സങ്കീർത്തനങ്ങൾ 106:24-31

സങ്കീർത്തനങ്ങൾ 106:24-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവർ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല. അവർ തങ്ങളുടെ കൂടാരങ്ങളിൽവച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു. അതുകൊണ്ട് അവൻ: മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയിൽ നശിപ്പിക്കുമെന്നും അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്കു വിരോധമായി തന്റെ കൈ ഉയർത്തി സത്യം ചെയ്തു. അനന്തരം അവർ ബാൽപെയോരിനോടു ചേർന്നു; പ്രേതങ്ങൾക്കുള്ള ബലികളെ തിന്നു. ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; പെട്ടെന്ന് ഒരു ബാധ അവർക്കു തട്ടി. അപ്പോൾ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിർത്തലാകയും ചെയ്തു. അത് എന്നേക്കും തലമുറതലമുറയായി അവന് നീതിയായി എണ്ണിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 106:24-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവർ മനോഹരമായ ദേശം നിരസിച്ചു. അവർ ദൈവത്തിന്റെ വാഗ്ദാനം വിശ്വസിച്ചില്ലല്ലോ. അവർ തങ്ങളുടെ കൂടാരങ്ങളിലിരുന്നു പിറുപിറുത്തു. സർവേശ്വരന്റെ സ്വരം ശ്രദ്ധിച്ചില്ല. അതുകൊണ്ടു മരുഭൂമിയിൽവച്ച് അവരെ നശിപ്പിക്കുമെന്നും, അവരുടെ സന്തതികളെ അന്യജനതകളുടെയും രാജ്യങ്ങളുടെയും ഇടയിൽ ചിതറിക്കുമെന്നും അവിടുന്നു കരമുയർത്തി സത്യം ചെയ്തു. അവർ പെയോരിൽ ബാൽദേവനെ ആരാധിച്ചു, മരിച്ചവർക്ക് അർപ്പിച്ച വസ്തുക്കൾ ഭക്ഷിച്ചു. ഇങ്ങനെ അവർ തങ്ങളുടെ പ്രവൃത്തികളാൽ സർവേശ്വരനെ പ്രകോപിപ്പിച്ചു. അവരുടെ ഇടയിൽ പകർച്ചവ്യാധി പടർന്നു പിടിച്ചു. അപ്പോൾ ഫീനെഹാസ് ഇടപെട്ടു കുറ്റക്കാരെ ശിക്ഷിച്ചു. അതോടെ പകർച്ചവ്യാധി ശമിച്ചു. അദ്ദേഹത്തിന്റെ പ്രവൃത്തി നീതിയായി കണക്കാക്കപ്പെടുന്നു. അത് അങ്ങനെതന്നെ എന്നേക്കും കരുതപ്പെടുന്നു.

സങ്കീർത്തനങ്ങൾ 106:24-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവർ മനോഹരദേശത്തെ നിരസിച്ചു; അവിടുത്തെ വചനം വിശ്വസിച്ചതുമില്ല. അവർ അവരുടെ കൂടാരങ്ങളിൽവച്ച് പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു. അതുകൊണ്ട് ദൈവം അവരെ മരുഭൂമിയിൽ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജനതകളുടെ ഇടയിൽ നശിപ്പിക്കുമെന്നും അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്ക് വിരോധമായി തന്‍റെ കൈ ഉയർത്തി സത്യംചെയ്തു. അനന്തരം അവർ ബാൽ-പെയോരിനോട് ചേർന്നു; മരിച്ചവർക്കുള്ള ബലികൾ തിന്നു. ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ കർത്താവിനെ കോപിപ്പിച്ചു; പെട്ടെന്ന് അവർക്ക് ഒരു ബാധ തട്ടി. അപ്പോൾ ഫീനെഹാസ് എഴുന്നേറ്റ് ശിക്ഷ നടത്തി; ബാധ നിന്നുപോകുകയും ചെയ്തു. അത് തലമുറതലമുറയായി എന്നേക്കും അവന് നീതിയായി എണ്ണിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 106:24-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവർ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല. അവർ തങ്ങളുടെ കൂടാരങ്ങളിൽവെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു. അതുകൊണ്ടു അവൻ: മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയിൽ നശിപ്പിക്കുമെന്നും അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്കു വിരോധമായി തന്റെ കൈ ഉയർത്തി സത്യംചെയ്തു. അനന്തരം അവർ ബാൽപെയോരിനോടു ചേർന്നു; പ്രേതങ്ങൾക്കുള്ള ബലികളെ തിന്നു. ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; പെട്ടെന്നു ഒരു ബാധ അവർക്കു തട്ടി. അപ്പോൾ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിർത്തലാകയും ചെയ്തു. അതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായിഎണ്ണിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 106:24-31 സമകാലിക മലയാളവിവർത്തനം (MCV)

അവർ മനോഹരദേശത്തെ നിരസിച്ചു; അവിടത്തെ വാഗ്ദാനം അവർ വിശ്വസിച്ചതുമില്ല. തങ്ങളുടെ കൂടാരങ്ങളിലിരുന്നവർ പിറുപിറുത്തു യഹോവയുടെ ശബ്ദം അനുസരിച്ചതുമില്ല. അതുകൊണ്ട് അവിടന്ന് അവരെ മരുഭൂമിയിൽ വീഴ്ത്തുമെന്നും അവരുടെ സന്തതികളെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ച്, വിദൂരദേശങ്ങളിലേക്കവരെ നാടുകടത്തുമെന്നും അവിടന്ന് കൈ ഉയർത്തി അവരോട് ശപഥംചെയ്തു. അവർ പെയോരിലെ ബാലിനോട് ചേർന്നു ജീവനില്ലാത്ത ദേവന്മാർക്ക് അർപ്പിച്ച ബലിപ്രസാദം അവർ ഭക്ഷിച്ചു; തങ്ങളുടെ അധർമപ്രവൃത്തികളാൽ അവർ യഹോവയെ കോപിപ്പിച്ചു, ഒരു മഹാമാരി അവർക്കിടയിൽ പൊട്ടിപ്പുറപ്പെട്ടു. എന്നാൽ ഫീനെഹാസ് എഴുന്നേറ്റ് അവസരോചിതമായി പ്രവർത്തിച്ചു, മഹാമാരി നിലയ്ക്കുകയും ചെയ്തു. അത് അദ്ദേഹത്തിന് നീതിയായി കണക്കിടപ്പെട്ടു; അനന്തമായി ഇനിയും വരാനിരിക്കുന്ന തലമുറകളിലേക്കും.