സങ്കീർത്തനങ്ങൾ 104:16-35
സങ്കീർത്തനങ്ങൾ 104:16-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്തിവരുന്നു; അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നെ. അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; പെരുഞ്ഞാറയ്ക്കു സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു. ഉയർന്ന മലകൾ കാട്ടാടുകൾക്കും പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു. അവൻ കാലനിർണയത്തിനായി ചന്ദ്രനെ നിയമിച്ചു; സൂര്യൻ തന്റെ അസ്തമയത്തെ അറിയുന്നു. നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു. ബാലസിംഹങ്ങൾ ഇരയ്ക്കായി അലറുന്നു; അവ ദൈവത്തോട് തങ്ങളുടെ ആഹാരം ചോദിക്കുന്നു. സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു. മനുഷ്യൻ തന്റെ പണിക്കു പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലയ്ക്കായി തന്നെ. യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെയൊക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്‍ടികളാൽ നിറഞ്ഞിരിക്കുന്നു. വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ട്. അതിൽ കപ്പലുകൾ ഓടുന്നു; അതിൽ കളിപ്പാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ട്. തക്കസമയത്ത് തീൻ കിട്ടേണ്ടതിന് ഇവയൊക്കെയും നിന്നെ കാത്തിരിക്കുന്നു. നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോൾ അവയ്ക്ക് നന്മകൊണ്ടു തൃപ്തിവരുന്നു. തിരുമുഖത്തെ മറയ്ക്കുമ്പോൾ അവ ഭ്രമിച്ചുപോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്ത് പൊടിയിലേക്കു തിരികെ ചേരുന്നു; നീ നിന്റെ ശ്വാസം അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു. യഹോവയുടെ മഹത്ത്വം എന്നേക്കും നില്ക്കുമാറാകട്ടെ; യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ. അവൻ ഭൂമിയെ നോക്കുന്നു, അതു വിറയ്ക്കുന്നു; അവൻ മലകളെ തൊടുന്നു, അവ പുകയുന്നു. എന്റെ ആയുഷ്കാലത്തൊക്കെയും ഞാൻ യഹോവയ്ക്കു പാടും; ഞാൻ ഉള്ളേടത്തോളം എന്റെ ദൈവത്തിന് കീർത്തനം പാടും. എന്റെ ധ്യാനം അവനു പ്രസാദകരമായിരിക്കട്ടെ; ഞാൻ യഹോവയിൽ സന്തോഷിക്കും. പാപികൾ ഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എൻ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിപ്പിൻ.
സങ്കീർത്തനങ്ങൾ 104:16-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
താൻ നട്ടുവളർത്തുന്ന ലെബാനോനിലെ, ദേവദാരുക്കൾക്ക് അവിടുന്ന് സമൃദ്ധമായ മഴ കൊടുക്കുന്നു. അവയിൽ പക്ഷികൾ കൂടു കെട്ടുന്നു, കൊക്കുകൾ അവയിൽ ചേക്കേറുന്നു. ഉയർന്ന മലകൾ കാട്ടാടുകളുടെ സങ്കേതം, പാറകളുടെ വിള്ളലുകൾ കുഴിമുയലുകളുടെ പാർപ്പിടം. ഋതുക്കൾ നിർണയിക്കാൻ അവിടുന്നു ചന്ദ്രനെ സൃഷ്‍ടിച്ചു. സൂര്യന് അസ്തമയസമയം അറിയാം. അങ്ങു ഇരുട്ടു വരുത്തുന്നു; അപ്പോൾ രാത്രിയുണ്ടാകുന്നു, രാത്രിയാകുമ്പോൾ വന്യമൃഗങ്ങൾ പുറത്തിറങ്ങുന്നു. സിംഹക്കുട്ടികൾ ഇരയ്‍ക്കുവേണ്ടി അലറുന്നു, അവ ദൈവത്തോട് ആഹാരം ചോദിക്കുന്നു. സൂര്യനുദിക്കുമ്പോൾ അവ മടങ്ങിപ്പോയി മടയിൽ പതുങ്ങുന്നു. അപ്പോൾ മനുഷ്യൻ വേലയ്‍ക്കു പുറപ്പെടുന്നു. അന്തിയാവോളം അവൻ അധ്വാനിക്കുന്നു. സർവേശ്വരാ, അങ്ങയുടെ സൃഷ്‍ടികൾ എത്ര വൈവിധ്യമാർന്നത്! എത്ര ബുദ്ധിപൂർവമാണ് അങ്ങ് അവയെ സൃഷ്‍ടിച്ചത്. ഭൂമി അവിടുത്തെ സൃഷ്‍ടികളാൽ നിറഞ്ഞിരിക്കുന്നു. അതാ വിശാലമായ മഹാസമുദ്രം! ചെറുതും വലുതുമായ അസംഖ്യം ജീവികൾ അതിൽ ചരിക്കുന്നു. അതിൽ കപ്പലുകൾ ഓടുന്നു; അവിടുന്നു സൃഷ്‍ടിച്ച ലിവ്യാഥാൻ അതിൽ വിഹരിക്കുന്നു. യഥാസമയം ആഹാരത്തിനുവേണ്ടി അവ അങ്ങയെ നോക്കുന്നു. അങ്ങു നല്‌കുന്ന ആഹാരം അവ ഭക്ഷിക്കുന്നു, തൃക്കൈ തുറക്കുമ്പോൾ വിശിഷ്ട വിഭവങ്ങളാൽ അവയ്‍ക്കു തൃപ്തിവരുന്നു. അങ്ങ് ആഹാരം നല്‌കാതെ മുഖം തിരിക്കുമ്പോൾ, അവ പരിഭ്രമിക്കുന്നു. അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോൾ അവ മണ്ണിലേക്കു തിരികെ ചേരുന്നു. അങ്ങ് ജീവശ്വാസം നല്‌കുമ്പോൾ, അവ സൃഷ്‍ടിക്കപ്പെടുന്നു. അങ്ങു ഭൂമിയിലുള്ള സർവവും നവീകരിക്കുന്നു. സർവേശ്വരന്റെ മഹത്ത്വം എന്നേക്കും നിലനില്‌ക്കട്ടെ. അവിടുത്തെ സൃഷ്‍ടികളിൽ അവിടുന്ന് ആനന്ദിക്കട്ടെ. അവിടുന്നു ഭൂമിയെ നോക്കുമ്പോൾ അതു പ്രകമ്പനം കൊള്ളുന്നു. അവിടുന്നു പർവതങ്ങളെ സ്പർശിക്കുമ്പോൾ അവ പുകയുന്നു. എന്റെ ആയുഷ്കാലം മുഴുവൻ ഞാൻ സർവേശ്വരനെ പ്രകീർത്തിക്കും. എന്റെ ജീവിതകാലം മുഴുവൻ ഞാൻ എന്റെ ദൈവത്തെ പാടിപ്പുകഴ്ത്തും; എന്റെ ധ്യാനം അവിടുത്തേക്കു പ്രസാദകരമായിരിക്കട്ടെ; ഞാൻ സർവേശ്വരനിൽ ആനന്ദം കൊള്ളുന്നു. അധർമികൾ ഭൂമിയിൽനിന്നു നിർമ്മാർജനം ചെയ്യപ്പെടട്ടെ. ദുഷ്ടന്മാർ ഇല്ലാതാകട്ടെ. എന്റെ ആത്മാവേ, സർവേശ്വരനെ വാഴ്ത്തുക; സർവേശ്വരനെ സ്തുതിക്കുവിൻ.
സങ്കീർത്തനങ്ങൾ 104:16-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയുടെ വൃക്ഷങ്ങൾക്ക് തൃപ്തിവരുന്നു; കർത്താവ് നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നെ. അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; പെരുഞാറയ്ക്ക് സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു. ഉയർന്നമലകൾ കാട്ടാടുകൾക്കും പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു. കർത്താവ് കാലനിർണ്ണയത്തിനായി ചന്ദ്രനെ നിയമിച്ചു; സൂര്യൻ തന്‍റെ അസ്തമയം അറിയുന്നു. അങ്ങ് ഇരുട്ട് വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങൾ എല്ലാം സഞ്ചാരം തുടങ്ങുന്നു. ബാലസിംഹങ്ങൾ ഇരയ്ക്കായി അലറുന്നു; അവ ദൈവത്തോട് അവയുടെ ആഹാരം ചോദിക്കുന്നു. സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; അവയുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു. മനുഷ്യൻ തന്‍റെ പണിക്കായി പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലയ്ക്കായി തന്നെ. യഹോവേ, അങ്ങേയുടെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ അങ്ങ് അവയെല്ലാം ഉണ്ടാക്കിയിരിക്കുന്നു; ഭൂമി അങ്ങേയുടെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു. വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ട്. അതിൽ കപ്പലുകൾ ഓടുന്നു; അതിൽ കളിക്കുവാൻ അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ട്. തക്കസമയത്ത് ഭക്ഷണം കിട്ടേണ്ടതിന് ഇവ എല്ലാം അങ്ങയെ കാത്തിരിക്കുന്നു. അങ്ങ് കൊടുക്കുന്നത് അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോൾ അവയ്ക്ക് നന്മകൊണ്ട് തൃപ്തിവരുന്നു. തിരുമുഖം മറയ്ക്കുമ്പോൾ അവ ഭ്രമിച്ചുപോകുന്നു; അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്ത് പൊടിയിലേക്ക് തിരികെ ചേരുന്നു; അങ്ങ് അങ്ങേയുടെ ശ്വാസം അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; അങ്ങ് ഭൂമിയുടെ മുഖം പുതുക്കുന്നു. യഹോവയുടെ മഹത്വം എന്നേക്കും നിലനില്‍ക്കട്ടെ; യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ. കർത്താവ് ഭൂമിയെ നോക്കുന്നു, അത് വിറയ്ക്കുന്നു; അവിടുന്ന് മലകളെ തൊടുന്നു, അവ പുകയുന്നു. എന്‍റെ ആയുഷ്ക്കാലമൊക്കെയും ഞാൻ യഹോവയ്ക്കു പാടും; ഞാൻ ഉള്ള കാലത്തോളം എന്‍റെ ദൈവത്തിന് കീർത്തനം പാടും. എന്റെ ധ്യാനം അവിടുത്തേയ്ക്ക് പ്രസാദകരമായിരിക്കട്ടെ; ഞാൻ യഹോവയിൽ സന്തോഷിക്കും. പാപികൾ ഭൂമിയിൽനിന്ന് നശിച്ചുപോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ
സങ്കീർത്തനങ്ങൾ 104:16-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്തിവരുന്നു; അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നേ. അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; പെരുഞാറെക്കു സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു. ഉയർന്നമലകൾ കാട്ടാടുകൾക്കും പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു. അവൻ കാലനിർണ്ണയത്തിന്നായി ചന്ദ്രനെ നിയമിച്ചു; സൂര്യൻ തന്റെ അസ്തമാനത്തെ അറിയുന്നു. നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു. ബാലസിംഹങ്ങൾ ഇരെക്കായി അലറുന്നു; അവ ദൈവത്തോടു തങ്ങളുടെ ആഹാരം ചോദിക്കുന്നു. സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു. മനുഷ്യൻ തന്റെ പണിക്കു പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലെക്കായി തന്നേ. യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു. വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ടു. അതിൽ കപ്പലുകൾ ഓടുന്നു; അതിൽ കളിപ്പാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ടു. തക്കസമയത്തു തീൻ കിട്ടേണ്ടതിന്നു ഇവ ഒക്കെയും നിന്നെ കാത്തിരിക്കുന്നു. നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോൾ അവെക്കു നന്മകൊണ്ടു തൃപ്തിവരുന്നു. തിരുമുഖത്തെ മറെക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു; നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു. യഹോവയുടെ മഹത്വം എന്നേക്കും നില്ക്കുമാറാകട്ടെ; യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ. അവൻ ഭൂമിയെ നോക്കുന്നു, അതു വിറെക്കുന്നു; അവൻ മലകളെ തൊടുന്നു, അവ പുകയുന്നു. എന്റെ ആയുഷ്കാലത്തൊക്കെയും ഞാൻ യഹോവെക്കു പാടും; ഞാൻ ഉള്ളേടത്തോളം എന്റെ ദൈവത്തിന്നു കിർത്തനം പാടും. എന്റെ ധ്യാനം അവന്നു പ്രസാദകരമായിരിക്കട്ടെ; ഞാൻ യഹോവയിൽ സന്തോഷിക്കും. പാപികൾ ഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എൻ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിപ്പിൻ.
സങ്കീർത്തനങ്ങൾ 104:16-35 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയുടെ വൃക്ഷങ്ങൾ നന്നായി നനയ്ക്കപ്പെടുന്നു, അവിടന്ന് നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾതന്നെ. അവിടെ പക്ഷികൾ കൂടൊരുക്കുന്നു; കൊക്കുകൾ സരളവൃക്ഷങ്ങളിൽ പാർപ്പിടമൊരുക്കുന്നു. ഉയർന്ന പർവതങ്ങൾ കാട്ടാടുകൾക്കുള്ളതാണ്; കിഴുക്കാംതൂക്കായ പാറ കുഴിമുയലുകൾക്ക് സങ്കേതമാകുന്നു. ഋതുക്കളുടെ മാറ്റങ്ങൾ നിർണയിക്കുന്നതിനായി അവിടന്ന് ചന്ദ്രനെ നിർമിച്ചു, എപ്പോഴാണ് അസ്തമിക്കുന്നതെന്ന് സൂര്യനും നിശ്ചയമുണ്ട്. അവിടന്ന് അന്ധകാരം കൊണ്ടുവരുന്നു, അപ്പോൾ രാത്രിയാകുന്നു, അങ്ങനെ കാട്ടിലെ സകലമൃഗങ്ങളും ഇരതേടി അലയുന്നു. സിംഹങ്ങൾ ഇരയ്ക്കായി ഗർജിക്കുന്നു, ദൈവത്തോട് തങ്ങളുടെ ആഹാരം ചോദിക്കുന്നു. സൂര്യൻ ഉദിക്കുമ്പോൾ അവ പിൻവാങ്ങുന്നു; അവ മടങ്ങിപ്പോയി തങ്ങളുടെ ഗുഹകളിൽ വിശ്രമിക്കുന്നു. അപ്പോൾ മനുഷ്യർ തങ്ങളുടെ വേലയ്ക്കായി പുറപ്പെടുന്നു, വൈകുന്നേരംവരെ അവർ തങ്ങളുടെ വേല തുടരുന്നു. യഹോവേ, വൈവിധ്യമാർന്ന ജീവികളെയാണല്ലോ അവിടന്ന് ഉണ്ടാക്കിയിരിക്കുന്നത്! അവയെയെല്ലാം അങ്ങ് ജ്ഞാനത്തോടെ നിർമിച്ചു; ഭൂമി അവിടത്തെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു. അതാ, അനന്തവിശാലമായ സമുദ്രം, ചെറുതും വലുതുമായ ജീവജാലങ്ങൾ നിറഞ്ഞിരിക്കുന്നു— അസംഖ്യം ജീവജാലങ്ങൾ അവിടെ വിഹരിക്കുന്നു. അതിൽക്കൂടി കപ്പലുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു, അതിൽ തിമിർത്താടുന്നതിനായി അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാനുമുണ്ട്. തക്കസമയത്ത് ആഹാരം ലഭിക്കുന്നതിനായി എല്ലാ ജീവികളും അങ്ങയിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു. അങ്ങ് അവയ്ക്ക് ആഹാരം നൽകുന്നു, അവയത് ശേഖരിക്കുന്നു; അങ്ങ് തൃക്കൈ തുറക്കുമ്പോൾ അവ നന്മകൊണ്ട് തൃപ്തരാകുന്നു. അവിടന്ന് തിരുമുഖം മറയ്ക്കുന്നു, അവ പരിഭ്രാന്തരാകുന്നു; അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ജീവനറ്റ് മണ്ണിലേക്കു മടങ്ങുന്നു. അങ്ങ് അങ്ങയുടെ ആത്മാവിനെ അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു, അങ്ങനെ അങ്ങ് ഭൂമിയുടെ പ്രതലം നവീകരിക്കുന്നു. യഹോവയുടെ മഹത്ത്വം ശാശ്വതമായി നിലനിൽക്കട്ടെ; യഹോവ അവിടത്തെ പ്രവൃത്തികളിൽ ആനന്ദിക്കട്ടെ— അവിടന്ന് ഭൂമിയെ വീക്ഷിക്കുന്നു, അതു പ്രകമ്പനംകൊള്ളുന്നു, അവിടന്ന് പർവതങ്ങളെ സ്പർശിക്കുന്നു, അവ പുകയുന്നു. ഞാൻ എന്റെ ജീവിതം മുഴുവനും യഹോവയ്ക്കു പാടും; എന്റെ ജീവിതകാലമൊക്കെയും ഞാൻ എന്റെ ദൈവത്തെ വാഴ്ത്തിപ്പാടും. ഞാൻ യഹോവയിൽ ആനന്ദിക്കുമ്പോൾ എന്റെ ധ്യാനം അവിടത്തേക്ക് പ്രസാദകരമായിത്തീരട്ടെ. എന്നാൽ പാപികൾ പാരിടത്തിൽനിന്ന് തുടച്ചുനീക്കപ്പെടുകയും ദുഷ്ടർ ഇല്ലാതെയുമായിത്തീരട്ടെ.