സങ്കീർത്തനങ്ങൾ 10:1-10
സങ്കീർത്തനങ്ങൾ 10:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്ത്? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്ത്? ദുഷ്ടന്റെ അഹങ്കാരത്താൽ എളിയവൻ തപിക്കുന്നു; അവർ നിരൂപിച്ച ഉപായങ്ങളിൽ അവർ തന്നെ പിടിപെടട്ടെ. ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു. ദുഷ്ടൻ ഉന്നതഭാവത്തോടെ: അവൻ ചോദിക്കയില്ല എന്നു പറയുന്നു; ദൈവം ഇല്ല എന്നാകുന്നു അവന്റെ നിരൂപണമൊക്കെയും. അവന്റെ വഴികൾ എല്ലായ്പോഴും സഫലമാകുന്നു; നിന്റെ ന്യായവിധികൾ അവൻ കാണാതവണ്ണം ഉയരമുള്ളവ; തന്റെ സകല ശത്രുക്കളോടും അവൻ ചീറുന്നു. ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർഥത്തിൽ വീഴുകയുമില്ല എന്ന് അവൻ തന്റെ ഹൃദയത്തിൽ പറയുന്നു. അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിൻകീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു. അവൻ ഗ്രാമങ്ങളുടെ ഒളിവുകളിൽ പതിയിരിക്കുന്നു; മറവിടങ്ങളിൽവച്ച് അവൻ കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണുവച്ചിരിക്കുന്നു. സിംഹം മുറ്റുകാട്ടിൽ എന്നപോലെ അവൻ മറവിടത്തിൽ പതുങ്ങുന്നു; എളിയവനെ പിടിപ്പാൻ അവൻ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയിൽ ചാടിച്ചു പിടിക്കുന്നു. അവൻ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു; അഗതികൾ അവന്റെ ബലത്താൽ വീണുപോകുന്നു.
സങ്കീർത്തനങ്ങൾ 10:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, അവിടുന്ന് അകന്നിരിക്കുന്നതെന്ത്? കഷ്ടദിനങ്ങളിൽ അങ്ങ് ഞങ്ങളിൽനിന്നു മറഞ്ഞിരിക്കുന്നതെന്ത്? അഹങ്കാരംപൂണ്ട ദുഷ്ടന്മാർ എളിയവരെ പിന്തുടർന്ന് പീഡിപ്പിക്കുന്നു. തങ്ങളുടെ കെണിയിൽ അവർതന്നെ വീഴട്ടെ. ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു. ദുരാഗ്രഹി സർവേശ്വരനെ ശപിക്കുകയും പരിത്യജിക്കുകയും ചെയ്യുന്നു. ദുഷ്ടൻ ഗർവുകൊണ്ട് ദൈവത്തെ അവഗണിക്കുന്നു. ദൈവമില്ലെന്നാണ് അവന്റെ വിചാരം. അവൻ ഉത്തരോത്തരം അഭിവൃദ്ധിപ്പെടുന്നു, അവിടുത്തെ ന്യായവിധി അവന് അഗോചരമാണ്. അവൻ തന്റെ ശത്രുക്കളെ പുച്ഛിക്കുന്നു. ‘ഞാൻ കുലുങ്ങുകയില്ല. ഒരിക്കലും എനിക്ക് അനർഥം ഉണ്ടാവുകയില്ല’ എന്ന് അവൻ സ്വയം പറയുന്നു. ശാപവും വഞ്ചനയും ഭീഷണിയുംകൊണ്ട് നിറഞ്ഞതാണ് അവന്റെ വായ്. അവന്റെ നാവിൻകീഴിൽ ദുഷ്ടതയും അതിക്രമവും കുടികൊള്ളുന്നു. അവൻ ഗ്രാമങ്ങളിൽ പതിയിരിക്കുന്നു. നിരപരാധികളെ അവൻ ഒളിഞ്ഞിരുന്നു കൊല്ലുന്നു. അവന്റെ ഗൂഢദൃഷ്‍ടി അഗതികളെ തിരയുന്നു. എളിയവരുടെമേൽ ചാടിവീഴാൻ അവൻ സിംഹത്തെപ്പോലെ പതിയിരിക്കുന്നു. അവൻ അവരെ കെണിയിൽ വീഴ്ത്തി പിടിക്കുന്നു. എളിയവർ ഞെരിച്ചമർത്തപ്പെടുന്നു, ദുഷ്ടന്റെ ശക്തിയാൽ അവർ നിലംപതിക്കുന്നു.
സങ്കീർത്തനങ്ങൾ 10:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവേ, അങ്ങ് ദൂരത്ത് നില്‍ക്കുന്നതെന്ത്? കഷ്ടകാലത്ത് അങ്ങ് മറഞ്ഞുകളയുന്നതും എന്ത്? ദുഷ്ടൻ അഹങ്കാരത്തോടെ എളിയവനെ പീഡിപ്പിക്കുന്നു; അവൻ നിരൂപിച്ച ഉപായങ്ങളിൽ അവൻ തന്നെ പിടിക്കപ്പെടട്ടെ. ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ച് നിന്ദിക്കുന്നു. ഉന്നതഭാവമുള്ള ദുഷ്ടൻ ദൈവത്തെ അന്വേഷിക്കുന്നില്ല; ”ദൈവം ഇല്ല” എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും. അവന്റെ വഴികൾ എല്ലായ്‌പ്പോഴും സഫലമാകുന്നു; അങ്ങേയുടെ ന്യായവിധികൾ അവൻ കാണാത്തവണ്ണം ഉന്നതമാകുന്നു; തന്‍റെ സകലശത്രുക്കളോടും അവൻ ചീറുന്നു. “ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല” എന്നു അവൻ തന്റെ ഹൃദയത്തിൽ പറയുന്നു. അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു. അവൻ ഗ്രാമങ്ങളുടെ ഒളിവിടങ്ങളിൽ പതിയിരിക്കുന്നു; മറവിടങ്ങളിൽവച്ച് അവൻ നിഷ്ക്കളങ്കനെ കൊല്ലുന്നു; അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണ് വച്ചിരിക്കുന്നു. സിംഹം മുറ്റുകാട്ടിൽ ഇര പിടിക്കാൻ പതുങ്ങുന്നതുപോലെ; എളിയവനെ പിടിക്കുവാൻ അവൻ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയിൽ ചാടിച്ചു പിടിക്കുന്നു. അവൻ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു; അഗതികൾ അവന്റെ ബലത്താൽ വീണുപോകുന്നു.
സങ്കീർത്തനങ്ങൾ 10:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്തു? ദുഷ്ടന്റെ അഹങ്കാരത്താൽ എളിയവൻ തപിക്കുന്നു; അവർ നിരൂപിച്ച ഉപായങ്ങളിൽ അവർ തന്നേ പിടിപെടട്ടെ. ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു. ദുഷ്ടൻ ഉന്നതഭാവത്തോടെ: അവൻ ചോദിക്കയില്ല എന്നു പറയുന്നു; ദൈവം ഇല്ല എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും. അവന്റെ വഴികൾ എല്ലായ്പോഴും സഫലമാകുന്നു; നിന്റെ ന്യായവിധികൾ അവൻ കാണാതവണ്ണം ഉയരമുള്ളവ; തന്റെ സകലശത്രുക്കളോടും അവൻ ചീറുന്നു. ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല എന്നു അവൻ തന്റെ ഹൃദയത്തിൽ പറയുന്നു. അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു. അവൻ ഗ്രാമങ്ങളുടെ ഒളിവുകളിൽ പതിയിരിക്കുന്നു; മറവിടങ്ങളിൽവെച്ചു അവൻ കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണു വെച്ചിരിക്കുന്നു. സിംഹം മുറ്റുകാട്ടിൽ എന്നപോലെ അവൻ മറവിടത്തിൽ പതുങ്ങുന്നു; എളിയവനെ പിടിപ്പാൻ അവൻ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയിൽ ചാടിച്ചു പിടിക്കുന്നു. അവൻ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു; അഗതികൾ അവന്റെ ബലത്താൽ വീണു പോകുന്നു.
സങ്കീർത്തനങ്ങൾ 10:1-10 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ അങ്ങ് ദൂരത്തു നിൽക്കുന്നത് എന്ത്? കഷ്ടതയുടെ നാളുകളിൽ അങ്ങ് മറഞ്ഞുനിൽക്കുന്നതും എന്ത്? ദുഷ്ടർ തങ്ങളുടെ അഹന്തയിൽ പീഡിതരെ വേട്ടയാടുന്നു, അവർ വെച്ച കെണിയിൽ അവർതന്നെ വീണുപോകുന്നു. അവർ തങ്ങളുടെ ഹൃദയാഭിലാഷങ്ങളിൽ പ്രശംസിക്കുന്നു; ആ ദുഷ്ടർ അത്യാഗ്രഹികളെ അനുഗ്രഹിക്കുകയും യഹോവയെ അധിക്ഷേപിക്കുകയുംചെയ്യുന്നു അവർ തങ്ങളുടെ അഹന്തയിൽ ദൈവത്തെ അന്വേഷിക്കുന്നില്ല; അവരുടെ ചിന്തകളിൽ ദൈവത്തിന് ഒരു സ്ഥാനവുമില്ല. എന്നിട്ടും അവരുടെ മാർഗങ്ങളിൽ എപ്പോഴും അഭിവൃദ്ധിയുണ്ടാകുന്നു; അങ്ങയുടെ ന്യായവിധികൾ അവരുടെ കാഴ്ചയ്ക്ക് എത്താത്തവിധം ഉയർന്നിരിക്കുന്നു; അവർ തങ്ങളുടെ ശത്രുക്കളെ അവജ്ഞയോടെ നോക്കുന്നു. അവർ തങ്ങളോടുതന്നെ പറയുന്നു, “ഒന്നിനുമെന്നെ ഇളക്കിമറിക്കാൻ കഴിയുകയില്ല.” അവർ ശപഥംചെയ്യുന്നു, “തലമുറകളോളം എനിക്കൊരനർഥവും വരികയില്ല.” അവരുടെ വായിൽ ശാപവും വ്യാജവും ഭീഷണിയും നിറഞ്ഞിരിക്കുന്നു; അവരുടെ നാവിൻകീഴിൽ ഉപദ്രവവും ദുഷ്ടതയും കുടിപാർക്കുന്നു. അവർ ഗ്രാമങ്ങൾക്കരികെ പതിയിരിക്കുന്നു; ഒളിയിടങ്ങളിലിരുന്ന് അവർ നിരപരാധികളെ വധിക്കുന്നു. അവരുടെ കണ്ണ് അഗതികളെ തെരഞ്ഞുകൊണ്ടിരിക്കുന്നു; ഒരു സിംഹത്തെപ്പോലെ അവർ പതുങ്ങി കാത്തിരിക്കുന്നു. നിസ്സഹായരെ പിടികൂടാൻ അവർ പതുങ്ങിയിരിക്കുന്നു; അശരണരെ കടന്നുപിടിക്കുകയും അവരെ തങ്ങളുടെ വലയ്ക്കുള്ളിലാക്കുകയും ചെയ്യുന്നു. അവരുടെ ഇരകളെ അവർ തകർക്കുന്നു, അവർ കുഴഞ്ഞുവീഴുന്നു; അവരുടെ കരബലത്തിൻകീഴിലവർ നിലംപരിശാകുന്നു.