സദൃശവാക്യങ്ങൾ 27:1-14

സദൃശവാക്യങ്ങൾ 27:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുത്; ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്ന് അറിയുന്നില്ലല്ലോ. നിന്റെ വായല്ല മറ്റൊരുത്തൻ, നിന്റെ അധരമല്ല; വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ. കല്ല് ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയത്. ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആർക്കു നില്ക്കാം? മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലത്. സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം. തിന്നു തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവനോ കയ്പുള്ളതൊക്കെയും മധുരം. കൂടു വിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ. തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നെ. നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുത്; തന്റെ കഷ്ടകാലത്തു സഹോദരന്റെ വീട്ടിൽ പോകയും അരുത്; ദൂരത്തെ സഹോദരനിലും സമീപത്തെ അയൽക്കാരൻ നല്ലത്. മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിനു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക. വിവേകമുള്ളവൻ അനർഥം കണ്ട് ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരേ ചെന്നു ചേതപ്പെടുന്നു. അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; പരസ്ത്രീക്കുവേണ്ടി ഉത്തരവാദിയാകുന്നവനോടു പണയം വാങ്ങുക. അതികാലത്ത് എഴുന്നേറ്റു സ്നേഹിതനെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന് അതു ശാപമായി എണ്ണപ്പെടും.

സദൃശവാക്യങ്ങൾ 27:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നാളയെ ചൊല്ലി നീ അഹങ്കരിക്കരുത്; ഇന്ന് എന്തു സംഭവിക്കുമെന്നു പോലും നീ അറിയുന്നില്ലല്ലോ. നീ സ്വയം ശ്ലാഘിക്കരുത്, മറ്റുള്ളവർ നിന്നെ പ്രശംസിക്കട്ടെ. കല്ലിനു ഘനമുണ്ട്; മണലിനു ഭാരമുണ്ട്; എന്നാൽ ഭോഷന്റെ പ്രകോപനം ഇവ രണ്ടിനേയുംകാൾ ഭാരമേറിയതത്രേ. ക്രോധം ക്രൂരവും കോപം അനിയന്ത്രിതവുമാണ്; എന്നാൽ അസൂയയെ നേരിടാൻ ആർക്കു കഴിയും? നിഗൂഢമായ സ്നേഹത്തെക്കാൾ നല്ലത് തുറന്ന ശാസനമാണ്. സ്നേഹിതൻ ഏല്പിക്കുന്ന ക്ഷതം ആത്മാർഥതയോടു കൂടിയത്. ശത്രുവാകട്ടെ കണക്കറ്റു ചുംബിക്കുക മാത്രം ചെയ്യുന്നു. തിന്നു മതിയായവനു തേൻപോലും മടുപ്പ് ഉളവാക്കുന്നു; വിശപ്പുള്ളവനു കയ്പുള്ളതും മധുരമായി തോന്നും. കൂടു വിട്ടുഴലുന്ന പക്ഷിയെപ്പോലെയാണ് വീടു വിട്ടുഴലുന്ന മനുഷ്യൻ. സുരഭിലതൈലവും സുഗന്ധദ്രവ്യവും ഹൃദയത്തെ സന്തോഷിപ്പിക്കും. എന്നാൽ ജീവിതക്ലേശങ്ങൾ അന്തരംഗത്തെ തകർക്കുന്നു. നിന്റെ സ്നേഹിതരെയോ, നിന്റെ പിതാവിന്റെ സ്നേഹിതരെയോ കൈവിടരുത്; വിഷമകാലത്ത് നീ സഹോദരന്റെ ഭവനത്തിൽ പോകയും അരുത്. അകലെയുള്ള സഹോദരനെക്കാൾ അടുത്തുള്ള അയൽക്കാരനാണു നല്ലത്. മകനേ, നീ ജ്ഞാനിയായിത്തീർന്ന് എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക, അങ്ങനെ എന്നെ നിന്ദിക്കുന്നവർക്ക് മറുപടി നല്‌കാൻ എനിക്കു കഴിയും. വിവേകമുള്ളവൻ അപകടം കണ്ടു പിന്മാറുന്നു; ബുദ്ധിശൂന്യനോ നേരെ ചെന്ന് അതിൽ അകപ്പെടുന്നു. അപരിചിതനു ജാമ്യം നില്‌ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; പരദേശിക്കു ജാമ്യം നില്‌ക്കുന്നവനോടു പണയം വാങ്ങിക്കൊൾക. അതിരാവിലെ എഴുന്നേറ്റ് അയൽക്കാരനെ ഉച്ചത്തിൽ അഭിവാദനം ചെയ്യുന്നത് ശാപമായി കണക്കാക്കപ്പെടും.

സദൃശവാക്യങ്ങൾ 27:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നാളെയെച്ചൊല്ലി പ്രശംസിക്കരുത്; ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ. നിന്‍റെ വായല്ല മറ്റൊരുത്തൻ, നിന്‍റെ അധരമല്ല വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ. കല്ല് ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്‍റെ നീരസം ഇവ രണ്ടിലും ഘനമേറിയത്. ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിൽ ആർക്ക് നില്ക്കാം? മറഞ്ഞിരിക്കുന്ന സ്നേഹത്തിലും തുറന്ന ശാസനയാണ് നല്ലത്. സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; ശത്രുവിന്‍റെ ചുംബനങ്ങൾ കണക്കിലധികം. തിന്ന് തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവന് കൈപ്പുള്ളതൊക്കെയും മധുരം. കൂടുവിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ. തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; സ്നേഹിതന്‍റെ ഹൃദയപൂർവ്വമായ ഉപദേശവും അങ്ങനെ തന്നെ. നിന്‍റെ സ്നേഹിതനെയും അപ്പന്‍റെ സ്നേഹിതനെയും ഉപേക്ഷിക്കരുത്; നിന്‍റെ കഷ്ടകാലത്ത് സഹോദരന്‍റെ വീട്ടിൽ പോകുകയും അരുത്; ദൂരത്തെ സഹോദരനിലും സമീപത്തെ അയല്ക്കാരൻ നല്ലത്. മകനേ, എന്നെ നിന്ദിക്കുന്നവനോട് ഞാൻ ഉത്തരം പറയേണ്ടതിന് നീ ജ്ഞാനിയായി എന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കുക. വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു അനർത്ഥത്തിൽ അകപ്പെടുന്നു. അന്യനുവേണ്ടി ജാമ്യം നില്‍ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊള്ളുക; പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോട് പണയം വാങ്ങുക. അതികാലത്ത് എഴുന്നേറ്റ് സ്നേഹിതനെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന് അത് ശാപമായി എണ്ണപ്പെടും.

സദൃശവാക്യങ്ങൾ 27:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുതു; ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ. നിന്റെ വായല്ല മറ്റൊരുത്തൻ, നിന്റെ അധരമല്ല വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ. കല്ലു ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയതു. ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആർക്കു നില്ക്കാം? മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലൂ. സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം. തിന്നു തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവന്നോ കൈപ്പുള്ളതൊക്കെയും മധുരം. കൂടുവിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ. തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നേ. നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുതു; തന്റെ കഷ്ടകാലത്തു സഹോദരന്റെ വീട്ടിൽ പോകയും അരുതു; ദൂരത്തെ സഹോദരനിലും സമീപത്തെ അയല്ക്കാരൻ നല്ലതു. മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക. വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു. അന്യന്നുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോടു പണയം വാങ്ങുക. അതികാലത്തു എഴുന്നേറ്റു സ്നേഹിതനെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന്നു അതു ശാപമായി എണ്ണപ്പെടും.

സദൃശവാക്യങ്ങൾ 27:1-14 സമകാലിക മലയാളവിവർത്തനം (MCV)

നാളെയെക്കുറിച്ചു വീരവാദം മുഴക്കരുത്, കാരണം ഓരോ ദിവസവും എന്തെല്ലാമാണു കൊണ്ടുവരുന്നതെന്നു നിങ്ങൾ അറിയുന്നില്ലല്ലോ. നിങ്ങളുടെ നാവല്ല, മറ്റുള്ളവർ നിങ്ങളെ പ്രശംസിക്കട്ടെ; നിങ്ങളുടെ അധരമല്ല, അന്യർ നിങ്ങളെ പ്രശംസിക്കട്ടെ. കല്ല് ഘനമേറിയതും മണൽ ഭാരമുള്ളതുമാണ്, എന്നാൽ ഒരു ഭോഷന്റെ പ്രകോപനം ഇവ രണ്ടിലും ഭാരമേറിയതാണ്. കോപം ക്രൂരവും ക്രോധം പ്രളയംപോലെയുമാണ്, എന്നാൽ അസൂയയ്ക്കുമുന്നിൽ ആർക്കു പിടിച്ചുനിൽക്കാൻ കഴിയും? മറച്ചുവെക്കുന്ന സ്നേഹത്തെക്കാളും തുറന്ന ശാസനയാണ് നല്ലത്. സുഹൃത്തിൽനിന്നുള്ള മുറിവുകൾ വിശ്വസനീയം, എന്നാൽ എതിരാളിയോ, ചുംബനം വർഷിക്കുന്നു. ഭക്ഷിച്ചു തൃപ്തരായിരിക്കുന്നവർക്കു തേനട അരോചകമാണ്, എന്നാൽ വിശപ്പുള്ളവർക്ക് കയ്‌പുള്ളതുപോലും മധുരതരമാണ്. വീടുവിട്ടലയുന്ന മനുഷ്യനും കൂടുവിട്ടുഴലുന്ന പക്ഷിയും ഒരുപോലെ. സുഹൃത്തിന്റെ ഹൃദ്യമായ ഉപദേശം സുഗന്ധതൈലവും ധൂപവർഗവുംപോലെ ഹൃദയത്തിനു പ്രസാദകരമാകുന്നു. നിങ്ങളുടെ സുഹൃത്തിനെയോ കുടുംബസുഹൃത്തിനെയോ ഉപേക്ഷിക്കരുത്, ദുരന്തങ്ങൾ നിങ്ങളെ വേട്ടയാടുമ്പോൾ ബന്ധുഭവനങ്ങളിൽ പോകുകയുമരുത്— അകലെയുള്ള ബന്ധുവിനെക്കാൾ ഭേദം സമീപത്തുള്ള അയൽക്കാരാണ്. എന്റെ കുഞ്ഞേ, നീ ജ്ഞാനിയായിരിക്കുക, അങ്ങനെ എന്റെ ഹൃദയത്തിന് ആനന്ദംനൽകുക; അപ്പോൾ എനിക്ക് എന്നെ നിന്ദിക്കുന്നവരോട് പ്രത്യുത്തരം പറയാൻകഴിയും. ഒരു വിവേകി ആപത്തിനെ മുൻകണ്ട് അഭയസ്ഥാനം തേടുന്നു, എന്നാൽ ലളിതമാനസർ മുമ്പോട്ടുതന്നെപോയി ദുരന്തം വരിക്കുന്നു. അന്യർക്കുവേണ്ടി ജാമ്യം നിൽക്കുന്നവരുടെ വസ്ത്രം കൈവശപ്പെടുത്തുക; പ്രവാസിക്കുവേണ്ടിയാണ് കൈയൊപ്പുചാർത്തുന്നതെങ്കിൽ, വസ്ത്രംതന്നെ പണയമായി വാങ്ങുക. അതിരാവിലെ ആരെങ്കിലും നിങ്ങളുടെ അയൽവാസിയെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നെങ്കിൽ, അതൊരു ശാപമായി പരിഗണിക്കപ്പെടും.