സങ്കീർത്തനങ്ങൾ 10:12-18

സങ്കീർത്തനങ്ങൾ 10:12-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തേണമേ; എളിയവരെ മറക്കരുതേ. ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്ന് തന്റെ ഉള്ളിൽ പറയുന്നതും എന്തിന്? നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ട് പകരം ചെയ്‍വാൻ ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി തന്നെത്താൻ നിങ്കൽ ഏല്പിക്കുന്നു; അനാഥനു നീ സഹായി ആകുന്നു. ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കേണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിനു പ്രതികാരം ചെയ്യേണമേ. യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജാതികൾ അവന്റെ ദേശത്തുനിന്നു നശിച്ചുപോയിരിക്കുന്നു. ഭൂമിയിൽനിന്നുള്ള മർത്യൻ ഇനി ഭയപ്പെടുത്താതിരിപ്പാൻ നീ അനാഥനും പീഡിതനും ന്യായപാലനം ചെയ്യേണ്ടതിനു യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കയും നിന്റെ ചെവി ചായിച്ചു കേൾക്കയും ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 10:12-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരാ, എഴുന്നേല്‌ക്കണമേ, ദൈവമേ, അവരെ ശിക്ഷിക്കാൻ കരം ഉയർത്തണമേ പീഡിതരെ മറക്കരുതേ. ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും അങ്ങ് കണക്കു ചോദിക്കുകയില്ല എന്നു പറയുന്നതും എന്തുകൊണ്ട്? അവിടുന്ന് എല്ലാം കാണുന്നു അവരുടെ ദ്രോഹവും പീഡനവും അവിടുന്നു ശ്രദ്ധിക്കുന്നു. അവർ അർഹിക്കുന്നത് അവിടുന്ന് അവർക്കു നല്‌കും. അഗതി തന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു. അവിടുന്നല്ലോ അനാഥനു സഹായി. ദുർജനത്തിന്റെയും ദുഷ്കർമികളുടെയും ശക്തി തകർക്കണമേ. ഇനി തിന്മ ചെയ്യാത്തവിധം അവരെ ശിക്ഷിക്കണമേ. സർവേശ്വരൻ എന്നേക്കും രാജാവായി വാഴുന്നു അന്യജനതകൾ അവിടുത്തെ ദേശത്തുനിന്ന് ഉന്മൂലനം ചെയ്യപ്പെടും. സർവേശ്വരാ, അവിടുന്ന് എളിയവരുടെ അഭിലാഷം നിറവേറ്റും; അവർക്ക് അവിടുന്നു ധൈര്യം പകരും. അവിടുന്ന് അവരുടെ അപേക്ഷ കേട്ട്, അനാഥർക്കും പീഡിതർക്കും നീതി നടത്തിക്കൊടുക്കും. അങ്ങനെ മർത്യർ ഇനിമേൽ അവരെ ഭയപ്പെടുത്തുകയില്ല.

സങ്കീർത്തനങ്ങൾ 10:12-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തേണമേ; എളിയവരെ മറക്കരുതേ. ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും “ദൈവം കണക്ക് ചോദിക്കുകയില്ല” എന്നു തന്‍റെ ഉള്ളിൽ പറയുന്നതും എന്തിന്? അങ്ങ് അത് കണ്ടിരിക്കുന്നു, തൃക്കൈകൊണ്ട് പകരം ചെയ്യുവാൻ ദോഷത്തെയും പകയെയും അവിടുന്ന് നോക്കിക്കണ്ടിരിക്കുന്നു; അഗതി സ്വയം അങ്ങേയുടെ കൈകളിൽ ഏല്പിക്കുന്നു; അനാഥന് അവിടുന്ന് സഹായി ആകുന്നു. ദുഷ്ടന്‍റെ ഭുജത്തെ അവിടുന്ന് ഒടിക്കേണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുംവരെ അതിന് പ്രതികാരം ചെയ്യേണമേ. യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജനതകൾ അവിടുത്തെ ദേശത്തുനിന്ന് നശിച്ചുപോയിരിക്കുന്നു. ഭൂമിയിലെ മനുഷ്യൻ ഇനി ഭയപ്പെടുത്താതിരിക്കുവാൻ അവിടുന്ന് അനാഥനും പീഡിതനും ന്യായപാലനം ചെയ്യേണ്ടതിന് യഹോവേ, അവിടുന്ന് സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ ഉറപ്പിക്കുകയും അവിടുത്തെ ചെവിചായിച്ചു കേൾക്കുകയും ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 10:12-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തേണമേ; എളിയവരെ മറക്കരുതേ. ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളിൽ പറയുന്നതും എന്തിന്നു? നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ടു പകരം ചെയ്‌വാൻ ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി തന്നേത്താൻ നിങ്കൽ ഏല്പിക്കുന്നു; അനാഥന്നു നീ സഹായി ആകുന്നു. ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കേണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിന്നു പ്രതികാരം ചെയ്യേണമേ. യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജാതികൾ അവന്റെ ദേശത്തുനിന്നു നശിച്ചു പോയിരിക്കുന്നു. ഭൂമിയിൽനിന്നുള്ള മർത്യൻ ഇനി ഭയപ്പെടുത്താതിരിപ്പാൻ നീ അനാഥന്നും പീഡിതന്നും ന്യായപാലനം ചെയ്യേണ്ടതിന്നു യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കയും നിന്റെ ചെവി ചായിച്ചു കേൾക്കയും ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 10:12-18 സമകാലിക മലയാളവിവർത്തനം (MCV)

യഹോവേ, എഴുന്നേൽക്കണമേ! അല്ലയോ ദൈവമേ, തൃക്കൈ ഉയർത്തണമേ. അശരണരെ ഒരിക്കലും വിസ്മരിക്കരുതേ. ദുഷ്ടർ ദൈവത്തോട് എതിർത്തുനിൽക്കുന്നത് എന്തിന്? “ദൈവം ഞങ്ങളോട് കണക്കു ചോദിക്കുകയില്ല,” എന്ന് അവർ ആത്മഗതം ചെയ്യുന്നതും എന്തുകൊണ്ട്? എന്നാൽ ദൈവമേ, അങ്ങ് പീഡിതരുടെ ആകുലതകൾ കാണുന്നല്ലോ; അവരുടെ സങ്കടം അങ്ങ് പരിഗണിക്കുകയും അവ ഏറ്റെടുക്കുകയും ചെയ്യുന്നു. അശരണർ തിരുമുമ്പിൽ അഭയംതേടുന്നു; അങ്ങ് അനാഥരുടെ സഹായകൻ ആണല്ലോ. ദുഷ്ടരുടെ കൈ തകർക്കണമേ; തിന്മപ്രവർത്തിക്കുന്നവരോട് അവരുടെ തിന്മയ്ക്കു കണക്കുചോദിക്കണമേ അവർ ഉന്മൂലനംചെയ്യപ്പെടുംവരെ അവരെ പിൻതുടരണമേ. യഹോവ എന്നെന്നേക്കും രാജാവാകുന്നു; അവിടത്തെ ദേശത്തുനിന്നും ജനതകൾ നശിച്ചുപോകും. യഹോവേ, അവിടന്ന് പീഡിതരുടെ അഭിലാഷങ്ങൾ കേട്ടിരിക്കുന്നു; അവരുടെ കരച്ചിൽ ശ്രദ്ധിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യണമേ, അനാഥർക്കും പീഡിതർക്കും ന്യായം നടപ്പിലാക്കണമേ, അങ്ങനെയായാൽ മൃൺമയരായ മനുഷ്യർ ഇനിയൊരിക്കലും ആരുടെയുംമേൽ ഭീതിവരുത്തുകയില്ല. സംഗീതസംവിധായകന്.