സദൃശവാക്യങ്ങൾ 23:31-35

സദൃശവാക്യങ്ങൾ 23:31-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ചുവന്ന വീഞ്ഞ് പാനപാത്രത്തിലിരുന്നു നുരഞ്ഞുപൊങ്ങുന്നതും തിളങ്ങുന്നതും രുചിയോടെ അത് അകത്താക്കുന്നതും നീ നോക്കി നില്‌ക്കരുത്. അവസാനം അതു സർപ്പത്തെപ്പോലെ കടിക്കും; അണലിയെപ്പോലെ കൊത്തും. അപ്പോൾ നീ അസാധാരണ കാഴ്ചകൾ കാണും; നീ വേണ്ടാത്ത കാര്യങ്ങൾ പറയും. നീ നടുക്കടലിൽ അകപ്പെട്ടവനെപ്പോലെയും പാമരത്തിന്റെ മുകളിൽ തൂങ്ങിക്കിടക്കുന്നവനെപ്പോലെയും ആകും. “അവർ എന്നെ അടിച്ചു; എന്നാൽ എനിക്കു വേദനിച്ചില്ല; അവർ എന്നെ പ്രഹരിച്ചു; എനിക്ക് ഒന്നും പറ്റിയില്ല; എപ്പോൾ ഞാൻ ഉണരും? ഞാൻ ഇനിയും കുടിക്കും” എന്നു നീ പറയും.

സദൃശവാക്യങ്ങൾ 23:31-35 സമകാലിക മലയാളവിവർത്തനം (MCV)

വീഞ്ഞു ചെമന്നിരിക്കുമ്പോഴും ചഷകങ്ങളിൽ നുരഞ്ഞുപൊന്തുമ്പോഴും അത് ഒരാൾ ആസ്വദിച്ചു കുടിക്കുമ്പോഴും നിങ്ങളതിൽ മിഴിയുറപ്പിക്കരുത്. ഒടുവിൽ അതു സർപ്പത്തെപ്പോലെ കൊത്തും അണലിപോലെ വിഷമേൽപ്പിക്കുകയും ചെയ്യും. നിങ്ങളുടെ കണ്ണുകൾ വിചിത്രകാഴ്ചകൾ കാണും, നിങ്ങളുടെ മനസ്സ് മതിമയക്കുന്ന കാര്യങ്ങൾ സങ്കൽപ്പിക്കും. നിങ്ങൾ നടുക്കടലിൽ കിടന്നുറങ്ങുന്നവരെപ്പോലെയും കപ്പൽപ്പായ്മരത്തിൻമുകളിൽ തൂങ്ങിനിൽക്കുന്നവരെപ്പോലെയും ആകും. “അവരെന്നെ ഇടിച്ചു; പക്ഷേ, എനിക്കു വേദനിച്ചില്ല! അവരെന്നെ അടിച്ചു; പക്ഷേ, ഞാൻ അറിഞ്ഞതേയില്ല! ഇനി ഞാൻ എപ്പോഴാണ് ഉണരുക അപ്പോൾ എനിക്ക് ഒരു പ്രാവശ്യംകൂടി കുടിക്കാമല്ലോ,” എന്നിങ്ങനെ നീ പറയും.