സങ്കീർത്തനങ്ങൾ 103:2-8
സങ്കീർത്തനങ്ങൾ 103:2-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്. അവൻ നിന്റെ അകൃത്യമൊക്കെയും മോചിക്കുന്നു; നിന്റെ സകല രോഗങ്ങളെയും സൗഖ്യമാക്കുന്നു; അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു. നിന്റെ യൗവനം കഴുകനെപ്പോലെ പുതുകി വരത്തക്കവണ്ണം അവൻ നിന്റെ വായ്ക്ക് നന്മകൊണ്ട് തൃപ്തിവരുത്തുന്നു. യഹോവ സകല പീഡിതന്മാർക്കുംവേണ്ടി നീതിയും ന്യായവും നടത്തുന്നു. അവൻ തന്റെ വഴികളെ മോശെയെയും തന്റെ പ്രവൃത്തികളെ യിസ്രായേൽമക്കളെയും അറിയിച്ചു. യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ.
സങ്കീർത്തനങ്ങൾ 103:2-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ആത്മാവേ, സർവേശ്വരനെ വാഴ്ത്തുക! അവിടുന്നു ചെയ്ത നന്മകളൊന്നും മറക്കരുത്. അവിടുന്ന് എന്റെ എല്ലാ അകൃത്യങ്ങളും ക്ഷമിക്കുന്നു. എല്ലാ രോഗങ്ങളും സുഖപ്പെടുത്തുന്നു. അവിടുന്നു എന്റെ ജീവനെ മരണത്തിൽ നിന്നു വിടുവിക്കുന്നു. ശാശ്വതമായ സ്നേഹവും കരുണയുംകൊണ്ട് എന്നെ കിരീടമണിയിക്കുന്നു. എന്റെ യൗവനം കഴുകൻറേതുപോലെ പുതുക്കപ്പെടാൻ വേണ്ടി, ആയുഷ്കാലം മുഴുവൻ അവിടുന്നെന്നെ നന്മ കൊണ്ടു സംതൃപ്തനാക്കുന്നു. സർവേശ്വരൻ സകല പീഡിതർക്കും നീതിയും ന്യായവും നടത്തിക്കൊടുക്കുന്നു. അവിടുന്നു തന്റെ വഴികൾ മോശയ്‍ക്കും തന്റെ പ്രവൃത്തികൾ ഇസ്രായേൽജനത്തിനും വെളിപ്പെടുത്തി. സർവേശ്വരൻ കാരുണ്യവാനും കൃപാലുവും ആകുന്നു. അവിടുന്നു ക്ഷമിക്കുന്നവനും സ്നേഹസമ്പന്നനുമാണ്.
സങ്കീർത്തനങ്ങൾ 103:2-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എൻ മനമേ, യഹോവയെ വാഴ്ത്തുക; അവിടുന്ന് നൽകിയ ഉപകാരങ്ങൾ ഒന്നും മറക്കരുത്. ദൈവം നിന്‍റെ എല്ലാ അകൃത്യങ്ങളും മോചിക്കുന്നു; നിന്‍റെ സകലരോഗങ്ങളും സൗഖ്യമാക്കുന്നു; കർത്താവ് നിന്‍റെ ജീവനെ നാശത്തിൽനിന്ന് വീണ്ടെടുക്കുന്നു; അവിടുന്ന് സ്നേഹത്താലും കരുണയാലും എന്നെ അനുഗ്രഹിക്കുന്നു. നിന്‍റെ യൗവനം കഴുകനെപ്പോലെ പുതുക്കപ്പെടുവാനായി അവിടുന്ന് നിന്‍റെ വായെ നന്മകൊണ്ടു തൃപ്തിപ്പെടുത്തുന്നു. യഹോവ സകല പീഡിതന്മാർക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു. ദൈവം തന്‍റെ വഴികൾ മോശെയെയും തന്‍റെ പ്രവൃത്തികൾ യിസ്രായേൽമക്കളെയും അറിയിച്ചു. യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ.
സങ്കീർത്തനങ്ങൾ 103:2-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു. അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൗഖ്യമാക്കുന്നു; അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു. നിന്റെ യൗവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവൻ നിന്റെ വായ്ക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു. യഹോവ സകലപീഡിതന്മാർക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു. അവൻ തന്റെ വഴികളെ മോശെയെയും തന്റെ പ്രവൃത്തികളെ യിസ്രായേൽമക്കളെയും അറിയിച്ചു. യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ.
സങ്കീർത്തനങ്ങൾ 103:2-8 സമകാലിക മലയാളവിവർത്തനം (MCV)
എൻ മനമേ, യഹോവയെ വാഴ്ത്തുക; അവിടത്തെ ഉപകാരങ്ങളൊന്നും മറക്കരുത്— അവിടന്നു നിന്റെ സകലപാപങ്ങളും ക്ഷമിക്കുന്നു നിന്റെ സർവരോഗത്തിനും സൗഖ്യമേകുന്നു. അവിടന്നു നിന്റെ ജീവനെ പാതാളത്തിൽനിന്ന് വീണ്ടെടുക്കുകയും നിന്നെ സ്നേഹവും മനസ്സലിവുംകൊണ്ട് മകുടമണിയിക്കുകയും ചെയ്യുന്നു, നിന്റെ യുവത്വം കഴുകനെപ്പോലെ നവീകരിക്കപ്പെടേണ്ടതിന് അവിടന്ന് നിന്റെ ജീവിതം നന്മകൊണ്ട് സംതൃപ്തമാക്കുന്നു. പീഡിതരായ എല്ലാവർക്കുംവേണ്ടി യഹോവ നീതിയും ന്യായവും ഉറപ്പാക്കുന്നു. അവിടന്നു തന്റെ വഴികളെ മോശയ്ക്കും തന്റെ പ്രവൃത്തികളെ ഇസ്രായേൽജനതയ്ക്കും വെളിപ്പെടുത്തി: യഹോവ കരുണാമയനും ആർദ്രഹൃദയനും ക്ഷമാശീലനും സ്നേഹസമ്പന്നനും ആകുന്നു.