സദൃശവാക്യങ്ങൾ 27:1-27

സദൃശവാക്യങ്ങൾ 27:1-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുത്; ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്ന് അറിയുന്നില്ലല്ലോ. നിന്റെ വായല്ല മറ്റൊരുത്തൻ, നിന്റെ അധരമല്ല; വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ. കല്ല് ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയത്. ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആർക്കു നില്ക്കാം? മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലത്. സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം. തിന്നു തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവനോ കയ്പുള്ളതൊക്കെയും മധുരം. കൂടു വിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ. തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നെ. നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുത്; തന്റെ കഷ്ടകാലത്തു സഹോദരന്റെ വീട്ടിൽ പോകയും അരുത്; ദൂരത്തെ സഹോദരനിലും സമീപത്തെ അയൽക്കാരൻ നല്ലത്. മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിനു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക. വിവേകമുള്ളവൻ അനർഥം കണ്ട് ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരേ ചെന്നു ചേതപ്പെടുന്നു. അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; പരസ്ത്രീക്കുവേണ്ടി ഉത്തരവാദിയാകുന്നവനോടു പണയം വാങ്ങുക. അതികാലത്ത് എഴുന്നേറ്റു സ്നേഹിതനെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന് അതു ശാപമായി എണ്ണപ്പെടും. പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ. അവളെ ഒതുക്കുവാൻ നോക്കുന്നവൻ കാറ്റിനെ ഒതുക്കുവാൻ നോക്കുന്നു; അവന്റെ വലംകൈകൊണ്ട് എണ്ണയെ പിടിപ്പാൻ പോകുന്നു. ഇരുമ്പ് ഇരുമ്പിനു മൂർച്ച കൂട്ടുന്നു; മനുഷ്യൻ മനുഷ്യനു മൂർച്ചകൂട്ടുന്നു. അത്തി കാക്കുന്നവൻ അതിന്റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും. വെള്ളത്തിൽ മുഖത്തിനൊത്തവണ്ണം മുഖത്തെ കാണുന്നു; മനുഷ്യൻ തന്റെ ഹൃദയത്തിനൊത്തവണ്ണം മനുഷ്യനെ കാണുന്നു. പാതാളത്തിനും നരകത്തിനും ഒരിക്കലും തൃപ്തിവരുന്നില്ല; മനുഷ്യന്റെ കണ്ണിനും ഒരിക്കലും തൃപ്തിവരുന്നില്ല. വെള്ളിക്കു പുടവും പൊന്നിനു മൂശയും ശോധന; മനുഷ്യനോ അവന്റെ പ്രശംസ. ഭോഷനെ ഉരലിൽ ഇട്ട് ഉലക്കകൊണ്ട് അവിൽപോലെ ഇടിച്ചാലും അവന്റെ ഭോഷത്തം വിട്ടുമാറുകയില്ല. നിന്റെ ആടുകളുടെ അവസ്ഥ അറിവാൻ ജാഗ്രതയായിരിക്ക; നിന്റെ കന്നുകാലികളിൽ നന്നായി ദൃഷ്‍ടി വയ്ക്കുക. സമ്പത്ത് എന്നേക്കും ഇരിക്കുന്നതല്ലല്ലോ; കിരീടം തലമുറതലമുറയോളം ഇരിക്കുമോ? പുല്ലു ചെത്തി കൊണ്ടുപോകുന്നു; ഇളംപുല്ലു മുളച്ചു വരുന്നു; പർവതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു. കുഞ്ഞാടുകൾ നിനക്ക് ഉടുപ്പിനും കോലാടുകൾ നിലത്തിന്റെ വിലയ്ക്കും ഉതകും. കോലാടുകളുടെ പാൽ നിന്റെ ആഹാരത്തിനും നിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കും നിന്റെ ദാസിമാരുടെ ഉപജീവനത്തിനും മതിയാകും.

സദൃശവാക്യങ്ങൾ 27:1-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നാളയെ ചൊല്ലി നീ അഹങ്കരിക്കരുത്; ഇന്ന് എന്തു സംഭവിക്കുമെന്നു പോലും നീ അറിയുന്നില്ലല്ലോ. നീ സ്വയം ശ്ലാഘിക്കരുത്, മറ്റുള്ളവർ നിന്നെ പ്രശംസിക്കട്ടെ. കല്ലിനു ഘനമുണ്ട്; മണലിനു ഭാരമുണ്ട്; എന്നാൽ ഭോഷന്റെ പ്രകോപനം ഇവ രണ്ടിനേയുംകാൾ ഭാരമേറിയതത്രേ. ക്രോധം ക്രൂരവും കോപം അനിയന്ത്രിതവുമാണ്; എന്നാൽ അസൂയയെ നേരിടാൻ ആർക്കു കഴിയും? നിഗൂഢമായ സ്നേഹത്തെക്കാൾ നല്ലത് തുറന്ന ശാസനമാണ്. സ്നേഹിതൻ ഏല്പിക്കുന്ന ക്ഷതം ആത്മാർഥതയോടു കൂടിയത്. ശത്രുവാകട്ടെ കണക്കറ്റു ചുംബിക്കുക മാത്രം ചെയ്യുന്നു. തിന്നു മതിയായവനു തേൻപോലും മടുപ്പ് ഉളവാക്കുന്നു; വിശപ്പുള്ളവനു കയ്പുള്ളതും മധുരമായി തോന്നും. കൂടു വിട്ടുഴലുന്ന പക്ഷിയെപ്പോലെയാണ് വീടു വിട്ടുഴലുന്ന മനുഷ്യൻ. സുരഭിലതൈലവും സുഗന്ധദ്രവ്യവും ഹൃദയത്തെ സന്തോഷിപ്പിക്കും. എന്നാൽ ജീവിതക്ലേശങ്ങൾ അന്തരംഗത്തെ തകർക്കുന്നു. നിന്റെ സ്നേഹിതരെയോ, നിന്റെ പിതാവിന്റെ സ്നേഹിതരെയോ കൈവിടരുത്; വിഷമകാലത്ത് നീ സഹോദരന്റെ ഭവനത്തിൽ പോകയും അരുത്. അകലെയുള്ള സഹോദരനെക്കാൾ അടുത്തുള്ള അയൽക്കാരനാണു നല്ലത്. മകനേ, നീ ജ്ഞാനിയായിത്തീർന്ന് എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക, അങ്ങനെ എന്നെ നിന്ദിക്കുന്നവർക്ക് മറുപടി നല്‌കാൻ എനിക്കു കഴിയും. വിവേകമുള്ളവൻ അപകടം കണ്ടു പിന്മാറുന്നു; ബുദ്ധിശൂന്യനോ നേരെ ചെന്ന് അതിൽ അകപ്പെടുന്നു. അപരിചിതനു ജാമ്യം നില്‌ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; പരദേശിക്കു ജാമ്യം നില്‌ക്കുന്നവനോടു പണയം വാങ്ങിക്കൊൾക. അതിരാവിലെ എഴുന്നേറ്റ് അയൽക്കാരനെ ഉച്ചത്തിൽ അഭിവാദനം ചെയ്യുന്നത് ശാപമായി കണക്കാക്കപ്പെടും. ഇടമുറിയാതെ പെയ്യുന്ന ചാറ്റൽമഴയും കലഹശീലയായ ഭാര്യയും ഒരുപോലെയാണ്. അവളെ അടക്കിനിറുത്താൻ ശ്രമിക്കുന്നത് കാറ്റിനെ നിയന്ത്രിക്കുന്നതുപോലെയും വലങ്കൈയിൽ എണ്ണ മുറുകെപ്പിടിക്കാൻ ശ്രമിക്കുന്നതുപോലെയുമാണ്. ഇരുമ്പ് ഇരുമ്പിനു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്റെ ജ്ഞാനം വർധിപ്പിക്കുന്നു. അത്തിമരം വളർത്തുന്നവൻ അത്തിപ്പഴം തിന്നും, യജമാനനെ ശുശ്രൂഷിക്കുന്നവൻ ബഹുമാനിതനാകും. വെള്ളത്തിൽ മുഖം പ്രതിബിംബിക്കുംപോലെ മനുഷ്യന്റെ മനസ്സ് അവനെത്തന്നെ പ്രതിഫലിപ്പിക്കുന്നു. പാതാളത്തിനും നരകത്തിനും ഒരിക്കലും സംതൃപ്തി വരികയില്ല; മനുഷ്യന്റെ കണ്ണിനും ഒരിക്കലും തൃപ്തി വരികയില്ല. വെള്ളിയുടെ മാറ്റ് പുടത്തിലൂടെയും സ്വർണത്തിനു മൂശയിലൂടെയും എന്നപോലെ മനുഷ്യന്റെ മൂല്യം അവനു ലഭിക്കുന്ന പ്രശംസയിലൂടെ നിർണയിക്കപ്പെടുന്നു. ഭോഷനെ ധാന്യത്തോടൊപ്പം ഉരലിൽ ഇട്ട് ഇടിച്ചാലും അവന്റെ ഭോഷത്തം വിട്ടുമാറുകയില്ല. നിന്റെ ആട്ടിൻപറ്റങ്ങളെ പരിപാലിക്കുക; നിന്റെ കാലിക്കൂട്ടങ്ങളെ ശ്രദ്ധിക്കുക. ധനം എന്നും നിലനില്‌ക്കുകയില്ലല്ലോ; കിരീടം എല്ലാ തലമുറകളിലേക്കും നിലനില്‌ക്കുമോ? പുല്ല് പോയി ഇളമ്പുല്ലു പ്രത്യക്ഷമാകുകയും മലകളിലുള്ള സസ്യാദികൾ ശേഖരിക്കപ്പെടുകയും ചെയ്യുമ്പോൾ, കുഞ്ഞാടുകൾ നിനക്കു വസ്ത്രം നല്‌കും, കോലാടുകൾ വയലിനുള്ള വില നേടിത്തരും; നിനക്കും നിന്റെ കുടുംബത്തിനും വേണ്ട പാലും നിന്റെ ദാസീദാസന്മാരുടെ ജീവസന്ധാരണത്തിനുവേണ്ട വകയും ലഭിക്കും.

സദൃശവാക്യങ്ങൾ 27:1-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നാളെയെച്ചൊല്ലി പ്രശംസിക്കരുത്; ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ. നിന്‍റെ വായല്ല മറ്റൊരുത്തൻ, നിന്‍റെ അധരമല്ല വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ. കല്ല് ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്‍റെ നീരസം ഇവ രണ്ടിലും ഘനമേറിയത്. ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിൽ ആർക്ക് നില്ക്കാം? മറഞ്ഞിരിക്കുന്ന സ്നേഹത്തിലും തുറന്ന ശാസനയാണ് നല്ലത്. സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; ശത്രുവിന്‍റെ ചുംബനങ്ങൾ കണക്കിലധികം. തിന്ന് തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവന് കൈപ്പുള്ളതൊക്കെയും മധുരം. കൂടുവിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ. തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; സ്നേഹിതന്‍റെ ഹൃദയപൂർവ്വമായ ഉപദേശവും അങ്ങനെ തന്നെ. നിന്‍റെ സ്നേഹിതനെയും അപ്പന്‍റെ സ്നേഹിതനെയും ഉപേക്ഷിക്കരുത്; നിന്‍റെ കഷ്ടകാലത്ത് സഹോദരന്‍റെ വീട്ടിൽ പോകുകയും അരുത്; ദൂരത്തെ സഹോദരനിലും സമീപത്തെ അയല്ക്കാരൻ നല്ലത്. മകനേ, എന്നെ നിന്ദിക്കുന്നവനോട് ഞാൻ ഉത്തരം പറയേണ്ടതിന് നീ ജ്ഞാനിയായി എന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കുക. വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു അനർത്ഥത്തിൽ അകപ്പെടുന്നു. അന്യനുവേണ്ടി ജാമ്യം നില്‍ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊള്ളുക; പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോട് പണയം വാങ്ങുക. അതികാലത്ത് എഴുന്നേറ്റ് സ്നേഹിതനെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന് അത് ശാപമായി എണ്ണപ്പെടും. പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ. അവളെ നിയന്ത്രിക്കുവാൻ നോക്കുന്നവൻ കാറ്റിനെ നിയന്ത്രിക്കുവാൻ നോക്കുന്നു; തന്‍റെ വലങ്കൈകൊണ്ട് എണ്ണ പിടിക്കുവാൻ പോകുന്നതുപോലെ. ഇരിമ്പ് ഇരിമ്പിന് മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന് മൂർച്ചകൂട്ടുന്നു. അത്തികാക്കുന്നവൻ അതിന്‍റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും. വെള്ളത്തിൽ മുഖത്തിന്‍റെ രൂപം പ്രതിഫലിച്ചുകാണുന്നതുപോലെ; മനുഷ്യൻ തന്‍റെ ഹൃദയത്തിനൊത്തവണ്ണം മറ്റൊരുവനെ കാണുന്നു. പാതാളത്തിനും നരകത്തിനും ഒരിക്കലും തൃപ്തി വരുന്നില്ല; മനുഷ്യന്‍റെ ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും തൃപ്തി വരുന്നില്ല. വെള്ളിക്ക് പുടവും പൊന്നിന് മൂശയും ശോധന; മനുഷ്യനോ അവന്‍റെ പ്രശംസ. ഭോഷനെ ഉരലിൽ ഇട്ടു ഉലക്കകൊണ്ട് അവൽപോലെ ഇടിച്ചാലും അവന്‍റെ ഭോഷത്തം വിട്ടുമാറുകയില്ല. നിന്‍റെ ആടുകളുടെ അവസ്ഥ അറിയുവാൻ ജാഗ്രതയായിരിക്കുക; നിന്‍റെ കന്നുകാലികളിൽ നന്നായി ദൃഷ്ടിവക്കുക. സമ്പത്ത് എന്നേക്കും ഇരിക്കുന്നതല്ലല്ലോ; കിരീടം തലമുറതലമുറയോളം ഇരിക്കുമോ? പുല്ല് ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ല് മുളച്ചുവരുന്നു; പർവ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു. കുഞ്ഞാടുകൾ നിനക്കു ഉടുപ്പിനും കോലാടുകൾ നിലത്തിന്‍റെ വിലയ്ക്കും പ്രയോജനപ്പെടും. കോലാടുകളുടെ പാല് നിന്‍റെ ആഹാരത്തിനും നിന്‍റെ ഭവനക്കാരുടെ അഹോവൃത്തിക്കും നിന്‍റെ ദാസിമാരുടെ ഉപജീവനത്തിനും മതിയാകും.

സദൃശവാക്യങ്ങൾ 27:1-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുതു; ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ. നിന്റെ വായല്ല മറ്റൊരുത്തൻ, നിന്റെ അധരമല്ല വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ. കല്ലു ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയതു. ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആർക്കു നില്ക്കാം? മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലൂ. സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം. തിന്നു തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവന്നോ കൈപ്പുള്ളതൊക്കെയും മധുരം. കൂടുവിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ. തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നേ. നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുതു; തന്റെ കഷ്ടകാലത്തു സഹോദരന്റെ വീട്ടിൽ പോകയും അരുതു; ദൂരത്തെ സഹോദരനിലും സമീപത്തെ അയല്ക്കാരൻ നല്ലതു. മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക. വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു. അന്യന്നുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോടു പണയം വാങ്ങുക. അതികാലത്തു എഴുന്നേറ്റു സ്നേഹിതനെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന്നു അതു ശാപമായി എണ്ണപ്പെടും. പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ. അവളെ ഒതുക്കുവാൻ നോക്കുന്നവൻ കാറ്റിനെ ഒതുക്കുവാൻ നോക്കുന്നു; അവന്റെ വലങ്കൈകൊണ്ടു എണ്ണയെ പിടിപ്പാൻ പോകുന്നു. ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു. അത്തികാക്കുന്നവൻ അതിന്റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും. വെള്ളത്തിൽ മുഖത്തിന്നൊത്തവണ്ണം മുഖത്തെ കാണുന്നു; മനുഷ്യൻ തന്റെ ഹൃദയത്തിന്നൊത്തവണ്ണം മനുഷ്യനെ കാണുന്നു. പാതാളത്തിന്നും നരകത്തിന്നും ഒരിക്കലും തൃപ്തി വരുന്നില്ല; മനുഷ്യന്റെ കണ്ണിന്നും ഒരിക്കലും തൃപ്തിവരുന്നില്ല. വെള്ളിക്കു പുടവും പൊന്നിന്നു മൂശയും ശോധന; മനുഷ്യന്നോ അവന്റെ പ്രശംസ. ഭോഷനെ ഉരലിൽ ഇട്ടു ഉലക്കകൊണ്ടു അവിൽപോലെ ഇടിച്ചാലും അവന്റെ ഭോഷത്വം വിട്ടുമാറുകയില്ല. നിന്റെ ആടുകളുടെ അവസ്ഥ അറിവാൻ ജാഗ്രതയായിരിക്ക; നിന്റെ കന്നുകാലികളിൽ നന്നായി ദൃഷ്ടിവെക്കുക. സമ്പത്തു എന്നേക്കും ഇരിക്കുന്നതല്ലല്ലോ; കിരീടം തലമുറതലമുറയോളം ഇരിക്കുമോ? പുല്ലു ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ലു മുളെച്ചുവരുന്നു; പർവ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു. കുഞ്ഞാടുകൾ നിനക്കു ഉടുപ്പിന്നും കോലാടുകൾ നിലത്തിന്റെ വിലെക്കും ഉതകും. കോലാടുകളുടെ പാൽ നിന്റെ ആഹാരത്തിന്നും നിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കും നിന്റെ ദാസിമാരുടെ ഉപജീവനത്തിന്നും മതിയാകും.

സദൃശവാക്യങ്ങൾ 27:1-27 സമകാലിക മലയാളവിവർത്തനം (MCV)

നാളെയെക്കുറിച്ചു വീരവാദം മുഴക്കരുത്, കാരണം ഓരോ ദിവസവും എന്തെല്ലാമാണു കൊണ്ടുവരുന്നതെന്നു നിങ്ങൾ അറിയുന്നില്ലല്ലോ. നിങ്ങളുടെ നാവല്ല, മറ്റുള്ളവർ നിങ്ങളെ പ്രശംസിക്കട്ടെ; നിങ്ങളുടെ അധരമല്ല, അന്യർ നിങ്ങളെ പ്രശംസിക്കട്ടെ. കല്ല് ഘനമേറിയതും മണൽ ഭാരമുള്ളതുമാണ്, എന്നാൽ ഒരു ഭോഷന്റെ പ്രകോപനം ഇവ രണ്ടിലും ഭാരമേറിയതാണ്. കോപം ക്രൂരവും ക്രോധം പ്രളയംപോലെയുമാണ്, എന്നാൽ അസൂയയ്ക്കുമുന്നിൽ ആർക്കു പിടിച്ചുനിൽക്കാൻ കഴിയും? മറച്ചുവെക്കുന്ന സ്നേഹത്തെക്കാളും തുറന്ന ശാസനയാണ് നല്ലത്. സുഹൃത്തിൽനിന്നുള്ള മുറിവുകൾ വിശ്വസനീയം, എന്നാൽ എതിരാളിയോ, ചുംബനം വർഷിക്കുന്നു. ഭക്ഷിച്ചു തൃപ്തരായിരിക്കുന്നവർക്കു തേനട അരോചകമാണ്, എന്നാൽ വിശപ്പുള്ളവർക്ക് കയ്‌പുള്ളതുപോലും മധുരതരമാണ്. വീടുവിട്ടലയുന്ന മനുഷ്യനും കൂടുവിട്ടുഴലുന്ന പക്ഷിയും ഒരുപോലെ. സുഹൃത്തിന്റെ ഹൃദ്യമായ ഉപദേശം സുഗന്ധതൈലവും ധൂപവർഗവുംപോലെ ഹൃദയത്തിനു പ്രസാദകരമാകുന്നു. നിങ്ങളുടെ സുഹൃത്തിനെയോ കുടുംബസുഹൃത്തിനെയോ ഉപേക്ഷിക്കരുത്, ദുരന്തങ്ങൾ നിങ്ങളെ വേട്ടയാടുമ്പോൾ ബന്ധുഭവനങ്ങളിൽ പോകുകയുമരുത്— അകലെയുള്ള ബന്ധുവിനെക്കാൾ ഭേദം സമീപത്തുള്ള അയൽക്കാരാണ്. എന്റെ കുഞ്ഞേ, നീ ജ്ഞാനിയായിരിക്കുക, അങ്ങനെ എന്റെ ഹൃദയത്തിന് ആനന്ദംനൽകുക; അപ്പോൾ എനിക്ക് എന്നെ നിന്ദിക്കുന്നവരോട് പ്രത്യുത്തരം പറയാൻകഴിയും. ഒരു വിവേകി ആപത്തിനെ മുൻകണ്ട് അഭയസ്ഥാനം തേടുന്നു, എന്നാൽ ലളിതമാനസർ മുമ്പോട്ടുതന്നെപോയി ദുരന്തം വരിക്കുന്നു. അന്യർക്കുവേണ്ടി ജാമ്യം നിൽക്കുന്നവരുടെ വസ്ത്രം കൈവശപ്പെടുത്തുക; പ്രവാസിക്കുവേണ്ടിയാണ് കൈയൊപ്പുചാർത്തുന്നതെങ്കിൽ, വസ്ത്രംതന്നെ പണയമായി വാങ്ങുക. അതിരാവിലെ ആരെങ്കിലും നിങ്ങളുടെ അയൽവാസിയെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നെങ്കിൽ, അതൊരു ശാപമായി പരിഗണിക്കപ്പെടും. കലഹപ്രിയയായ ഭാര്യ പെരുമഴയത്തു ചോരുന്ന പുരയിൽനിന്ന് ഇറ്റിറ്റുവീഴുന്ന വെള്ളംപോലെയാണ്; അവളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് കാറ്റിനെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നതുപോലെയോ കൈയിൽ എണ്ണ മുറുക്കിപ്പിടിക്കാൻ ശ്രമിക്കുന്നതുപോലെയോ ആണ്. ഇരുമ്പ് ഇരുമ്പിനു മൂർച്ചകൂട്ടുന്നതുപോലെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനു മൂർച്ചകൂട്ടുന്നു. അത്തിവൃക്ഷം സംരക്ഷിക്കുന്നവർ അതിലെ ഫലം ഭക്ഷിക്കുന്നു, തങ്ങളുടെ യജമാനനെ സംരക്ഷിക്കുന്നവർ ബഹുമാനിക്കപ്പെടും. വെള്ളം മുഖത്തിന്റെ പ്രതിച്ഛായ പ്രതിഫലിപ്പിക്കുന്നതുപോലെ, ഒരാളുടെ ഹൃദയം അയാളുടെ യഥാർഥ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നു. മരണവും ദുരന്തവും ഒരിക്കലും തൃപ്തിയടയുന്നില്ല, അതുപോലെതന്നെയാണ് മനുഷ്യനേത്രങ്ങളും. തീച്ചൂളയിൽ വെള്ളിയും ഉലയിൽ സ്വർണവും ശുദ്ധിചെയ്യപ്പെടുന്നു, എന്നാൽ ആളുകൾ അവർക്കു ലഭിക്കുന്ന പ്രശംസയാൽ പരിശോധിക്കപ്പെടുന്നു. ധാന്യം ഉരലിലിട്ട് ഉലക്കകൊണ്ട് ഇടിക്കുന്നതുപോലെ, ഭോഷരെ ഇടിച്ചാലും അവരുടെ ഭോഷത്തം അവരിൽനിന്നകറ്റുക അസാധ്യം. നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ അവസ്ഥ നന്നായി അറിഞ്ഞിരിക്കുക, നിങ്ങളുടെ കന്നുകാലികൾക്കും സൂക്ഷ്മശ്രദ്ധനൽകുക; കാരണം സമ്പത്ത് സദാ സുസ്ഥിരമായിരിക്കുകയില്ല, കിരീടം തലമുറകളായി സംരക്ഷിക്കപ്പെടുന്നതുമില്ല. ഉണങ്ങിയ പുല്ല് ചെത്തിനീക്കുകയും പുതുനാമ്പുകൾ മുളച്ചുവരികയുംചെയ്യുമ്പോൾ പർവതങ്ങളിൽനിന്നു സസ്യങ്ങൾ ശേഖരിക്കപ്പെടുന്നു, ആട്ടിൻപറ്റങ്ങൾ വസ്ത്രത്തിനുള്ള വകയും കോലാടുകൾ നിലത്തിനുള്ള വിലയും നേടിത്തരും. നിനക്കും കുടുംബത്തിനും കോലാട്ടിൻപാൽ സമൃദ്ധമായി ലഭിക്കും അത് നിങ്ങളുടെ ദാസീവൃന്ദത്തിന്റെ ജീവസന്ധാരണത്തിനും വകനൽകും.