സദൃശവാക്യങ്ങൾ 3:13-20
സദൃശവാക്യങ്ങൾ 3:13-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ. അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലത്. അതു മുത്തുകളിലും വിലയേറിയത്; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിനു തുല്യമാകയില്ല. അതിന്റെ വലംകൈയിൽ ദീർഘായുസ്സും ഇടംകൈയിൽ ധനവും മാനവും ഇരിക്കുന്നു. അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു. അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അതു ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ. ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു. അവന്റെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു; മേഘങ്ങൾ മഞ്ഞു പൊഴിക്കുന്നു.
സദൃശവാക്യങ്ങൾ 3:13-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്ഞാനം നേടുകയും വിവേകം പ്രാപിക്കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ. അതിൽനിന്നുള്ള ലാഭം വെള്ളിയെക്കാളും അതിൽനിന്നുള്ള നേട്ടം സ്വർണത്തെക്കാളും മികച്ചത്. അതു രത്നത്തെക്കാൾ മൂല്യമേറിയത്, നിനക്ക് അഭികാമ്യമായതൊന്നുംതന്നെ അതിനോടു തുല്യമല്ല. ജ്ഞാനത്തിന്റെ വലങ്കൈയിൽ ദീർഘായുസ്സും ഇടങ്കൈയിൽ ധനവും മാനവും ഇരിക്കുന്നു. അതിന്റെ വഴികൾ സന്തോഷവും സമാധാനവും നിറഞ്ഞതാകുന്നു. ജ്ഞാനത്തെ കൈവശമാക്കുന്നവർക്ക് അതു ജീവവൃക്ഷം; അതു മുറുകെ പിടിക്കുന്നവർ അനുഗൃഹീതർ. ജ്ഞാനത്താൽ സർവേശ്വരൻ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ ആകാശത്തെ ഉറപ്പിച്ചു. അവിടുത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പൊട്ടിത്തുറന്നു; മേഘങ്ങൾ മഞ്ഞുപൊഴിച്ചു.
സദൃശവാക്യങ്ങൾ 3:13-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന മനുഷ്യനും ഭാഗ്യവാൻ. അതിന്‍റെ ആദായം വെള്ളിയെക്കാളും അതിന്‍റെ ലാഭം തങ്കത്തെക്കാളും നല്ലത്. അത് മുത്തുകളിലും വിലയേറിയത്; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന് തുല്യമാകുകയില്ല. അതിന്‍റെ വലങ്കയ്യിൽ ദീർഘായുസ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു. അതിന്റെ വഴികൾ സന്തുഷ്ടവും അതിന്‍റെ പാതകളെല്ലാം സമാധാനവും ആകുന്നു. അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അത് ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ. ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവിടുന്ന് ആകാശത്തെ ഉറപ്പിച്ചു. അവിടുത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു; മേഘങ്ങൾ മഞ്ഞ് പൊഴിക്കുന്നു.
സദൃശവാക്യങ്ങൾ 3:13-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ. അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു. അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല. അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു. അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു. അതിനെ പിടിച്ചുകൊള്ളുന്നവർക്കു അതു ജീവ വൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ. ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു. അവന്റെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു; മേഘങ്ങൾ മഞ്ഞു പൊഴിക്കുന്നു.
സദൃശവാക്യങ്ങൾ 3:13-20 സമകാലിക മലയാളവിവർത്തനം (MCV)
ജ്ഞാനം കണ്ടെത്തുകയും വിവേകം നേടുകയും ചെയ്യുന്നവർ അനുഗൃഹീതർ, കാരണം അവൾ വെള്ളിയെക്കാൾ ആദായകരവും കനകത്തെക്കാൾ ലാഭകരവുമാണ്. അവൾ മാണിക്യത്തെക്കാൾ അമൂല്യമാണ്; നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല. അവൾ വലതുകരത്തിൽ ദീർഘായുസ്സും; ഇടതുകരത്തിൽ ധനസമൃദ്ധിയും ബഹുമതിയും വാഗ്ദാനംചെയ്യുന്നു. അവളുടെ വഴികൾ ആനന്ദഹേതുവും അവളുടെ പാതകളെല്ലാം സമാധാനപൂർണവും ആകുന്നു. അവളെ ആലിംഗനംചെയ്യുന്നവർക്ക് അവൾ ഒരു ജീവവൃക്ഷം; അവളെ മുറുകെപ്പിടിക്കുന്നവർ അനുഗൃഹീതരാകും. ജ്ഞാനത്താൽ യഹോവ ഭൂമിക്ക് അടിസ്ഥാനശില പാകി, വിവേകത്താൽ അവിടന്ന് ആകാശത്തെ തൽസ്ഥാനത്ത് ഉറപ്പിച്ചു; അവിടത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പൊട്ടിപ്പിളർന്നു, ആകാശം തുഷാരബിന്ദുക്കൾ പൊഴിക്കുന്നു.