സദൃശവാക്യങ്ങൾ 3:1-18

സദൃശവാക്യങ്ങൾ 3:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മകനേ, എന്റെ ഉപദേശം മറക്കരുത്; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ. അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർധിപ്പിച്ചുതരും. ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്; അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊൾക; നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊൾക. അങ്ങനെ നീ ദൈവത്തിനും മനുഷ്യർക്കും ബോധ്യമായ ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും. പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്. നിന്റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരേയാക്കും; നിനക്കു തന്നെ നീ ജ്ഞാനിയായി തോന്നരുത്; യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടുമാറുക. അതു നിന്റെ നാഭിക്ക് ആരോഗ്യവും അസ്ഥികൾക്കു തണുപ്പും ആയിരിക്കും. യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാ വിളവിന്റെയും ആദ്യഫലം കൊണ്ടും ബഹുമാനിക്ക. അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും. മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുത്; അവന്റെ ശാസനയിങ്കൽ മുഷികയും അരുത്. അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു. ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ. അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലത്. അതു മുത്തുകളിലും വിലയേറിയത്; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിനു തുല്യമാകയില്ല. അതിന്റെ വലംകൈയിൽ ദീർഘായുസ്സും ഇടംകൈയിൽ ധനവും മാനവും ഇരിക്കുന്നു. അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു. അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അതു ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.

സദൃശവാക്യങ്ങൾ 3:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മകനേ, എന്റെ പ്രബോധനം മറക്കരുത്; എന്റെ കല്പനകൾ പാലിക്കുക. അതു ദീർഘായുസ്സും ഐശ്വര്യസമൃദ്ധിയും നിനക്കു നല്‌കും. സുസ്ഥിരസ്നേഹവും വിശ്വസ്തതയും നിന്നെ പിരിയാതിരിക്കട്ടെ. അവ നീ കഴുത്തിൽ അണിഞ്ഞുകൊള്ളുക; നിന്റെ ഹൃദയത്തിൽ അവ രേഖപ്പെടുത്തുക. അങ്ങനെ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പിൽ നീ പ്രീതിയും സൽപ്പേരും നേടും. പൂർണഹൃദയത്തോടെ നീ സർവേശ്വരനിൽ ശരണപ്പെടുക, സ്വന്തംബുദ്ധിയിൽ നീ ആശ്രയിക്കരുത്. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെ ആകട്ടെ. അവിടുന്നു ശരിയായ പാത നിനക്കു കാണിച്ചുതരും. നീ ജ്ഞാനിയെന്നു ഭാവിക്കരുത്; സർവേശ്വരനെ ഭയപ്പെട്ട് തിന്മ വിട്ടകലുക. അതു നിന്റെ ശരീരത്തിനു സൗഖ്യവും നിന്റെ അസ്ഥികൾക്ക് ഉന്മേഷവും നല്‌കും. നിന്റെ സമ്പത്തുകൊണ്ടും സകല വിളവിന്റെയും ആദ്യഫലംകൊണ്ടും സർവേശ്വരനെ ബഹുമാനിക്കുക. അപ്പോൾ നിന്റെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; നിന്റെ ചക്കുകളിൽ വീഞ്ഞു കവിഞ്ഞൊഴുകും. മകനേ, സർവേശ്വരന്റെ ശിക്ഷണം നിരസിക്കരുത്, അവിടുത്തെ ശാസനയിൽ മുഷിയുകയുമരുത്. പിതാവു പ്രിയപുത്രനെ എന്നപോലെ സർവേശ്വരൻ താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു. ജ്ഞാനം നേടുകയും വിവേകം പ്രാപിക്കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ. അതിൽനിന്നുള്ള ലാഭം വെള്ളിയെക്കാളും അതിൽനിന്നുള്ള നേട്ടം സ്വർണത്തെക്കാളും മികച്ചത്. അതു രത്നത്തെക്കാൾ മൂല്യമേറിയത്, നിനക്ക് അഭികാമ്യമായതൊന്നുംതന്നെ അതിനോടു തുല്യമല്ല. ജ്ഞാനത്തിന്റെ വലങ്കൈയിൽ ദീർഘായുസ്സും ഇടങ്കൈയിൽ ധനവും മാനവും ഇരിക്കുന്നു. അതിന്റെ വഴികൾ സന്തോഷവും സമാധാനവും നിറഞ്ഞതാകുന്നു. ജ്ഞാനത്തെ കൈവശമാക്കുന്നവർക്ക് അതു ജീവവൃക്ഷം; അതു മുറുകെ പിടിക്കുന്നവർ അനുഗൃഹീതർ.

സദൃശവാക്യങ്ങൾ 3:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

മകനേ, എന്‍റെ ഉപദേശം മറക്കരുത്; നിന്‍റെ ഹൃദയം എന്‍റെ കല്പനകൾ കാത്തുകൊള്ളട്ടെ. അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും. ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്; അവയെ നിന്‍റെ കഴുത്തിൽ കെട്ടിക്കൊള്ളുക; നിന്‍റെ ഹൃദയത്തിന്‍റെ പലകയിൽ എഴുതിക്കൊള്ളുക. അങ്ങനെ നീ ദൈവത്തിന്‍റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും. പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; സ്വന്ത വിവേകത്തിൽ ആശ്രയിക്കരുത്. നിന്‍റെ എല്ലാ വഴികളിലും അവിടുത്തെ അംഗീകരിച്ചുകൊള്ളുക; അവിടുന്ന് നിന്‍റെ പാതകളെ നേരെയാക്കും; നിനക്കു തന്നെ നീ ജ്ഞാനിയായി തോന്നരുത്; യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടകലുക. അത് നിന്‍റെ നാഭിക്ക് ആരോഗ്യവും അസ്ഥികൾക്ക് തണുപ്പും ആയിരിക്കും. യഹോവയെ നിന്‍റെ ധനംകൊണ്ടും എല്ലാ വിളവിന്‍റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്കുക. അങ്ങനെ നിന്‍റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്‍റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും. മകനേ, യഹോവയുടെ ശിക്ഷ നിരസിക്കരുത്; അവിടുത്തെ ശാസനയിൽ മുഷിയുകയും അരുത്. അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു. ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന മനുഷ്യനും ഭാഗ്യവാൻ. അതിന്‍റെ ആദായം വെള്ളിയെക്കാളും അതിന്‍റെ ലാഭം തങ്കത്തെക്കാളും നല്ലത്. അത് മുത്തുകളിലും വിലയേറിയത്; നിന്‍റെ മനോഹരവസ്തുക്കൾ ഒന്നും അതിന് തുല്യമാകുകയില്ല. അതിന്‍റെ വലങ്കയ്യിൽ ദീർഘായുസ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു. അതിന്‍റെ വഴികൾ സന്തുഷ്ടവും അതിന്‍റെ പാതകളെല്ലാം സമാധാനവും ആകുന്നു. അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അത് ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.

സദൃശവാക്യങ്ങൾ 3:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ. അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും. ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു; അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊൾക; നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊൾക. അങ്ങനെ നീ ദൈവത്തിന്നും മനുഷ്യർക്കും ബോദ്ധ്യമായ ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും. പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും; നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക. അതു നിന്റെ നാഭിക്കു ആരോഗ്യവും അസ്ഥികൾക്കു തണുപ്പും ആയിരിക്കും. യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക. അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളിൽ വീഞ്ഞു കവിഞ്ഞൊഴുകും. മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കൽ മുഷികയും അരുതു. അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു. ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ. അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു. അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല. അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു. അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു. അതിനെ പിടിച്ചുകൊള്ളുന്നവർക്കു അതു ജീവ വൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.

സദൃശവാക്യങ്ങൾ 3:1-18 സമകാലിക മലയാളവിവർത്തനം (MCV)

എന്റെ കുഞ്ഞേ, എന്റെ ഉപദേശം നീ വിസ്മരിക്കരുത്, എന്റെ കൽപ്പനകൾ നിന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുവെക്കുക, അവ നിന്റെ ആയുസ്സ് പല വർഷങ്ങൾ ദീർഘിപ്പിക്കും അവ നിനക്കു സമാധാനവും സമൃദ്ധിയും പ്രദാനംചെയ്യും. ആത്മാർഥതയും വിശ്വസ്തതയും നിന്നെ വിട്ടുപിരിയാതിരിക്കട്ടെ; അവ നിന്റെ കഴുത്തിൽ അണിയുക, നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക. അപ്പോൾ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ പ്രീതിയും സൽപ്പേരും സമ്പാദിക്കും. പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്; നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ, അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും. സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്; യഹോവയെ ഭയപ്പെട്ട് തിന്മയിൽനിന്ന് അകന്നുനിൽക്കുക. ഇതു നിന്റെ ശരീരത്തിന് ആരോഗ്യവും അസ്ഥികൾക്ക് പോഷണവും നൽകും. നിന്റെ സമ്പത്തുകൊണ്ട് യഹോവയെ ബഹുമാനിക്കുക നിന്റെ എല്ലാ വിളവുകളുടെയും ആദ്യഫലംകൊണ്ടുംതന്നെ; അപ്പോൾ നിന്റെ ധാന്യപ്പുരകൾ സമൃദ്ധമായി നിറയും നിന്റെ ഭരണികൾ പുതുവീഞ്ഞിനാൽ കവിഞ്ഞൊഴുകും. എന്റെ കുഞ്ഞേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്, അവിടത്തെ ശാസനയോട് അമർഷം തോന്നുകയുമരുത്, കാരണം, ഒരു പിതാവ് തന്റെ പ്രിയപുത്രനോട് എന്നതുപോലെ യഹോവ, താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു. ജ്ഞാനം കണ്ടെത്തുകയും വിവേകം നേടുകയും ചെയ്യുന്നവർ അനുഗൃഹീതർ, കാരണം അവൾ വെള്ളിയെക്കാൾ ആദായകരവും കനകത്തെക്കാൾ ലാഭകരവുമാണ്. അവൾ മാണിക്യത്തെക്കാൾ അമൂല്യമാണ്; നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല. അവൾ വലതുകരത്തിൽ ദീർഘായുസ്സും; ഇടതുകരത്തിൽ ധനസമൃദ്ധിയും ബഹുമതിയും വാഗ്ദാനംചെയ്യുന്നു. അവളുടെ വഴികൾ ആനന്ദഹേതുവും അവളുടെ പാതകളെല്ലാം സമാധാനപൂർണവും ആകുന്നു. അവളെ ആലിംഗനംചെയ്യുന്നവർക്ക് അവൾ ഒരു ജീവവൃക്ഷം; അവളെ മുറുകെപ്പിടിക്കുന്നവർ അനുഗൃഹീതരാകും.