സങ്കീർത്തനങ്ങൾ 106:1-6

സങ്കീർത്തനങ്ങൾ 106:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയെ സ്തുതിപ്പിൻ; യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളത്. യഹോവയുടെ വീര്യപ്രവൃത്തികളെ ആർ വർണിക്കും? അവന്റെ സ്തുതിയെയൊക്കെയും ആർ വിവരിക്കും? ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവരും ഭാഗ്യവാന്മാർ. യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിനും നിന്റെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിനും നിന്റെ അവകാശത്തോടുകൂടെ പുകഴേണ്ടതിനും നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്ത്, നിന്റെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കേണമേ. ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു.

സങ്കീർത്തനങ്ങൾ 106:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരനെ സ്തുതിക്കുവിൻ. സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ. അവിടുന്നു നല്ലവനല്ലോ! അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. സർവേശ്വരന്റെ വീരകൃത്യങ്ങൾ വർണിക്കാൻ ആർക്കു കഴിയും. അവിടുത്തെ മഹത്ത്വത്തെ പ്രകീർത്തിക്കാൻ ആർക്കു സാധിക്കും? ന്യായം പാലിക്കുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ. സർവേശ്വരാ, സ്വജനത്തോടു കരുണ കാട്ടുമ്പോൾ എന്നെയും ഓർക്കണമേ. അവരെ വിടുവിക്കുമ്പോൾ എന്നെയും കടാക്ഷിക്കണമേ. അങ്ങു തിരഞ്ഞെടുത്തവരുടെ ഐശ്വര്യം ഞാൻ കാണട്ടെ. അവിടുത്തെ ജനതയുടെ സന്തോഷത്തിൽ ഞാൻ ആനന്ദിക്കട്ടെ. അവിടുത്തെ അവകാശമായ ജനത്തോടൊപ്പം ഞാനും അഭിമാനംകൊള്ളട്ടെ. ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും പാപം ചെയ്തു; ഞങ്ങൾ അധർമവും ദുഷ്ടതയും പ്രവർത്തിച്ചു.

സങ്കീർത്തനങ്ങൾ 106:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവയെ സ്തുതിക്കുവിൻ; യഹോവയ്ക്കു സ്തോത്രം ചെയ്യുവീൻ; ദൈവം നല്ലവനല്ലയോ; അവിടുത്തെ ദയ എന്നേക്കും ഉള്ളത്. യഹോവയുടെ വീര്യപ്രവൃത്തികളെ ആര്‍ വർണ്ണിക്കും? അവിടുത്തെ സ്തുതിയെപ്പറ്റി എല്ലാം ആര്‍ വിവരിക്കും? ന്യായം പ്രമാണിക്കുന്നവരും എല്ലായ്‌പ്പോഴും നീതി പ്രവർത്തിക്കുന്നവരും ഭാഗ്യവാന്മാർ. യഹോവേ, അങ്ങേയുടെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർക്കേണമേ; അങ്ങേയുടെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കേണമേ. അങ്ങനെ ഞാൻ അവിടുന്ന് തിരഞ്ഞെടുത്തവരുടെ നന്മ കാണട്ടെ അങ്ങേയുടെ ജനത്തിന്‍റെ സന്തോഷത്തിൽ സന്തോഷിക്കട്ടെ അങ്ങേയുടെ അവകാശമായവരോടൊപ്പം ഞാനും അങ്ങയിൽ പുകഴട്ടെ. ഞങ്ങൾ ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ പാപംചെയ്തു; ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു.

സങ്കീർത്തനങ്ങൾ 106:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു. യഹോവയുടെ വീര്യപ്രവൃത്തികളെ ആർ വർണ്ണിക്കും? അവന്റെ സ്തുതിയെ ഒക്കെയും ആർ വിവരിക്കും? ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവനും ഭാഗ്യവാന്മാർ. യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിന്നും നിന്റെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിന്നും നിന്റെ അവകാശത്തോടുകൂടെ പുകഴേണ്ടതിന്നും നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്തു, നിന്റെ രക്ഷകൊണ്ടു എന്നെ സന്ദർശിക്കേണമേ. ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു.

സങ്കീർത്തനങ്ങൾ 106:1-6 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയെ വാഴ്ത്തുക. യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. യഹോവയുടെ വീര്യപ്രവൃത്തികൾ പരിപൂർണമായി വർണിക്കുന്നതിനോ അവിടത്തെ സ്തുതി ഘോഷിക്കുന്നതിനോ ആർക്കു കഴിയും? ന്യായം പാലിക്കുന്നവർ അനുഗൃഹീതർ, എപ്പോഴും നീതി പ്രവർത്തിക്കുന്നവരും അങ്ങനെതന്നെ. യഹോവേ, അങ്ങു തന്റെ ജനത്തിന് കാരുണ്യംചൊരിയുമ്പോൾ എന്നെ ഓർക്കണമേ, അവിടത്തെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കണമേ, അങ്ങനെ ഞാൻ അവിടന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ അഭിവൃദ്ധി ആസ്വദിക്കും. അവിടത്തെ ജനതയുടെ ആഹ്ലാദത്തിൽ ഞാനും പങ്കുചേരട്ടെ, അവിടത്തെ അവകാശമായവരോടൊപ്പം ഞാനും അങ്ങയിൽ പുകഴട്ടെ. ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ ഞങ്ങളും പാപംചെയ്തു; ഞങ്ങൾ തെറ്റുചെയ്തിരിക്കുന്നു! ഞങ്ങൾ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു!