സദൃശവാക്യങ്ങൾ 8:1-10
സദൃശവാക്യങ്ങൾ 8:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്റെ സ്വരം കേൾപ്പിക്കുന്നില്ലയോ? അവൾ വഴിയരികെ മേടുകളുടെ മുകളിൽ പാതകൾ കൂടുന്നേടത്തു നില്ക്കുന്നു. അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതിൽക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നത്: പുരുഷന്മാരേ, ഞാൻ നിങ്ങളോടു വിളിച്ചു പറയുന്നു; എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു. അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊൾവിൻ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ. കേൾപ്പിൻ, ഞാൻ ഉൽക്കൃഷ്ടമായതു സംസാരിക്കും; എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന് ആയിരിക്കും. എന്റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്റെ അധരങ്ങൾക്കു അറപ്പാകുന്നു. എന്റെ വായിലെ മൊഴിയൊക്കെയും നീതിയാകുന്നു; അവയിൽ വക്രവും വികടവുമായത് ഒന്നുമില്ല. അവയെല്ലാം ബുദ്ധിമാനു തെളിവും പരിജ്ഞാനം ലഭിച്ചവർക്കു നേരും ആകുന്നു. വെള്ളിയെക്കാൾ എന്റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊൾവിൻ.
സദൃശവാക്യങ്ങൾ 8:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്ഞാനം ഉച്ചത്തിൽ വിളിച്ചു പറയുന്നതു കേൾക്കുന്നില്ലേ? വിവേകം ശബ്ദം ഉയർത്തുന്നതു നിങ്ങൾ ശ്രദ്ധിക്കുന്നില്ലേ? വഴിയരികിലുള്ള കുന്നുകളുടെ മുകളിലും വീഥികളിലും അവൾ നില ഉറപ്പിക്കുന്നു. നഗരകവാടത്തിൽ വാതിലിനരികെ നിന്നുകൊണ്ട് അവൾ വിളിച്ചുപറയുന്നു: അല്ലയോ മനുഷ്യരേ, ഞാൻ നിങ്ങളോടു ഉദ്ഘോഷിക്കുന്നു; ഞാൻ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. അപക്വമതികളേ, വിവേകം തേടുവിൻ, ഭോഷന്മാരേ, ജ്ഞാനം ഉൾക്കൊള്ളുവിൻ. ശ്രേഷ്ഠമായ കാര്യങ്ങൾ ഞാൻ പറയാൻ പോകുന്നു; നേരായുള്ളതേ എന്റെ അധരങ്ങളിൽനിന്നു പുറപ്പെടൂ. ഞാൻ സത്യം സംസാരിക്കും; ദുർഭാഷണം ഞാൻ വെറുക്കുന്നു. എന്റെ എല്ലാ വചനങ്ങളും നീതിയുക്തമാണ്. അവയിൽ വളവും വക്രതയും ഇല്ല, ഗ്രഹിക്കാൻ കെല്പുള്ളവന് അതു ഋജുവുമാണ്. അറിവു നേടുന്നവർക്ക് അതു നേരായത്. വെള്ളിക്കു പകരം പ്രബോധനവും വിശിഷ്ടമായ സ്വർണത്തിനു പകരം ജ്ഞാനവും സ്വീകരിക്കൂ.
സദൃശവാക്യങ്ങൾ 8:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്റെ സ്വരം ഉയർത്തുന്നില്ലയോ? അവൾ വഴിയരികിൽ കുന്നുകളുടെ മുകളിൽ, പാതകൾ കൂടുന്നേടത്ത് നില്ക്കുന്നു. അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്ക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നത്: “പുരുഷന്മാരേ, ഞാൻ നിങ്ങളോട് വിളിച്ചു പറയുന്നു; എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്ക് വരുന്നു. അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്ളുവിൻ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ. കേൾക്കുവിൻ, ഞാൻ ഉൽകൃഷ്ടമായത് സംസാരിക്കും; എന്‍റെ അധരങ്ങൾ തുറക്കുന്നത് നേരിന് ആയിരിക്കും. എന്റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്‍റെ അധരങ്ങൾക്ക് അറപ്പാകുന്നു. എന്റെ വായിലെ മൊഴി സകലവും നീതിയാകുന്നു; അവയിൽ വക്രവും വികടവുമായത് ഒന്നുമില്ല. അവയെല്ലാം ബുദ്ധിമാന് തെളിവും പരിജ്ഞാനം ലഭിച്ചവർക്ക് നേരും ആകുന്നു. വെള്ളിയെക്കാൾ എന്റെ പ്രബോധനവും മേൽത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊള്ളുവിൻ.
സദൃശവാക്യങ്ങൾ 8:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്റെ സ്വരം കേൾപ്പിക്കുന്നില്ലയോ? അവൾ വഴിയരികെ മേടുകളുടെ മുകളിൽ പാതകൾ കൂടുന്നേടത്തു നില്ക്കുന്നു. അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്ക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നതു: പുരുഷന്മാരേ, ഞാൻ നിങ്ങളോടു വിളിച്ചു പറയുന്നു; എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു. അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചു കൊൾവിൻ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ. കേൾപ്പിൻ, ഞാൻ ഉൽകൃഷ്ടമായതു സംസാരിക്കും; എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന്നു ആയിരിക്കും. എന്റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്റെ അധരങ്ങൾക്കു അറെപ്പാകുന്നു. എന്റെ വായിലെ മൊഴി ഒക്കെയും നീതിയാകുന്നു; അവയിൽ വക്രവും വികടവുമായതു ഒന്നുമില്ല. അവയെല്ലാം ബുദ്ധിമാന്നു തെളിവും പരിജ്ഞാനം ലഭിച്ചവർക്കു നേരും ആകുന്നു. വെള്ളിയെക്കാൾ എന്റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊൾവിൻ.
സദൃശവാക്യങ്ങൾ 8:1-10 സമകാലിക മലയാളവിവർത്തനം (MCV)
ജ്ഞാനമായവൾ വിളംബരം നടത്തുന്നില്ലേ? വിവേകമുള്ളവൾ ഉച്ചൈസ്തരം ഘോഷിക്കുന്നില്ലേ? വീഥികളുടെ സംഗമസ്ഥാനത്ത്, പാതയോരത്തെ ഉയർന്നസ്ഥാനത്ത് അവൾ നിലയുറപ്പിക്കുന്നു; നഗരകവാടത്തിനരികിൽ, അതിന്റെ പ്രവേശനത്തിനരികെ നിന്നുകൊണ്ട്, അവൾ ഉറക്കെ വിളിച്ചുപറയുന്നു: “അല്ലയോ മനുഷ്യരേ, ഞാൻ നിങ്ങളോട് വിളംബരംചെയ്യുന്നു; മനുഷ്യവർഗത്തോടെല്ലാം ഞാൻ എന്റെ സ്വരം ഉയർത്തുന്നു. ലളിതമാനസരേ, കാര്യപ്രാപ്തിയുള്ളവരാകുക; ബുദ്ധിഹീനരായവരേ, വിവേകമുള്ളവരാകുക. ശ്രദ്ധിക്കുക, എനിക്കു ശ്രേഷ്ഠകരമായ വസ്തുതകൾ പ്രസ്താവിക്കാനുണ്ട്; നീതിയുക്തമായതു സംസാരിക്കാൻ ഞാൻ എന്റെ അധരങ്ങൾ തുറക്കുന്നു. എന്റെ വായ് സത്യം സംസാരിക്കുന്നു, തിന്മ എന്റെ അധരങ്ങൾക്ക് അറപ്പാണ്. എന്റെ വായിലെ വാക്കുകളെല്ലാം നീതിയുള്ളവയാണ്; വക്രതയോ വൈകൃതമോ നിറഞ്ഞ ഒന്നുംതന്നെ അവയിലില്ല. വിവേകികൾക്ക് എന്റെ വാക്കുകൾ സുവ്യക്തമാണ്; പരിജ്ഞാനമുള്ളവർക്ക് അവയെല്ലാം വക്രതയില്ലാത്തതായിരിക്കും. എന്റെ ശിക്ഷണം വെള്ളിക്കുപകരമായും പരിജ്ഞാനം മേൽത്തരം തങ്കത്തിലും ശ്രേഷ്ഠമായും സ്വീകരിക്കുക