെയും ദുർജനത്തെയും അവിടുന്നു പരിശോധിക്കുന്നു. അക്രമാസക്തരോട് അവിടുത്തേക്കു വെറുപ്പാണ്. ദുർജനത്തിന്മേൽ തീക്കനലും കത്തുന്ന ഗന്ധകവും അവിടുന്നു വർഷിക്കും. ഉഷ്ണക്കാറ്റാണ് ദൈവം അവർക്കു നല്‌കുന്ന ഓഹരി. സർവേശ്വരൻ നീതിമാനാണ്. അവിടുന്നു നീതിനിഷ്ഠമായ പ്രവൃത്തികൾ ഇഷ്ടപ്പെടുന്നു. നേരുള്ളവർ അവിടുത്തെ മുഖം ദർശിക്കും.
സങ്കീർത്തനങ്ങൾ 11:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു; “പക്ഷികളേപ്പോലെ, നിങ്ങളുടെ പർവ്വതത്തിലേക്കു പറന്നുപോകൂ” എന്നു നിങ്ങൾ എന്നോട് പറയുന്നതെങ്ങനെ? ”ഇതാ, ദുഷ്ടന്മാർ ഹൃദയപരമാർത്ഥികളെ ഇരുട്ടത്ത് എയ്യേണ്ടതിന് വില്ലു കുലച്ച് അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു. അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?” എന്നിങ്ങനെ നിങ്ങൾ എന്നോട് പറയുന്നതെങ്ങനെ? യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു; അവിടുത്തെ കണ്ണുകൾ ദർശിക്കുന്നു; അവിടുത്തെ കൺപോളകൾ മനുഷ്യപുത്രന്മാരെ പരിശോധന ചെയ്യുന്നു. യഹോവ നീതിമാനെ പരിശോധിക്കുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും തിരുവുള്ളം വെറുക്കുന്നു. ദുഷ്ടന്മാരുടെമേൽ അവിടുന്ന് തീക്കട്ട വർഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും. യഹോവ നീതിമാൻ; അവിടുന്ന് നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവർ അവിടുത്തെ മുഖം കാണും.
സങ്കീർത്തനങ്ങൾ 11:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു; പക്ഷികളേ, നിങ്ങളുടെ പർവ്വതത്തിലേക്കു പറന്നുപോകുവിൻ എന്നു നിങ്ങൾ എന്നോടു പറയുന്നതു എങ്ങനെ? ഇതാ, ദുഷ്ടന്മാർ ഹൃദയപരമാർത്ഥികളെ ഇരുട്ടത്തു എയ്യേണ്ടതിന്നു വില്ലു കുലെച്ചു അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു. അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും? യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു; അവന്റെ കണ്ണുകൾ ദർശിക്കുന്നു; അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു. യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു. ദുഷ്ടന്മാരുടെമേൽ അവൻ കണികളെ വർഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും. യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവർ അവന്റെ മുഖം കാണും.
സങ്കീർത്തനങ്ങൾ 11:1-7 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയിൽ ഞാൻ അഭയംതേടുന്നു. “ഒരു പക്ഷി എന്നപോലെ, നിന്റെ പർവതത്തിലേക്കു പറന്നുപോകൂ,” എന്നു നിങ്ങൾക്കെങ്ങനെ എന്നോടു പറയാൻകഴിയും: “ഇതാ, ദുഷ്ടർ വില്ലുകുലച്ച്, അസ്ത്രം ഞാണിന്മേൽ തൊടുത്തിരിക്കുന്നു; ഇരുട്ടത്തിരുന്ന് ഹൃദയപരമാർഥികളെ എയ്തുവീഴ്ത്തേണ്ടതിനാണത്. അടിസ്ഥാനങ്ങൾ തകർന്നുപോകുമ്പോൾ, നീതിനിഷ്ഠർക്ക് എന്തുചെയ്യാൻ കഴിയും?” യഹോവ അവിടത്തെ വിശുദ്ധമന്ദിരത്തിലുണ്ട്; യഹോവ സ്വർഗസിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു. അവിടന്ന് ഭൂമിയിലുള്ള സകലമനുഷ്യരെയും നിരീക്ഷിക്കുന്നു; അവിടത്തെ കണ്ണുകൾ അവരെ പരിശോധിക്കുന്നു. യഹോവ നീതിനിഷ്ഠരെ പരിശോധിക്കുന്നു. എന്നാൽ ദുഷ്ടരെയും അക്രമാസക്തരെയും, അവിടത്തെ ഹൃദയം വെറുക്കുന്നു. ദുഷ്ടരുടെമേൽ അവിടന്ന് എരിയുന്ന തീക്കനലും കത്തിജ്വലിക്കുന്ന ഗന്ധകവും വർഷിക്കുന്നു; ചുട്ടുപൊള്ളിക്കുന്ന കാറ്റാണ് അവരുടെ ഓഹരി. കാരണം യഹോവ നീതിമാൻ ആകുന്നു, അവിടന്ന് നീതി ഇഷ്ടപ്പെടുന്നു; പരമാർഥികൾ തിരുമുഖം ദർശിക്കും. സംഗീതസംവിധായകന്. അഷ്ടമരാഗത്തിൽ.