സദൃശവാക്യങ്ങൾ 4:6-24

സദൃശവാക്യങ്ങൾ 4:6-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും; അതിൽ പ്രിയം വയ്ക്കുക; അത് നിന്നെ സൂക്ഷിക്കും. ജ്ഞാനം തന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകല സമ്പാദ്യത്താലും വിവേകം നേടുക. അതിനെ ഉയർത്തുക; അതു നിന്നെ ഉയർത്തും; അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും. അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്ത്വകിരീടം ചൂടിക്കും. മകനേ കേട്ട് എന്റെ വചനങ്ങളെ കൈക്കൊൾക; എന്നാൽ നിനക്ക് ദീർഘായുസ്സുണ്ടാകും. ജ്ഞാനത്തിന്റെ മാർഗം ഞാൻ നിന്നെ ഉപദേശിക്കുന്നു: നേരേയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു. നടക്കുമ്പോൾ നിന്റെ കാലടിക്ക് ഇടുക്കം വരികയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല. പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുത്; അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ. ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്; ദുർജനത്തിന്റെ വഴിയിൽ നടക്കയുമരുത്; അതിനോട് അകന്നു നില്ക്ക; അതിൽ നടക്കരുത്; അത് വിട്ടുമാറി കടന്നുപോക. അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവർക്ക് ഉറക്കം വരികയില്ല. ദുഷ്ടതയുടെ ആഹാരംകൊണ്ട് അവർ ഉപജീവിക്കുന്നു; ബലാൽക്കാരത്തിന്റെ വീഞ്ഞ് അവർ പാനം ചെയ്യുന്നു. നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു. ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെ ആകുന്നു; ഏതിങ്കൽ തട്ടിവീഴും എന്ന് അവർ അറിയുന്നില്ല. മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധ തരിക; എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക. അവ നിന്റെ ദൃഷ്‍ടിയിൽനിന്നു മാറിപ്പോകരുത്; നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക. അവയെ കിട്ടുന്നവർക്ക് അവ ജീവനും അവരുടെ സർവദേഹത്തിനും സൗഖ്യവും ആകുന്നു. സകല ജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത്. വായുടെ വക്രത നിങ്കൽനിന്ന് നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കൽനിന്ന് അകറ്റുക.

സദൃശവാക്യങ്ങൾ 4:6-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ജ്ഞാനം കൈവിടരുത്, അതു നിന്നെ കാത്തുസൂക്ഷിക്കും. അതിനെ സ്നേഹിക്കുക, അതു നിന്നെ സംരക്ഷിക്കും; ജ്ഞാനം നേടുകയാണ് സർവപ്രധാനം; എന്തു വിലകൊടുത്തും വിവേകം ആർജിക്കുക. ജ്ഞാനത്തെ വിലമതിക്കുക, അതു നിന്നെ ഉയർത്തും; അതിനെ കെട്ടിപ്പുണർന്നാൽ അതു നിന്നെ ബഹുമാന്യനാക്കും. ജ്ഞാനം നിന്റെ ശിരസ്സിന് മനോഹരമായ അലങ്കാരവും കിരീടവും ആയിരിക്കും. മകനേ, എന്റെ വചനം കേട്ടു ഗ്രഹിക്കുക, എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും. ജ്ഞാനത്തിന്റെ മാർഗം ഞാൻ നിന്നെ പഠിപ്പിച്ചു; നേർവഴിയിലൂടെ ഞാൻ നിന്നെ നയിച്ചു. നിന്റെ കാലടികൾക്ക് തടസ്സം നേരിടുകയില്ല, ഓടുമ്പോൾ നീ ഇടറിവീഴുകയുമില്ല. പ്രബോധനം മുറുകെപ്പിടിക്കുക, അതു കൈവിടരുത്; അതു കാത്തുസൂക്ഷിക്കുക; അതാണല്ലോ നിന്റെ ജീവൻ. ദുഷ്ടന്മാരുടെ പാതയിൽ പ്രവേശിക്കരുത്; ദുർജനത്തിന്റെ വഴിയിൽ നടക്കുകയുമരുത്. ആ മാർഗം പരിത്യജിക്കുക, അതിലൂടെ സഞ്ചരിക്കരുത്; അതിൽനിന്ന് അകന്നു മാറിപ്പോകുക. തിന്മ പ്രവർത്തിക്കാതെ ദുഷ്ടർക്ക് ഉറക്കം വരികയില്ല. ആരെയെങ്കിലും വീഴ്ത്താതെ നിദ്ര അവരെ സമീപിക്കുകയില്ല. കാരണം, ദുഷ്ടതയുടെ അപ്പം അവർ തിന്നുകയും അക്രമത്തിന്റെ വീഞ്ഞു കുടിക്കുകയും ചെയ്യുന്നു. എന്നാൽ നീതിമാന്മാരുടെ പാത അരുണോദയത്തിലെ പ്രകാശംപോലെയാണ്. അത് അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്നു. ദുഷ്ടന്മാരുടെ വഴി കൂരിരുട്ടിനു സമം, എവിടെ തട്ടി വീഴുമെന്ന് അവർ അറിയുന്നില്ല. മകനേ, എന്റെ വചനങ്ങൾ ശ്രദ്ധിക്കുക, എന്റെ മൊഴികൾക്കു ചെവിതരിക. അവയിൽനിന്നു നീ വ്യതിചലിക്കരുത്; നിന്റെ ഹൃദയത്തിൽ അവയെ സൂക്ഷിക്കുക. അവയെ കണ്ടെത്തുന്നവന് അവ ജീവനും, അവന്റെ ദേഹത്തിന് അതു സൗഖ്യദായകവുമാകുന്നു. ജാഗ്രതയോടെ നിന്റെ ഹൃദയത്തെ കാത്തുകൊള്ളുക; അവിടെനിന്നാണല്ലോ ജീവന്റെ ഉറവ പുറപ്പെടുന്നത്. കപടഭാഷണം ഉപേക്ഷിക്കുക, വ്യാജസംസാരം അകറ്റി നിർത്തുക.

സദൃശവാക്യങ്ങൾ 4:6-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും; അതിൽ പ്രിയം വെക്കുക; അത് നിന്നെ സൂക്ഷിക്കും; ജ്ഞാനംതന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്കുക; നിന്‍റെ സകലസമ്പാദ്യം കൊണ്ടും വിവേകം നേടുക. അതിനെ ഉയർത്തുക; അത് നിന്നെ ഉയർത്തും; അതിനെ ആലിംഗനം ചെയ്താൽ അത് നിനക്കു മാനം വരുത്തും. അത് നിന്‍റെ തലയെ അലങ്കാരമാല അണിയിക്കും; അത് നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും. മകനേ, കേട്ടു എന്‍റെ വചനങ്ങളെ കൈക്കൊള്ളുക; എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും. ജ്ഞാനത്തിന്‍റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു; നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു. നടക്കുമ്പോൾ നിന്‍റെ കാലടികൾ തടസ്സം നേരിടുകയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല. പ്രബോധനം മുറുകെ പിടിക്കുക; വിട്ടുകളയരുത്; അതിനെ കാത്തുകൊള്ളുക, അത് നിന്‍റെ ജീവനല്ലയോ. ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്; ദുർജ്ജനത്തിന്‍റെ വഴിയിൽ നടക്കുകയും അരുത്; അതിനോട് അകന്നുനില്ക്കുക; അതിൽ നടക്കരുത്; അത് വിട്ടുമാറി കടന്നുപോകുക. അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; ആരെയെങ്കിലും വീഴിച്ചിട്ടല്ലാതെ അവർക്ക് ഉറക്കം വരുകയില്ല. ദുഷ്ടതയുടെ ആഹാരംകൊണ്ട് അവർ ഉപജീവിക്കുന്നു; ബലാല്ക്കാരത്തിന്‍റെ വീഞ്ഞ് അവർ പാനംചെയ്യുന്നു. നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്‍റെ വെളിച്ചംപോലെ; അത് നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു. ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു; ഏതിൽ തട്ടിവീഴും എന്നു അവർ അറിയുന്നില്ല. മകനേ, എന്‍റെ വചനങ്ങൾക്ക് ശ്രദ്ധതരിക; എന്‍റെ മൊഴികൾക്ക് നിന്‍റെ ചെവിചായിക്കുക. അവ നിന്‍റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്; നിന്‍റെ ഹൃദയത്തിന്‍റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക. അവയെ കിട്ടുന്നവർക്ക് അവ ജീവനും അവരുടെ മുഴുവൻശരീരത്തിനും സൗഖ്യവും ആകുന്നു. സകലജാഗ്രതയോടുംകൂടി നിന്‍റെ ഹൃദയത്തെ കാത്തുകൊള്ളുക; ജീവന്‍റെ ഉത്ഭവം അതിൽനിന്നല്ലയോ ആകുന്നത്. വായുടെ വക്രത നിന്നിൽനിന്ന് നീക്കിക്കളയുക; അധരങ്ങളുടെ വികടം നിന്നിൽനിന്ന് അകറ്റുക.

സദൃശവാക്യങ്ങൾ 4:6-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതിൽ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും; ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക. അതിനെ ഉയർത്തുക; അതു നിന്നെ ഉയർത്തും; അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും. അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും. മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊൾക; എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും. ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു; നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു. നടക്കുമ്പോൾ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല. പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ. ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു; ദുർജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു; അതിനോടു അകന്നുനില്ക്ക; അതിൽ നടക്കരുതു; അതു വിട്ടുമാറി കടന്നുപോക. അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവർക്കു ഉറക്കം വരികയില്ല. ദുഷ്ടതയുടെ ആഹാരംകൊണ്ടു അവർ ഉപജീവിക്കുന്നു; ബലാല്ക്കാരത്തിന്റെ വീഞ്ഞു അവർ പാനം ചെയ്യുന്നു. നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു. ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു; ഏതിങ്കൽ തട്ടി വീഴും എന്നു അവർ അറിയുന്നില്ല. മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധതരിക; എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക. അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു; നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവെക്കുക. അവയെ കിട്ടുന്നവർക്കു അവ ജീവനും അവരുടെ സർവ്വദേഹത്തിന്നും സൗഖ്യവും ആകുന്നു. സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു. വായുടെ വക്രത നിങ്കൽനിന്നു നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കൽനിന്നകറ്റുക.

സദൃശവാക്യങ്ങൾ 4:6-24 സമകാലിക മലയാളവിവർത്തനം (MCV)

ജ്ഞാനത്തെ ഉപേക്ഷിക്കരുത്, അവൾ നിന്നെ സംരക്ഷിക്കും; അവളെ സ്നേഹിക്കുക, അവൾ നിനക്കു കാവൽനിൽക്കും. ജ്ഞാനം പരമപ്രധാനമാണ്; ആകയാൽ നീ ജ്ഞാനം കൈവരിക്കുക. നിനക്കുള്ളതെല്ലാം ചെലവഴിച്ചിട്ടായാലും അറിവ് സമ്പാദിക്കുക. അവളെ താലോലിക്കുക, അവൾ നിന്നെ ഉയർത്തും; അവളെ ആലിംഗനംചെയ്യുക, അവൾ നിന്നെ ആദരിക്കും. അവൾ നിന്റെ ശിരസ്സിന് അഴകേകുന്ന ഒരു ലതാമകുടം അണിയിക്കുകയും ശോഭയുള്ള കിരീടം നിനക്ക് ഉപഹാരമായി നൽകുകയും ചെയ്യും.” എന്റെ കുഞ്ഞേ, എന്റെ വാക്കുകൾ ശ്രദ്ധിച്ച് അവ അംഗീകരിക്കുക, എന്നാൽ നീ ദീർഘായുസ്സുള്ള വ്യക്തിയായിരിക്കും. ഞാൻ നിന്നെ ജ്ഞാനമാർഗത്തിലേക്കു നയിക്കുന്നു നേരായ പാതകളിൽ നിന്നെ നടത്തുകയും ചെയ്യുന്നു. നീ നടക്കുമ്പോൾ നിന്റെ കാലടികൾക്കു തടസ്സം നേരിടുകയില്ല; ഓടുമ്പോൾ, നീ ഇടറിവീഴുകയുമില്ല. ശിക്ഷണം മുറുകെപ്പിടിക്കുക, അതിനെ കൈവെടിയരുത്; അതിനെ സംരക്ഷിക്കുക, കാരണം അതാകുന്നു നിന്റെ ജീവൻ. ദുഷ്ടരുടെ വഴിയിൽ നീ പ്രവേശിക്കരുത് ദുർമാർഗികളുടെ പാതയിൽ നീ സഞ്ചരിക്കുകയുമരുത്. അത് ഒഴിവാക്കുക, ആ വഴിയിൽക്കൂടി സഞ്ചരിക്കരുത്; അത് വിട്ടൊഴിഞ്ഞ് നിന്റെ ലക്ഷ്യത്തിലേക്കു കുതിക്കുക. കാരണം അകൃത്യംചെയ്യുന്നതുവരെ അവർക്ക് ഉറക്കംവരികയില്ല; ആരെയെങ്കിലും വീഴ്ത്തിയില്ലെങ്കിൽ അവരെ സുഖനിദ്ര കൈവിടുന്നു, അവർ ദുഷ്ടതയുടെ ആഹാരം ഭക്ഷിക്കുന്നു അതിക്രമത്തിന്റെ വീഞ്ഞു പാനംചെയ്യുന്നു. നീതിനിഷ്ഠരുടെ പാത അരുണോദയത്തിലെ പ്രഭപോലെയാകുന്നു, അതു നട്ടുച്ചവരെ അധികമധികമായി പ്രശോഭിച്ചുകൊണ്ടിരിക്കും. എന്നാൽ ദുഷ്ടരുടെ പാതകൾ ഘോരാന്ധകാരംപോലെയാണ്; ഏതിൽ തട്ടിവീഴുമെന്ന് അവർ അറിയുന്നില്ല. എന്റെ കുഞ്ഞേ, എന്റെ വാക്കുകൾ സശ്രദ്ധം ശ്രവിക്കുക; എന്റെ മൊഴികൾക്കു ചെവിചായ്‌ക്കുക. അവ നിന്റെ കൺമുമ്പിൽനിന്നും മറയാൻ അനുവദിക്കരുത്, അവ നിന്റെ ഹൃദയത്തിൽത്തന്നെ സൂക്ഷിക്കുക; കാരണം, കണ്ടെത്തുന്നവർക്ക് അവ ജീവനും അവരുടെ ശരീരംമുഴുവൻ ആരോഗ്യവും നൽകുന്നു. എല്ലാറ്റിനുമുപരി നിന്റെ ഹൃദയത്തെ സംരക്ഷിക്കുക, കാരണം അതിൽനിന്നാണ് ജീവന്റെ ഉറവ ഉത്ഭവിക്കുന്നത്. വഞ്ചന നിന്റെ വായിൽനിന്ന് ഒഴിവാക്കുക; ദുർഭാഷണത്തിൽനിന്നു നിന്റെ അധരങ്ങളെ അകറ്റിനിർത്തുക.