സങ്കീർത്തനങ്ങൾ 106:13-18
സങ്കീർത്തനങ്ങൾ 106:13-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എങ്കിലും അവർ വേഗത്തിൽ അവന്റെ പ്രവൃത്തികളെ മറന്നു; അവന്റെ ആലോചനയ്ക്ക് കാത്തിരുന്നതുമില്ല. മരുഭൂമിയിൽവച്ച് അവർ ഏറ്റവും മോഹിച്ചു; നിർജനപ്രദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു. അവർ അപേക്ഷിച്ചത് അവൻ അവർക്കു കൊടുത്തു; എങ്കിലും അവരുടെ പ്രാണന് ക്ഷയം അയച്ചു. പാളയത്തിൽവച്ച് അവർ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു. ഭൂമി പിളർന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു. അവരുടെ കൂട്ടത്തിൽ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.
സങ്കീർത്തനങ്ങൾ 106:13-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ, അവർ പെട്ടെന്ന് അവിടുത്തെ പ്രവൃത്തികൾ വിസ്മരിച്ചു. അവിടുത്തെ ഉപദേശത്തിനായി കാത്തിരുന്നില്ല. മരുഭൂമിയിൽവച്ച് അവർക്കു ഭക്ഷണത്തോട് ആർത്തിയുണ്ടായി. അവർ ദൈവത്തെ പരീക്ഷിച്ചു. അവർ ചോദിച്ചത് അവിടുന്ന് അവർക്കു നല്‌കി. എന്നാൽ അവിടുന്ന് അവരുടെ ഇടയിലേക്ക് ഒരു മഹാരോഗം അയച്ചു. മരുഭൂമിയിൽ പാളയമടിച്ചിരുന്നപ്പോൾ, അവർ മോശയോടും സർവേശ്വരന്റെ വിശുദ്ധദാസനായ അഹരോനോടും അസൂയാലുക്കളായി. അപ്പോൾ ഭൂമി പിളർന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെ മൂടിക്കളഞ്ഞു. ദൈവം അവരുടെ അനുയായികളുടെ ഇടയിലേക്ക് അഗ്നി അയച്ചു. അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.
സങ്കീർത്തനങ്ങൾ 106:13-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എങ്കിലും അവർ വേഗത്തിൽ കർത്താവിന്‍റെ പ്രവൃത്തികളെ മറന്നു; ദൈവത്തിന്‍റെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല. മരുഭൂമിയിൽവച്ച് അവർ ഏറ്റവും മോഹിച്ചു; നിർജ്ജനപ്രദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു. അവർ അപേക്ഷിച്ചത് ദൈവം അവർക്ക് കൊടുത്തു; എങ്കിലും അവരുടെ പ്രാണന് ക്ഷയം അയച്ചു. പാളയത്തിൽവച്ച് അവർ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു. ഭൂമി പിളർന്ന് ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു. അവരുടെ കൂട്ടത്തിൽ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.
സങ്കീർത്തനങ്ങൾ 106:13-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എങ്കിലും അവർ വേഗത്തിൽ അവന്റെ പ്രവൃത്തികളെ മറന്നു; അവന്റെ ആലോചനെക്കു കാത്തിരുന്നതുമില്ല. മരുഭൂമിയിൽവെച്ചു അവർ ഏറ്റവും മോഹിച്ചു; നിർജ്ജനപ്രദേശത്തു അവർ ദൈവത്തെ പരീക്ഷിച്ചു. അവർ അപേക്ഷിച്ചതു അവൻ അവർക്കുകൊടുത്തു; എങ്കിലും അവരുടെ പ്രാണന്നു ക്ഷയം അയച്ചു. പാളയത്തിൽവെച്ചു അവർ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു. ഭൂമി പിളർന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു. അവരുടെ കൂട്ടത്തിൽ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.
സങ്കീർത്തനങ്ങൾ 106:13-18 സമകാലിക മലയാളവിവർത്തനം (MCV)
എങ്കിലും അതിവേഗത്തിൽ അവർ അവിടത്തെ പ്രവൃത്തികൾ വിസ്മരിച്ചു അവിടത്തെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല. മരുഭൂമിയിൽവെച്ച് അവർ അത്യാർത്തിക്ക് അടിമപ്പെട്ടു; വിജനദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു. അതിനാൽ അവർ ആശിച്ചതുതന്നെ അവിടന്ന് അവർക്കു നൽകി, എന്നാൽ ഒരു മഹാവ്യാധിയും അവർക്കിടയിലേക്ക് അയച്ചു. പാളയത്തിൽവെച്ച് അവർ മോശയോടും യഹോവയ്ക്കായി വിശുദ്ധീകരിക്കപ്പെട്ട അഹരോനോടും അസൂയപ്പെട്ടു. ഭൂമി വായ്‌പിളർന്ന് ദാഥാനെ വിഴുങ്ങി; അബീരാമിന്റെ സംഘത്തെ മൂടിക്കളഞ്ഞു. അവരുടെ അനുയായികൾക്കിടയിൽ അഗ്നി ജ്വലിച്ചു; ആ ദുഷ്ടരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു.