സദൃശവാക്യങ്ങൾ 8:22-36

സദൃശവാക്യങ്ങൾ 8:22-36 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. ഞാൻ പുരാതനമേ, ആദിയിൽ തന്നെ, ഭൂമിയുടെ ഉൽപത്തിക്കുമുമ്പേ നിയമിക്കപ്പെട്ടിരിക്കുന്നു. ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നെ. പർവതങ്ങളെ സ്ഥാപിച്ചതിനു മുമ്പേയും കുന്നുകൾക്കു മുമ്പേയും ഞാൻ ജനിച്ചിരിക്കുന്നു. അവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കിയിട്ടില്ലാത്ത സമയത്തു തന്നെ. അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരച്ചപ്പോഴും അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകൾ തടിച്ചപ്പോഴും വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന് അതിർ വച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും ഞാൻ അവന്റെ അടുക്കൽ ശില്പിയായിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ട് ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു. അവന്റെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടു കൂടെ ആയിരുന്നു. ആകയാൽ മക്കളേ, എന്റെ വാക്ക് കേട്ടുകൊൾവിൻ; എന്റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ. പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിൻ; അതിനെ ത്യജിച്ചുകളയരുത്. ദിവസംപ്രതി എന്റെ പടിവാതിൽക്കൽ ജാഗരിച്ചും എന്റെ വാതിൽകട്ടളയ്ക്കൽ കാത്തുകൊണ്ടും എന്റെ വാക്ക് കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു; അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു. എന്നോടു പിഴയ്ക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.

സദൃശവാക്യങ്ങൾ 8:22-36 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ സർവസൃഷ്‍ടികൾക്കും മുമ്പായി സൃഷ്‍ടികളിൽ ആദ്യത്തേതായി എന്നെ സൃഷ്‍ടിച്ചു. യുഗങ്ങൾക്കു മുമ്പ്, ഭൂമിയുടെ ഉൽപത്തിക്കു മുമ്പുതന്നെ ഞാൻ സൃഷ്‍ടിക്കപ്പെട്ടു. ആഴികളോ ജലം നിറഞ്ഞ അരുവികളോ ഇല്ലാതിരിക്കേ എനിക്കു ജന്മം ലഭിച്ചു. ഗിരികളും കുന്നുകളും രൂപംകൊള്ളുന്നതിനു മുമ്പ് ഞാൻ സൃഷ്‍ടിക്കപ്പെട്ടു. അവിടുന്നു ഭൂമിയെയും ധൂമപടലങ്ങളെയും വയലുകളെയും സൃഷ്‍ടിക്കുന്നതിനു മുമ്പായിരുന്നു അത്. അവിടുന്ന് ആകാശത്തെ സ്ഥാപിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. അവിടുന്ന് ആഴിയുടെ മീതെ ചക്രവാളം വരച്ചപ്പോഴും ഉയരത്തിൽ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴിയിൽ ഉറവകൾ തുറന്നപ്പോഴും ജലം തന്റെ ആജ്ഞ ലംഘിക്കാതിരിക്കാൻ അവിടുന്ന് സമുദ്രത്തിന് അതിര് നിശ്ചയിച്ചപ്പോഴും ഭൂമിക്ക് അടിസ്ഥാനം ഇട്ടപ്പോഴും ഒരു വിദഗ്ദ്ധശില്പിയെപ്പോലെ ഞാൻ അവിടുത്തെ സമീപത്തുണ്ടായിരുന്നു. ഞാൻ അവിടുത്തേക്ക് ദിനംതോറും പ്രമോദം നല്‌കി; ഞാൻ തിരുമുമ്പിൽ എപ്പോഴും ആനന്ദിച്ചിരുന്നു. സൃഷ്‍ടികൾ അധിവസിക്കുന്ന അവിടുത്തെ ലോകത്തിൽ ഞാൻ ആനന്ദിക്കുകയും മനുഷ്യജാതിയിൽ സന്തോഷം കണ്ടെത്തുകയും ചെയ്തു. മക്കളേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക; എന്റെ വഴികൾ അനുസരിക്കുന്നവർ ഭാഗ്യശാലികൾ. പ്രബോധനം കേട്ടു വിജ്ഞാനികളാകുവിൻ; അതിനെ അവഗണിക്കരുത്. ദിവസേന എന്റെ പടിവാതില്‌ക്കൽ കാത്തുനിന്ന് ശ്രദ്ധയോടെ എന്റെ വാക്കു കേൾക്കുന്നവൻ ധന്യനാകുന്നു. എന്നെ കണ്ടെത്തുന്നവൻ ജീവൻ കണ്ടെത്തുന്നുവല്ലോ, അവനു സർവേശ്വരന്റെ പ്രീതി ലഭിക്കുന്നു. എന്നാൽ എന്നെ ഉപേക്ഷിക്കുന്നവൻ തനിക്കുതന്നെ ദ്രോഹം വരുത്തുന്നു. എന്നെ ദ്വേഷിക്കുന്നവരെല്ലാം മരണത്തെ സ്നേഹിക്കുന്നു.

സദൃശവാക്യങ്ങൾ 8:22-36 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ പണ്ടുപണ്ടേ തന്‍റെ വഴിയുടെ ആരംഭമായി, തന്‍റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. ഞാൻ പുരാതനമേ, ആദിയിൽ തന്നെ, ഭൂമിയുടെ ഉല്പത്തിക്ക് മുമ്പ് നിയമിക്കപ്പെട്ടിരിക്കുന്നു. ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നെ. പർവ്വതങ്ങൾ സ്ഥാപിച്ചതിനു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു. അവിടുന്ന് ഭൂമിയെയും വയലുകളെയും ഭൂതലത്തിന്‍റെ പൊടിയുടെ തുകയെയും ഉണ്ടാക്കിയിട്ടില്ലാത്ത സമയത്ത് തന്നെ. അവിടുന്ന് ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവിടുന്ന് ആഴത്തിന്‍റെ ഉപരിഭാഗത്ത് വൃത്തം വരച്ചപ്പോഴും അവിടുന്ന് മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്‍റെ ഉറവുകളെ ബലപ്പെടുത്തിയപ്പോഴും വെള്ളം അവിടുത്തെ കല്പനയെ അതിക്രമിക്കാത്തവണ്ണം അവിടുന്ന് സമുദ്രത്തിന് അതിരിട്ടപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും ഞാൻ അവിടുത്തെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവിടുത്തെ മുമ്പിൽ വിനോദിച്ചുകൊണ്ട് ദിനംപ്രതി അവിടുത്തെ പ്രമോദമായിരുന്നു. അവിടുത്തെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; എന്‍റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടി ആയിരുന്നു. ആകയാൽ മക്കളേ, എന്‍റെ വാക്ക് കേട്ടുകൊള്ളുവിൻ; എന്‍റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ. പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിക്കുവിൻ; അതിനെ ത്യജിച്ചുകളയരുത്. ദിവസംപ്രതി എന്‍റെ പടിവാതില്ക്കൽ ജാഗരിച്ചും എന്‍റെ വാതില്ക്കൽ കാത്തുകൊണ്ടും എന്‍റെ വാക്ക് കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു; അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു. എന്നോട് പാപം ചെയ്യുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.”

സദൃശവാക്യങ്ങൾ 8:22-36 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. ഞാൻ പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു. ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നേ. പർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു. അവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ. അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകൾ തടിച്ചപ്പോഴും വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു. അവന്റെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു. ആകയാൽ മക്കളേ, എന്റെ വാക്കു കേട്ടുകൊൾവിൻ; എന്റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ. പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിൻ; അതിനെ ത്യജിച്ചുകളയരുതു. ദിവസംപ്രതി എന്റെ പടിവാതില്ക്കൽ ജാഗരിച്ചും എന്റെ വാതില്ക്കട്ടളെക്കൽ കാത്തുകൊണ്ടും എന്റെ വാക്കു കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു; അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു. എന്നോടു പിഴെക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.

സദൃശവാക്യങ്ങൾ 8:22-36 സമകാലിക മലയാളവിവർത്തനം (MCV)

“യഹോവ തന്റെ പ്രവൃത്തികളുടെ ആരംഭമായി എന്നെ സൃഷ്ടിച്ചു, തന്റെ പുരാതന പ്രവൃത്തികൾക്കും മുമ്പേതന്നെ; പണ്ടേക്കുപണ്ടേ ഞാൻ സൃഷ്ടിക്കപ്പെട്ടു, ആരംഭത്തിൽ ഭൗമോൽപ്പത്തിക്കും മുൻപുതന്നെ. സമുദ്രങ്ങൾ ഉളവാകുന്നതിനുമുമ്പുതന്നെ എനിക്കു ജന്മം നൽകപ്പെട്ടു, ജലസമൃദ്ധമായ അരുവികൾ ഉണ്ടാകുന്നതിനും മുമ്പേതന്നെ; പർവതങ്ങൾ ഉറപ്പിക്കപ്പെടുന്നതിനുമുമ്പ്, മലകൾക്കും മുമ്പേതന്നെ എനിക്കു ജന്മം നൽകപ്പെട്ടു, അവിടന്ന് ഭൂമണ്ഡലത്തെയോ വയലുകളെയോ ഭൂതലത്തിലെ ഏതെങ്കിലും ധൂളിയെയോ സൃഷ്ടിക്കുന്നതിനു മുമ്പേതന്നെ. അവിടന്ന് ആകാശവിതാനത്തെ അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചപ്പോൾ ഞാനവിടെ ഉണ്ടായിരുന്നു, ആഴിയുടെ പരപ്പിൽ ചക്രവാളം വരച്ചപ്പോഴും, അവിടന്ന് മേഘങ്ങളെ ഉയരത്തിൽ സ്ഥാപിച്ചപ്പോഴും അഗാധതയുടെ ഉറവുകളെ സുരക്ഷിതമായി ഉറപ്പിച്ചപ്പോഴും, ആഴികൾ അവിടത്തെ ആജ്ഞകൾ അതിലംഘിക്കാതിരിക്കാൻ അവിടന്ന് ആഴിക്ക് അതിരിട്ടപ്പോഴും അവിടന്ന് ഭൂമിയുടെ അസ്തിവാരം ഉറപ്പിച്ചപ്പോഴും, ഒരു വിദഗ്ദ്ധശില്പിയായി, അവിടത്തെ സഹചാരിയായി ഞാൻ നിന്നു. പ്രതിദിനം ഞാൻ ആനന്ദഭരിതനായിനിന്നു, അവിടത്തെ സന്നിധാനത്തിൽ ആഹ്ലാദപൂർണനായി കഴിഞ്ഞു, അവിടന്നു സൃഷ്ടിച്ച ലോകത്തിൽ ഞാൻ എത്ര ഉല്ലാസഭരിതനായിരുന്നു മനുഷ്യകുലത്തോടൊപ്പം ഞാൻ എത്രമാത്രം ആനന്ദിച്ചു. “അതുകൊണ്ട് ഇപ്പോൾ, എന്റെ കുഞ്ഞുങ്ങളേ, എന്നെ ശ്രദ്ധിക്കുക; എന്റെ വഴികൾ ആചരിക്കുന്നവർ അനുഗൃഹീതർ. എന്റെ പ്രബോധനം കേട്ട് വിവേകിയാകുക; അവ അവഗണിക്കരുത്. എന്നെ ശ്രദ്ധിക്കുന്നവർ അനുഗൃഹീതർ, അനുദിനം എന്റെ പ്രവേശനകവാടത്തിൽ കാത്തുനിന്നും എന്റെ പടിവാതിലിൽ കാവൽകാത്തുംതന്നെ. എന്നെ കണ്ടെത്തുന്നവർ ജീവൻ കണ്ടെത്തുകയും യഹോവയിൽനിന്ന് പ്രസാദം നേടുകയും ചെയ്യുന്നു. എന്നിൽനിന്ന് അകന്നുപോകുന്നവർ അവർക്കുതന്നെ ദോഷംവരുത്തുന്നു; എന്നെ വെറുക്കുന്നവരെല്ലാം മരണത്തെ സ്നേഹിക്കുന്നു.”