സങ്കീർത്തനങ്ങൾ 103:6-14
സങ്കീർത്തനങ്ങൾ 103:6-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ സകല പീഡിതന്മാർക്കുംവേണ്ടി നീതിയും ന്യായവും നടത്തുന്നു. അവൻ തന്റെ വഴികളെ മോശെയെയും തന്റെ പ്രവൃത്തികളെ യിസ്രായേൽമക്കളെയും അറിയിച്ചു. യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ. അവൻ എല്ലായ്പോഴും ഭർത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല. അവൻ നമ്മുടെ പാപങ്ങൾക്ക് ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്ക് ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോട് വലുതായിരിക്കുന്നു. ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു. അപ്പന് മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവയ്ക്ക് തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവൻ ഓർക്കുന്നു.
സങ്കീർത്തനങ്ങൾ 103:6-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ സകല പീഡിതർക്കും നീതിയും ന്യായവും നടത്തിക്കൊടുക്കുന്നു. അവിടുന്നു തന്റെ വഴികൾ മോശയ്‍ക്കും തന്റെ പ്രവൃത്തികൾ ഇസ്രായേൽജനത്തിനും വെളിപ്പെടുത്തി. സർവേശ്വരൻ കാരുണ്യവാനും കൃപാലുവും ആകുന്നു. അവിടുന്നു ക്ഷമിക്കുന്നവനും സ്നേഹസമ്പന്നനുമാണ്. അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല. കോപം മനസ്സിൽ വച്ചുകൊണ്ടിരിക്കുകയുമില്ല. നമ്മുടെ പാപങ്ങൾക്കൊത്തവിധം അവിടുന്നു നമ്മെ ശിക്ഷിക്കുന്നില്ല. നമ്മുടെ അകൃത്യങ്ങൾക്ക് അനുസൃതമായി പകരം ചെയ്യുന്നുമില്ല. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതു പോലെ, തന്റെ ഭക്തന്മാരോടുള്ള അവിടുത്തെ അചഞ്ചലസ്നേഹം ഉന്നതമായിരിക്കുന്നു. ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതു പോലെ, അവിടുന്നു നമ്മുടെ അപരാധങ്ങൾ അകറ്റിയിരിക്കുന്നു. പിതാവിനു മക്കളോടെന്നപോലെ, സർവേശ്വരനു തന്റെ ഭക്തന്മാരോടു കനിവു തോന്നുന്നു. നമ്മെ മെനഞ്ഞ വസ്തു എന്തെന്ന് അവിടുന്നറിയുന്നു. നാം പൂഴിയാണെന്ന് അവിടുന്ന് ഓർക്കുന്നു.
സങ്കീർത്തനങ്ങൾ 103:6-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ സകല പീഡിതന്മാർക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു. ദൈവം തന്‍റെ വഴികൾ മോശെയെയും തന്‍റെ പ്രവൃത്തികൾ യിസ്രായേൽമക്കളെയും അറിയിച്ചു. യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ. ദൈവം എല്ലായ്‌പ്പോഴും ഭർത്സിക്കുകയില്ല; എന്നേക്കും കോപം സൂക്ഷിക്കുകയുമില്ല. ദൈവം നമ്മുടെ പാപങ്ങൾക്ക് തക്കവണ്ണം നമ്മളോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു തക്കവണ്ണം നമ്മളെ ശിക്ഷിക്കുന്നുമില്ല. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവിടുത്തെ ദയ അവിടുത്തെ ഭക്തന്മാരോട് വലുതായിരിക്കുന്നു. ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു. അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ യഹോവയ്ക്ക് തന്‍റെ ഭക്തന്മാരോട് കരുണ തോന്നുന്നു. കർത്താവ് നമ്മുടെ പ്രകൃതം അറിയുന്നുവല്ലോ; നാം കേവലം പൊടി മാത്രം എന്നു അവിടുന്ന് ഓർക്കുന്നു.
സങ്കീർത്തനങ്ങൾ 103:6-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ സകലപീഡിതന്മാർക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു. അവൻ തന്റെ വഴികളെ മോശെയെയും തന്റെ പ്രവൃത്തികളെ യിസ്രായേൽമക്കളെയും അറിയിച്ചു. യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ. അവൻ എല്ലായ്പോഴും ഭർത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല. അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതു പോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു. ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു. അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.
സങ്കീർത്തനങ്ങൾ 103:6-14 സമകാലിക മലയാളവിവർത്തനം (MCV)
പീഡിതരായ എല്ലാവർക്കുംവേണ്ടി യഹോവ നീതിയും ന്യായവും ഉറപ്പാക്കുന്നു. അവിടന്നു തന്റെ വഴികളെ മോശയ്ക്കും തന്റെ പ്രവൃത്തികളെ ഇസ്രായേൽജനതയ്ക്കും വെളിപ്പെടുത്തി: യഹോവ കരുണാമയനും ആർദ്രഹൃദയനും ക്ഷമാശീലനും സ്നേഹസമ്പന്നനും ആകുന്നു. അവിടന്നു സദാ കുറ്റപ്പെടുത്തുന്നില്ല, അവിടത്തെ കോപം എന്നേക്കും നിലനിർത്തുകയുമില്ല. അവിടന്നു നമ്മുടെ പാപങ്ങൾക്കൊത്തവണ്ണം നമ്മെ ശിക്ഷിക്കുന്നില്ല; നമ്മുടെ അനീതികൾക്കനുസൃതമായി പകരം ചെയ്യുന്നതുമില്ല. ആകാശം ഭൂമിക്കുമേൽ ഉയർന്നിരിക്കുന്നതുപോലെ, തന്നെ ഭയപ്പെടുന്നവരോടുള്ള അവിടത്തെ സ്നേഹം ഉന്നതമാണ്. കിഴക്ക് പടിഞ്ഞാറിൽനിന്നും അകന്നിരിക്കുന്നത്ര അകലത്തിൽ, അവിടന്ന് നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്നും അകറ്റിയിരിക്കുന്നു. ഒരു പിതാവിനു തന്റെ മക്കളോടു മനസ്സലിവു തോന്നുന്നതുപോലെതന്നെ, യഹോവയ്ക്ക് തന്നെ ഭയപ്പെടുന്നവരോടു മനസ്സലിവു തോന്നുന്നു; കാരണം അവിടന്ന് നമ്മുടെ പ്രകൃതി അറിയുന്നു; നാം പൊടിയെന്ന് അവിടന്ന് ഓർക്കുന്നു.