സങ്കീർത്തനങ്ങൾ 108:1-6
സങ്കീർത്തനങ്ങൾ 108:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ഞാൻ പാടും; എന്റെ മനംകൊണ്ട് ഞാൻ കീർത്തനം പാടും. വീണയും കിന്നരവുമായുള്ളോവേ, ഉണരുവിൻ; ഞാൻ അതികാലത്തെ ഉണരും. യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്ക് സ്തോത്രം ചെയ്യും; ജാതികളുടെ മധ്യേ ഞാൻ നിനക്കു കീർത്തനം പാടും. നിന്റെ ദയ ആകാശത്തിനുമീതെ വലുതാകുന്നു; നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു. ദൈവമേ, നീ ആകാശത്തിനുമീതെ ഉയർന്നിരിക്കേണമേ; നിന്റെ മഹത്ത്വം സർവഭൂമിക്കും മീതെ തന്നെ. നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിനു നിന്റെ വലംകൈകൊണ്ടു രക്ഷിച്ചു ഞങ്ങൾക്ക് ഉത്തരമരുളേണമേ.
സങ്കീർത്തനങ്ങൾ 108:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവമേ, എന്റെ മനസ്സ് അചഞ്ചലമാണ്, എന്റെ മനസ്സ് അചഞ്ചലമാണ്. ഞാൻ പാടി അങ്ങയെ പ്രകീർത്തിക്കും. എന്റെ ആത്മാവേ, ഉണരുക. വീണയും കിന്നരവും ഉണരട്ടെ. ഞാൻ പ്രഭാതത്തെ പാടിയുണർത്തും. സർവേശ്വരാ, ജനതകളുടെ മധ്യേ ഞാൻ അങ്ങയെ വാഴ്ത്തും. അന്യജനതകളുടെ മധ്യേ ഞാൻ അങ്ങയെ പ്രകീർത്തിക്കും. അവിടുത്തെ അചഞ്ചലസ്നേഹം ആകാശത്തെക്കാൾ ഉന്നതമാണ്. അവിടുത്തെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു. ദൈവമേ, അവിടുത്തെ മഹത്ത്വം ആകാശത്തിലെങ്ങും വെളിപ്പെടുത്തണമേ. അവിടുത്തെ തേജസ്സ് ഭൂമിയിലെങ്ങും വ്യാപിക്കട്ടെ. അവിടുത്തെ വലങ്കൈയാൽ എന്നെ രക്ഷിക്കണമേ. എന്റെ പ്രാർഥനയ്‍ക്ക് ഉത്തരമരുളിയാലും; അവിടുന്നു സ്നേഹിക്കുന്ന ജനം വിടുവിക്കപ്പെടട്ടെ.
സങ്കീർത്തനങ്ങൾ 108:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ഞാൻ പാടും; എന്‍റെ ഉള്ളംകൊണ്ട് ഞാൻ കീർത്തനം പാടും. വീണയും കിന്നരവുമേ, ഉണരുവിൻ; അതിരാവിലെ ഞാൻ തന്നെ ഉണരും. യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും; ജനതകളുടെ മദ്ധ്യേ ഞാൻ അങ്ങേക്ക് കീർത്തനം പാടും. അങ്ങേയുടെ ദയ ആകാശത്തിന് മീതെ വലുതാകുന്നു; അങ്ങേയുടെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു. ദൈവമേ, അങ്ങ് ആകാശത്തിനു മീതെ ഉയർന്നിരിക്കേണമേ; അങ്ങേയുടെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നെ. അങ്ങേക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന് അങ്ങേയുടെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളേണമേ.
സങ്കീർത്തനങ്ങൾ 108:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാൻ പാടും; എന്റെ മനംകൊണ്ടു ഞാൻ കീർത്തനം പാടും. വീണയും കിന്നരവുമായുള്ളോവേ, ഉണരുവിൻ; ഞാൻ അതികാലത്തെ ഉണരും. യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാൻ നിനക്കു കീർത്തനം പാടും. നിന്റെ ദയ ആകാശത്തിന്നു മീതെ വലുതാകുന്നു; നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു. ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ; നിന്റെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നേ. നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്നുവ നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങൾക്കു ഉത്തരമരുളേണമേ.
സങ്കീർത്തനങ്ങൾ 108:1-6 സമകാലിക മലയാളവിവർത്തനം (MCV)
ദൈവമേ, എന്റെ ഹൃദയം അങ്ങയിൽ പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു; ഞാൻ പാടും, പൂർണഹൃദയത്തോടെ ഞാൻ പാടിപ്പുകഴ്ത്തും. വീണയേ, കിന്നരമേ, ഉണരുക! ഞാൻ ഉഷസ്സിനെ ഉണർത്തും. യഹോവേ, ഞാൻ അങ്ങയെ ജനതകളുടെ മധ്യേ പുകഴ്ത്തും; ഞാൻ ജനതകളുടെ മധ്യേ അങ്ങയെ പാടിപ്പുകഴ്ത്തും. കാരണം അവിടത്തെ അചഞ്ചലസ്നേഹം ആകാശത്തെക്കാൾ ഉന്നതം; അവിടത്തെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു. ദൈവമേ, അവിടന്ന് ആകാശത്തിനുമീതേ ഉന്നതനായിരിക്കണമേ; അവിടത്തെ മഹത്ത്വം സർവഭൂമിയിലും വിളങ്ങട്ടെ. ഞങ്ങളെ രക്ഷിക്കണമേ, അവിടത്തെ വലംകരത്താൽ ഞങ്ങളെ സഹായിക്കണമേ, അങ്ങനെ അവിടത്തേക്ക് പ്രിയരായവരെ വിടുവിക്കണമേ.