സദൃശവാക്യങ്ങൾ 9:1-18
സദൃശവാക്യങ്ങൾ 9:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജ്ഞാനമായവൾ തനിക്ക് ഒരു വീട് പണിതു; അതിന് ഏഴു തൂൺ തീർത്തു. അവൾ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്റെ മേശ ചമയിച്ചുമിരിക്കുന്നു. അവൾ തന്റെ ദാസികളെ അയച്ചു പട്ടണത്തിലെ മേടകളിൽനിന്നു വിളിച്ചുപറയിക്കുന്നതു: അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയിക്കുന്നത്; വരുവിൻ, എന്റെ അപ്പം തിന്നുകയും ഞാൻ കലക്കിയ വീഞ്ഞു കുടിക്കയും ചെയ്വിൻ! ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിൻ! വിവേകത്തിന്റെ മാർഗത്തിൽ നടന്നുകൊൾവിൻ. പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭർത്സിക്കുന്നവനു കറ പറ്റുന്നു. പരിഹാസി നിന്നെ പകയ്ക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്; ജ്ഞാനിയെ ശാസിക്ക; അവൻ നിന്നെ സ്നേഹിക്കും. ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വർധിക്കും; നീതിമാനെ ഉപദേശിക്ക അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു. ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും; നിനക്കു ദീർഘായുസ്സ് ഉണ്ടാകും. നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നുവെങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും. ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല. തങ്ങളുടെ പാതയിൽ നേരേ നടക്കുന്നവരായി കടന്നുപോകുന്നവരെ വിളിക്കേണ്ടതിനു അവൾ പട്ടണത്തിലെ മേടകളിൽ തന്റെ വീട്ടുവാതിൽക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു. അല്പബുദ്ധിയായവൻ ഇങ്ങോട്ടുവരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയുന്നത്; മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു. എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല.
സദൃശവാക്യങ്ങൾ 9:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്ഞാനം എന്നവൾ തനിക്കു വീടു പണിതു; അതിന് ഏഴു തൂണുകൾ സ്ഥാപിച്ചിരിക്കുന്നു. അവൾ മൃഗങ്ങളെ അറുത്തും വീഞ്ഞിൽ സുഗന്ധം കലർത്തിയും വിരുന്ന് ഒരുക്കിയിരിക്കുന്നു. പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ ചെന്ന് ‘ബുദ്ധിഹീനരേ, അടുത്തു വരുവിൻ’ എന്നു വിളിച്ചുപറയാൻ തന്റെ ദാസിമാരെ അവൾ അയച്ചിരിക്കുന്നു. അവിവേകികളോട് അവൾ പറയുന്നു: “വരിക, എന്റെ അപ്പം തിന്നുകയും ഞാൻ ഒരുക്കിയ വീഞ്ഞു കുടിക്കുകയും ചെയ്യുക.” ഭോഷത്തം വെടിഞ്ഞ് ജീവിക്കുക, വിവേകത്തിന്റെ മാർഗത്തിൽ ചരിക്കുക. പരിഹാസിയെ തിരുത്തുന്നവന് ശകാരം കിട്ടും; ദുഷ്ടനെ ശാസിക്കുന്നവന് ഉപദ്രവം ഉണ്ടാകും. പരിഹാസിയെ ശാസിച്ചാൽ അവൻ നിന്നെ വെറുക്കും; വിവേകിയെ ശാസിച്ചാൽ അവൻ നിന്നെ സ്നേഹിക്കും. ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവൻ കൂടുതൽ ജ്ഞാനം നേടും; നീതിമാനെ പഠിപ്പിക്കുക, അവന്റെ വിജ്ഞാനം വർധിക്കും. ദൈവഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു; പരിശുദ്ധനായ ദൈവത്തെ അറിയുന്നതാണു വിവേകം. ജ്ഞാനത്താൽ നിന്റെ ദിനങ്ങൾ പെരുകും; നിന്റെ ആയുഷ്കാലം ദീർഘിക്കും. ജ്ഞാനമുണ്ടെങ്കിൽ അതിന്റെ മേന്മ നിനക്കുതന്നെ; അതിനെ നിന്ദിച്ചാൽ നീ അതിന് ഉത്തരവാദിയാകും. ഭോഷത്തം വായാടിയും അറിവില്ലാത്തവളും നിർലജ്ജയും ആകുന്നു. അവൾ തന്റെ വീട്ടുവാതില്‌ക്കലോ പട്ടണത്തിലെ ഉയർന്ന സ്ഥാനങ്ങളിലോ ഇരിക്കുന്നു. തങ്ങളുടെ കാര്യങ്ങൾക്കായി കടന്നുപോകുന്നവരോട് അവൾ വിളിച്ചു പറയും: ‘ബുദ്ധിഹീനരേ ഇതുവഴി വരിക,’ ബുദ്ധിശൂന്യരോട് അവൾ പറയും: ‘മോഷ്‍ടിച്ച ജലം മാധുര്യമുള്ളതും ഒളിച്ചു തിന്നുന്ന അപ്പം സ്വാദേറിയതും ആകുന്നു.’ എന്നാൽ മരണം അവിടെ പതിയിരിക്കുകയാണെന്നും അവളുടെ അതിഥികൾ പാതാളത്തിലാണെന്നും അവൻ അറിയുന്നില്ല.
സദൃശവാക്യങ്ങൾ 9:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജ്ഞാനമായവൾ തനിക്കു ഒരു വീട് പണിതു; അതിന് ഏഴു തൂണുകൾ തീർത്തു. അവൾ മൃഗങ്ങളെ അറുത്ത്, വീഞ്ഞ് കലക്കി, തന്റെ മേശ ഒരുക്കിയിരിക്കുന്നു. അവൾ തന്റെ ദാസികളെ അയച്ച് പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ നിന്ന് വിളിച്ച് പറയിക്കുന്നത്: “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ.” ബുദ്ധിഹീനനോട് അവൾ പറയുന്നത്; “വരുവിൻ, എന്റെ അപ്പം തിന്നുകയും ഞാൻ കലക്കിയ വീഞ്ഞ് കുടിക്കുകയും ചെയ്യുവിൻ! ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ട് ജീവിക്കുവിൻ! വിവേകത്തിന്‍റെ മാർഗ്ഗത്തിൽ നടന്നുകൊള്ളുവിൻ.” പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭർത്സിക്കുന്നവന് ഉപദ്രവം ഉണ്ടാകുന്നു. പരിഹാസി നിന്നെ പകക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്; ജ്ഞാനിയെ ശാസിക്കുക; അവൻ നിന്നെ സ്നേഹിക്കും. ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവന്‍റെ ജ്ഞാനം വർദ്ധിക്കും; നീതിമാനെ ഉപദേശിക്കുക, അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു. ഞാൻ മുഖാന്തരം നിന്‍റെ ആയുസിന്‍റെ നാളുകൾ പെരുകും; നിനക്കു ദീർഘായുസ്സ് ഉണ്ടാകും. നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും.” ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല. തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി, കടന്നുപോകുന്നവരെ വിളിക്കേണ്ടതിന് അവൾ പട്ടണത്തിലെ ഉന്നതസ്ഥാനങ്ങളിൽ തന്‍റെ വീട്ടുവാതില്ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു. “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ.” ബുദ്ധിഹീനനോട് അവൾ പറയുന്നത്; “മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.” എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല.
സദൃശവാക്യങ്ങൾ 9:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജ്ഞാനമായവൾ തനിക്കു ഒരു വീടുപണിതു; അതിന്നു ഏഴു തൂൺ തീർത്തു. അവൾ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്റെ മേശ ചമയിച്ചുമിരിക്കുന്നു. അവൾ തന്റെ ദാസികളെ അയച്ചു പട്ടണത്തിലെ മേടകളിൽനിന്നു വിളിച്ചു പറയിക്കുന്നതു: അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയിക്കുന്നതു; വരുവിൻ, എന്റെ അപ്പം തിന്നുകയും ഞാൻ കലക്കിയ വീഞ്ഞു കുടിക്കയും ചെയ്വിൻ! ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിൻ! വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊൾവിൻ. പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭർത്സിക്കുന്നവന്നു കറ പറ്റുന്നു. പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു; ജ്ഞാനിയെ ശാസിക്ക; അവൻ നിന്നെ സ്നേഹിക്കും. ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വർദ്ധിക്കും; നീതിമാനെ ഉപദേശിക്ക അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു. ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും; നിനക്കു ദീർഘായുസ്സു ഉണ്ടാകും. നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നേ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നേ സഹിക്കേണ്ടിവരും. ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; അവൾ ബുദ്ധിഹീന തന്നേ, ഒന്നും അറിയുന്നതുമില്ല. തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്നു അവൾ പട്ടണത്തിലെ മേടകളിൽ തന്റെ വീട്ടുവാതില്ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു. അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയുന്നതു; മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു. എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല.
സദൃശവാക്യങ്ങൾ 9:1-18 സമകാലിക മലയാളവിവർത്തനം (MCV)
ജ്ഞാനം അവൾക്കുവേണ്ടി വീട് പണിതു; ചെത്തിമിനുക്കിയ ഏഴു സ്തംഭങ്ങൾ സ്ഥാപിച്ചു. അവൾ മാംസഭക്ഷണം പാകംചെയ്തു വീഞ്ഞ് തയ്യാറാക്കി; അവളുടെ തീന്മേശയും ഒരുക്കിവെച്ചു. അവൾ തന്റെ തോഴിമാരെ നിയോഗിച്ചു, നഗരത്തിന്റെ ഉന്നതസ്ഥാനങ്ങളിൽ വിളംബരം ചെയ്യുന്നതിനുവേണ്ടി, “ലളിതമാനസരേ, എന്റെ ഭവനത്തിലേക്കു വരിക!” ബുദ്ധിഹീനരോട് അവൾ അറിയിക്കുന്നു, “വരിക, എന്റെ ഭക്ഷണം ആസ്വദിക്കുക, ഞാൻ കലർത്തിവെച്ചിരിക്കുന്ന വീഞ്ഞ് പാനംചെയ്യുക. നിങ്ങളുടെ ഭോഷത്തം ഉപേക്ഷിച്ച് ജീവിക്കുക; വിവേകപൂർണമായ മാർഗത്തിൽ സഞ്ചരിക്കുക.” പരിഹാസിയെ തിരുത്തുന്നവർക്ക് അധിക്ഷേപം പകരമായിലഭിക്കുന്നു; ദുഷ്ടരെ ശകാരിക്കുന്നവർ അവഹേളനപാത്രമാകും. പരിഹാസികളെ ശാസിക്കരുത്, അവർ നിന്നെ വെറുക്കും; ജ്ഞാനികളെ ശാസിക്കുക, അവർ നിന്നെ സ്നേഹിക്കും. ജ്ഞാനികളെ ഉപദേശിക്കുക, അവർ അധികം ജ്ഞാനമുള്ളവരായിത്തീരും; നീതിനിഷ്ഠരെ അഭ്യസിപ്പിക്കുക, അവർ വിദ്യാഭിവൃത്തി പ്രാപിക്കും. യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു, പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകമാകുന്നു. ജ്ഞാനംമൂലം നിന്റെ ദിനങ്ങൾ നിരവധിയായിരിക്കും, നിനക്കു ദീർഘായുസ്സുണ്ടാകുകയും ചെയ്യും. നീ ജ്ഞാനമുള്ള വ്യക്തിയെങ്കിൽ, നിന്റെ ജ്ഞാനം നിനക്കു പ്രതിഫലംനൽകും; നീ പരിഹാസിയാണെങ്കിൽ, അതിന്റെ അനന്തരഫലം നീമാത്രം അനുഭവിക്കും. ഭോഷത്തം അടക്കമില്ലാത്ത ഒരു സ്ത്രീയാണ്; അവൾ ഭോഷയും വിവരംകെട്ടവളുമാണ്. അവൾ തന്റെ ഗൃഹകവാടത്തിൽ ഇരിക്കുന്നു, നഗരത്തിലെ ഉന്നതസ്ഥാനത്തുള്ള ഒരു പീഠത്തിൽത്തന്നെ, സ്വന്തംകാര്യം അന്വേഷിച്ചു പോകുന്ന പുരുഷന്മാരോട്, അവൾ വിളിച്ചുപറയുന്നു, “ലളിതമാനസരേ, എന്നോടൊപ്പം വരിക!” വിവേകരഹിതരോടവൾ ചൊല്ലുന്നു, “അപഹരിക്കപ്പെട്ട ജലം മധുരതരം; ഒളിവിൽ ഭുജിക്കുന്ന ഭക്ഷണം അതിരുചികരം!” എന്നാൽ അവിടെ മൃതന്മാർ ഉണ്ടെന്നും അവളുടെ അതിഥികൾ പാതാളത്തിന്റെ ആഴങ്ങളിലാണെന്നും അവർ അറിയുന്നില്ല.