സങ്കീർത്തനങ്ങൾ 104:1-9

സങ്കീർത്തനങ്ങൾ 104:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവൻ; മഹത്ത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു. വസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു; തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു. അവൻ തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേൽ നിരത്തുന്നു; മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു. അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു. അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു. നീ അതിനെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പർവതങ്ങൾക്കു മീതെ നിന്നു. അവ നിന്റെ ശാസനയാൽ ഓടിപ്പോയി; നിന്റെ ഇടിമുഴക്കത്താൽ അവ ബദ്ധപ്പെട്ടു- മലകൾ പൊങ്ങി, താഴ്‌വരകൾ താണു- നീ അവയ്ക്ക് നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി; ഭൂമിയെ മൂടുവാൻ മടങ്ങിവരാതിരിക്കേണ്ടതിനു നീ അവയ്ക്കു കടന്നുകൂടാത്ത ഒരു അതിർ ഇട്ടു.

സങ്കീർത്തനങ്ങൾ 104:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്റെ ആത്മാവേ, സർവേശ്വരനെ വാഴ്ത്തുക. എന്റെ ദൈവമായ സർവേശ്വരാ, അങ്ങ് എത്ര വലിയവൻ! തേജസ്സും മഹത്ത്വവും അങ്ങു ധരിച്ചിരിക്കുന്നു. വസ്ത്രമെന്നപോലെ അങ്ങ് പ്രകാശം അണിഞ്ഞിരിക്കുന്നു, കൂടാരമെന്നപോലെ ആകാശത്തെ നിവർത്തിയിരിക്കുന്നു. അങ്ങയുടെ മന്ദിരത്തിന്റെ തുലാങ്ങൾ വെള്ളത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു. മേഘങ്ങളാണ് അവിടുത്തെ രഥം. കാറ്റിന്റെ ചിറകുകളിൽ അവിടുന്നു സഞ്ചരിക്കുന്നു. അങ്ങു കാറ്റുകളെ ദൂതന്മാരും മിന്നൽപ്പിണരുകളെ സേവകരുമാക്കി. ഭൂമിയെ ഇളക്കം തട്ടാത്തവിധം അതിന്റെ അസ്തിവാരത്തിൽ, അവിടുന്ന് ഉറപ്പിച്ചിരിക്കുന്നു. ആഴി ഭൂമിയെ വസ്ത്രം എന്നപോലെ ആവരണം ചെയ്തിരുന്നു. വെള്ളം പർവതങ്ങളെ മൂടിയിരുന്നു. അങ്ങ് ശാസിച്ചപ്പോൾ വെള്ളം ഓടിയകന്നു. അങ്ങയുടെ കല്പനയുടെ ഇടിമുഴക്കത്താൽ, അവ പലായനം ചെയ്തു. മലകളിലൂടെയും താഴ്‌വരകളിലൂടെയും അവ ഒഴുകി. അങ്ങു നിശ്ചയിച്ച സ്ഥലത്തേക്ക് അവ പിന്മാറി. വെള്ളം വീണ്ടും ഭൂമിയെ മൂടാതിരിക്കാൻ, അങ്ങ് അതിന് അലംഘനീയമായ അതിരിട്ടു.

സങ്കീർത്തനങ്ങൾ 104:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്‍റെ ദൈവമായ യഹോവേ, അങ്ങ് ഏറ്റവും വലിയവൻ; മഹത്വവും തേജസ്സും അങ്ങ് ധരിച്ചിരിക്കുന്നു; വസ്ത്രം ധരിക്കുന്നതുപോലെ അങ്ങ് പ്രകാശം ധരിക്കുന്നു; തിരശ്ശീലപോലെ അവിടുന്ന് ആകാശത്തെ വിരിക്കുന്നു. ദൈവം തന്‍റെ മാളികകളുടെ തുലാങ്ങൾ വെള്ളത്തിന്മേൽ നിരത്തുന്നു; മേഘങ്ങളെ തന്‍റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു. യഹോവ കാറ്റുകളെ തന്‍റെ ദൂതന്മാരും അഗ്നിജ്വാലയെ തന്‍റെ ശുശ്രൂഷകന്മാരും ആക്കുന്നു. അവിടുന്ന് ഭൂമി ഒരിക്കലും ഇളകിപ്പോകാതെ അതിന്‍റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു. അങ്ങ് ഭൂമിയെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നിരുന്നു. അവ അങ്ങേയുടെ ശാസനയാൽ ഓടിപ്പോയി; അങ്ങേയുടെ ഇടിമുഴക്കത്താൽ അവ തിടുക്കത്തിൽ നീങ്ങിപ്പോയി മലകൾ പൊങ്ങി, താഴ്വരകൾ താണു അവിടുന്ന് അവയ്ക്കു നിശ്ചയിച്ച സ്ഥലത്തേക്ക് നീങ്ങിപ്പോയി; ഭൂമിയെ മൂടിക്കളയുവാൻ മടങ്ങിവരാതിരിക്കേണ്ടതിന് അങ്ങ് അവയ്ക്ക് ലംഘിക്കാൻ കഴിയാത്ത ഒരു അതിര്‍ ഇട്ടു.

സങ്കീർത്തനങ്ങൾ 104:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവൻ; മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു; വസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു; തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു. അവൻ തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേൽ നിരത്തുന്നു; മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു. അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു. അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു. നീ അതിനെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നു. അവ നിന്റെ ശാസനയാൽ ഓടിപ്പോയി; നിന്റെ ഇടിമുഴക്കത്താൽ അവ ബദ്ധപ്പെട്ടു - മലകൾ പൊങ്ങി, താഴ്‌വരകൾ താണു - നീ അവെക്കു നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി; ഭൂമിയെ മൂടുവാൻ മടങ്ങിവരാതിരിക്കേണ്ടതിന്നു നീ അവെക്കു കടന്നുകൂടാത്ത ഒരു അതിർ ഇട്ടു.

സങ്കീർത്തനങ്ങൾ 104:1-9 സമകാലിക മലയാളവിവർത്തനം (MCV)

എൻ മനമേ, യഹോവയെ വാഴ്ത്തുക. എന്റെ ദൈവമായ യഹോവേ, അവിടന്ന് മഹോന്നതനാണ്; അവിടന്ന് പ്രതാപവും മഹത്ത്വവും അണിഞ്ഞിരിക്കുന്നു. ഒരു ഉടയാടപോലെ അവിടന്ന് പ്രകാശത്തെ ചുറ്റിയിരിക്കുന്നു; ഒരു കൂടാരം എന്നപോലെ അവിടന്ന് ആകാശത്തെ വിരിക്കുകയും മാളികയുടെ തുലാങ്ങളെ വെള്ളത്തിനുമീതേ നിരത്തുകയും ചെയ്തിരിക്കുന്നു. അവിടന്ന് മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻചിറകിലേറി സഞ്ചരിക്കുന്നു. അവിടന്ന് കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലകളെ തന്റെ സേവകരും ആക്കുന്നു. അവിടന്ന് ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു; അതുകൊണ്ട് അത് ഒരിക്കലും ഇളകുകയില്ല. അവിടന്ന് വസ്ത്രംകൊണ്ടെന്നപോലെ അതിനെ ആഴികൊണ്ട് ആവരണംചെയ്തു; വെള്ളം പർവതങ്ങൾക്കുമീതേപോലും നിലകൊണ്ടു. എന്നാൽ അവിടത്തെ ശാസനയാൽ വെള്ളം പിൻവാങ്ങി, അവിടത്തെ ഇടിമുഴക്കത്തിന്റെ ശബ്ദംകേട്ട് അത് പലായനംചെയ്തു; പർവതങ്ങൾ ഉയർന്നു, താഴ്വരകൾ താണു, അവിടന്ന് അവയ്ക്കായി നിശ്ചയിച്ച സ്ഥാനത്തുതന്നെ. അങ്ങ് ആഴികൾക്ക് ലംഘിക്കരുതാത്ത ഒരു അതിർത്തി നിശ്ചയിച്ചു; അവ ഇനിയൊരിക്കലും ഭൂമിയെ മൂടുകയില്ല.