സദൃശവാക്യങ്ങൾ 23:1-26

സദൃശവാക്യങ്ങൾ 23:1-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നീ അധിപതിയോടുകൂടെ ഭക്ഷണത്തിന് ഇരിക്കുമ്പോൾ നിന്റെ മുമ്പിൽ ഇരിക്കുന്നവൻ ആരെന്നു കരുതിക്കൊൾക. നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ നിന്റെ തൊണ്ടയ്ക്ക് ഒരു കത്തി വച്ചുകൊൾക. അവന്റെ സ്വാദുഭോജനങ്ങളെ കൊതിക്കരുത്; അവ വഞ്ചിക്കുന്ന ഭോജനമല്ലോ. ധനവാനാകേണ്ടതിനു പണിപ്പെടരുത്; അതിനായുള്ള ബുദ്ധി വിട്ടുകളക. നിന്റെ ദൃഷ്‍ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്? അത് ഇല്ലാതെയായിപ്പോകുമല്ലോ. കഴുകൻ ആകാശത്തേക്ക് എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും. കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുത്; അവന്റെ സ്വാദുഭോജ്യങ്ങളെ ആഗ്രഹിക്കയുമരുത്. അവൻ തന്റെ മനസ്സിൽ കണക്കു കൂട്ടുന്നതുപോലെ ആകുന്നു; തിന്നുകുടിച്ചുകൊൾക എന്ന് അവൻ നിന്നോടു പറയും; അവന്റെ ഹൃദയമോ നിനക്ക് അനുകൂലമല്ല. നീ തിന്ന കഷണം ഛർദിച്ചുപോകും; നിന്റെ മാധുര്യവാക്ക് നഷ്ടമായെന്നും വരും. ഭോഷൻ കേൾക്കെ നീ സംസാരിക്കരുത്; അവൻ നിന്റെ വാക്കുകളുടെ ജ്ഞാനത്തെ നിരസിച്ചുകളയും. പണ്ടേയുള്ള അതിർ നീക്കരുത്; അനാഥന്മാരുടെ നിലം ആക്രമിക്കയുമരുത്. അവരുടെ പ്രതികാരകൻ ബലവാനല്ലോ; അവർക്കു നിന്നോടുള്ള വ്യവഹാരം അവൻ നടത്തും. നിന്റെ ഹൃദയം പ്രബോധനത്തിനും നിന്റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്ക. ബാലനു ശിക്ഷ കൊടുക്കാതിരിക്കരുത്; വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകയില്ല. വടികൊണ്ട് അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്നു വിടുവിക്കും. മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാൽ എന്റെ ഹൃദയവും സന്തോഷിക്കും. നിന്റെ അധരം നേർ സംസാരിച്ചാൽ എന്റെ അന്തരംഗങ്ങൾ ആനന്ദിക്കും. നിന്റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്; നീ എല്ലായ്പോഴും യഹോവാഭക്തിയോടിരിക്ക. ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശയ്ക്കു ഭംഗം വരികയുമില്ല. മകനേ, കേട്ടു ജ്ഞാനം പഠിക്ക; നിന്റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊൾക. നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്. കുടിയനും അതിഭക്ഷകനും ദരിദ്രരായിത്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും. നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുത്. നീ സത്യം വില്ക്കയല്ല വാങ്ങുകയത്രേ വേണ്ടത്; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ. നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും. നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ. മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന് ഇമ്പമായിരിക്കട്ടെ.

സദൃശവാക്യങ്ങൾ 23:1-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഭരണാധിപനോടുകൂടെ ഭക്ഷണത്തിനിരിക്കുമ്പോൾ നിന്റെ മുമ്പിൽ ഇരിക്കുന്നത് എന്തെന്നു ശ്രദ്ധിക്കണം. ഭോജനപ്രിയനെങ്കിൽ നിയന്ത്രണം പാലിക്കുക, അവന്റെ സ്വാദിഷ്ട വിഭവങ്ങൾ നീ മോഹിക്കരുത്. അതു നിന്നെ വഞ്ചിക്കാൻ അവൻ ഉപയോഗിക്കുന്നതായിരിക്കുമല്ലോ. ധനം നേടുവാൻ കഠിനപ്രയത്നം അരുത്, അതിൽനിന്ന് ഒഴിഞ്ഞു നില്‌ക്കാൻ വിവേകം കാട്ടുക. ധനത്തിന്മേൽ ദൃഷ്‍ടി പതിക്കുമ്പോഴേക്ക് അത് അപ്രത്യക്ഷമാകും. കഴുകനെപ്പോലെ ചിറകുവച്ച് അത് ഉയരത്തിലേക്കു പറന്നുപോകും. ലുബ്ധന്റെ അപ്പം ഭക്ഷിക്കരുത്. അവന്റെ വിശിഷ്ടഭോജ്യം മോഹിക്കയുമരുത്. കാരണം, അയാൾ ഉള്ളിൽ കണക്കു കൂട്ടിക്കൊണ്ടിരിക്കും; തിന്നാനും കുടിക്കാനും അവൻ പറയുമെങ്കിലും അവനിൽ ആത്മാർഥത കാണുകയില്ല. നീ ഭക്ഷിച്ചത് നീ ഛർദിക്കും, നിന്റെ ഹൃദ്യമായ വാക്കുകൾ നിഷ്ഫലമായിത്തീരും. ഭോഷനോടു സാരമുള്ള വാക്കുകൾ നീ സംസാരിക്കരുത്; നിന്റെ വാക്കുകളിലെ ജ്ഞാനത്തെ അവൻ നിന്ദിക്കുമല്ലോ. പണ്ടേയുള്ള അതിരു നീ നീക്കരുത്; അനാഥരുടെ ഭൂമി കൈയേറരുത്, അവരുടെ വീണ്ടെടുപ്പുകാരൻ കരുത്തനാണ്; നിനക്കെതിരെ അവിടുന്ന് അവർക്കുവേണ്ടി വാദിക്കും. നിന്റെ ഹൃദയം പ്രബോധനത്തിനും നിന്റെ ചെവി വിജ്ഞാനവചസ്സുകൾക്കും സമർപ്പിക്കുക. ബാലനെ ശിക്ഷിക്കാൻ മടിക്കരുത്; വടികൊണ്ട് അടിച്ചാൽ അവൻ മരിച്ചു പോകയില്ല. അങ്ങനെ ചെയ്താൽ നീ അവനെ പാതാളത്തിൽനിന്നു രക്ഷിക്കുകയാണു ചെയ്യുന്നത്. മകനേ, നീ ജ്ഞാനിയായിത്തീർന്നാൽ എന്റെ ഹൃദയം സന്തോഷിക്കും. നീ സത്യം സംസാരിക്കുമ്പോൾ എന്റെ ഉള്ളം ആനന്ദിക്കും. നിനക്കു പാപികളോട് അസൂയ തോന്നരുത്. നീ എപ്പോഴും ദൈവഭക്തിയുള്ളവൻ ആയിരിക്കുക. അങ്ങനെയെങ്കിൽ നിനക്കു ശോഭനമായ ഭാവിയുണ്ട്; നിന്റെ പ്രത്യാശയ്‍ക്കു ഭംഗം വരികയില്ല. മകനേ, എന്റെ വാക്കുകൾ ശ്രദ്ധിച്ച് ജ്ഞാനിയായിത്തീരുക, മനസ്സിനെ നേർവഴിയെ നയിക്കുക. നീ മദ്യപിക്കുന്നവരുടെയും മാംസഭോജനപ്രിയരുടെയും ഇടയിൽ കഴിയരുത്. മദ്യപനും ഭോജനപ്രിയനും ദരിദ്രനായിത്തീരും; അലസത മനുഷ്യനെ കീറത്തുണി ധരിപ്പിക്കും. നിന്റെ പിതാവിന്റെ വാക്കു കേൾക്കുക; വൃദ്ധയായ മാതാവിനെ നിന്ദിക്കരുത്. എന്തു വിലകൊടുത്തും സത്യം നേടുക; ജ്ഞാനവും പ്രബോധനവും വിവേകവും ആർജിക്കുക. നീതിമാന്റെ പിതാവ് അത്യധികം ആനന്ദിക്കും; ജ്ഞാനിയായ പുത്രനുള്ളവൻ അവൻമൂലം സന്തോഷിക്കും. നിന്റെ മാതാപിതാക്കൾ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ. മകനേ, ഞാൻ പറയുന്നതു സശ്രദ്ധം ശ്രവിക്കുക, എന്റെ വഴികൾ നീ അനുവർത്തിക്കുക.

സദൃശവാക്യങ്ങൾ 23:1-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നീ അധിപതിയോടുകൂടെ ഭക്ഷണത്തിന് ഇരിക്കുമ്പോൾ നിന്‍റെ മുമ്പിൽ വെച്ചിരിക്കുന്നത് എന്തെന്ന് കരുതിക്കൊള്ളുക. നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ നിന്‍റെ തൊണ്ടയ്ക്ക് ഒരു കത്തി വച്ചുകൊള്ളുക. അവന്‍റെ സ്വാദുഭോജനങ്ങൾ കൊതിക്കരുത്; അവ വഞ്ചിക്കുന്ന ഭോജനമത്രേ. ധനവാനാകേണ്ടതിന് ബദ്ധപ്പെടരുത്; അതിനായുള്ള ബുദ്ധി വിട്ടുകളയുക. നിന്‍റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്? അത് ഇല്ലാതെയായിപ്പോകുമല്ലോ. കഴുകൻ ആകാശത്തേക്ക് എന്നപോലെ അത് ചിറകെടുത്ത് പറന്നുകളയും. കണ്ണുകടിയുള്ളവന്‍റെ അപ്പം തിന്നരുത്; അവന്‍റെ സ്വാദുഭോജ്യങ്ങൾ ആഗ്രഹിക്കുകയുമരുത്. അവൻ തന്‍റെ മനസ്സിൽ കണക്ക് കൂട്ടുന്നതുപോലെ ആകുന്നു; ‘തിന്നു കുടിച്ചുകൊള്ളുക’ എന്നു അവൻ നിന്നോട് പറയും; അവന്‍റെ ഹൃദയമോ നിനക്കു അനുകൂലമല്ല. നീ തിന്ന കഷണം ഛർദ്ദിച്ചുപോകും; നിന്‍റെ മാധുര്യവാക്ക് നഷ്ടമായെന്നും വരും. ഭോഷൻ കേൾക്കെ നീ സംസാരിക്കരുത്; അവൻ നിന്‍റെ വാക്കുകളുടെ ജ്ഞാനം നിരസിച്ചുകളയും. പണ്ടേയുള്ള അതിര്‍ നീക്കരുത്; അനാഥരുടെ നിലം ആക്രമിക്കുകയുമരുത്. അവരുടെ പ്രതികാരകൻ ബലവാനല്ലയോ; അവർക്ക് നിന്നോടുള്ള വ്യവഹാരം അവിടുന്ന് നടത്തും. നിന്‍റെ ഹൃദയം പ്രബോധനത്തിനും നിന്‍റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്കുക. ബാലന് ശിക്ഷ കൊടുക്കാതിരിക്കരുത്; വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകുകയില്ല. വടികൊണ്ട് അവനെ അടിക്കുന്നതിനാൽ നീ അവന്‍റെ പ്രാണനെ പാതാളത്തിൽനിന്ന് വിടുവിക്കും. മകനേ, നിന്‍റെ ഹൃദയം ജ്ഞാനം പഠിച്ചാൽ എന്‍റെ ഹൃദയവും സന്തോഷിക്കും. നിന്‍റെ അധരം നേര് സംസാരിച്ചാൽ എന്‍റെ അന്തരംഗങ്ങൾ ആനന്ദിക്കും. നിന്‍റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്; നീ എല്ലായ്‌പ്പോഴും യഹോവഭക്തിയോടിരിക്കുക. ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്‍റെ പ്രത്യാശക്ക് ഭംഗം വരുകയുമില്ല. മകനേ, കേട്ടു ജ്ഞാനം പഠിക്കുക; നിന്‍റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊള്ളുക. നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്. കുടിയനും അമിതഭോജകനും ദരിദ്രരായ്തീരും; ആലസ്യം പഴന്തുണി ഉടുക്കുമാറാക്കും. നിന്നെ ജനിപ്പിച്ച അപ്പന്‍റെ വാക്ക് കേൾക്കുക; നിന്‍റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുത്. നീ സത്യം വില്ക്കുകയല്ല വാങ്ങുകയാണ് വേണ്ടത്; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ. നീതിമാന്‍റെ അപ്പൻ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും. നിന്‍റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ. മകനേ, നിന്‍റെ ഹൃദയം എനിക്ക് തരിക; എന്‍റെ വഴി നിന്‍റെ കണ്ണിന് ഇമ്പമായിരിക്കട്ടെ.

സദൃശവാക്യങ്ങൾ 23:1-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നീ അധിപതിയോടുകൂടെ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ നിന്റെ മുമ്പിൽ ഇരിക്കുന്നവൻ ആരെന്നു കരുതിക്കൊൾക. നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ നിന്റെ തൊണ്ടെക്കു ഒരു കത്തി വെച്ചുകൊൾക. അവന്റെ സ്വാദുഭോജനങ്ങളെ കൊതിക്കരുതു; അവ വഞ്ചിക്കുന്ന ഭോജനമല്ലോ. ധനവാനാകേണ്ടതിന്നു പണിപ്പെടരുതു; അതിന്നായുള്ള ബുദ്ധി വിട്ടുകളക. നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നതു എന്തിന്നു? അതു ഇല്ലാതെയായ്പോകുമല്ലോ. കഴുകൻ ആകാശത്തേക്കു എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും. കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുതു; അവന്റെ സ്വാദുഭോജ്യങ്ങളെ ആഗ്രഹിക്കയുമരുതു. അവൻ തന്റെ മനസ്സിൽ കണക്കു കൂട്ടുന്നതുപോലെ ആകുന്നു; തിന്നു കുടിച്ചുകൊൾക എന്നു അവൻ നിന്നോടു പറയും; അവന്റെ ഹൃദയമോ നിനക്കു അനുകൂലമല്ല. നീ തിന്ന കഷണം ഛർദ്ദിച്ചുപോകും; നിന്റെ മാധുര്യവാക്കു നഷ്ടമായെന്നും വരും. ഭോഷൻ കേൾക്കെ നീ സംസാരിക്കരുതു; അവൻ നിന്റെ വാക്കുകളുടെ ജ്ഞാനത്തെ നിരസിച്ചുകളയും. പണ്ടേയുള്ള അതിർ നീക്കരുതു; അനാഥന്മാരുടെ നിലം ആക്രമിക്കയുമരുതു. അവരുടെ പ്രതികാരകൻ ബലവാനല്ലോ; അവർക്കു നിന്നോടുള്ള വ്യവഹാരം അവൻ നടത്തും. നിന്റെ ഹൃദയം പ്രബോധനത്തിന്നും നിന്റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്ക. ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാൽ അവൻ ചത്തുപോകയില്ല. വടികൊണ്ടു അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്നു വിടുവിക്കും. മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാൽ എന്റെ ഹൃദയവും സന്തോഷിക്കും. നിന്റെ അധരം നേർ സംസാരിച്ചാൽ എന്റെ അന്തരംഗങ്ങൾ ആനന്ദിക്കും. നിന്റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്ക. ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല. മകനേ, കേട്ടു ജ്ഞാനം പഠിക്ക; നിന്റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊൾക. നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു. കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും. നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു. നീ സത്യം വില്ക്കയല്ല വാങ്ങുകയത്രേ വേണ്ടതു; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നേ. നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും. നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ. മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്നു ഇമ്പമായിരിക്കട്ടെ.

സദൃശവാക്യങ്ങൾ 23:1-26 സമകാലിക മലയാളവിവർത്തനം (MCV)

ഭരണാധികാരിക്കൊത്ത് ഭക്ഷണം കഴിക്കുമ്പോൾ, നിങ്ങളുടെമുമ്പിൽ എന്താണ് ഉള്ളതെന്ന് സസൂക്ഷ്മം നിരീക്ഷിക്കുക, നിങ്ങൾ അമിതഭക്ഷണം കഴിക്കുന്നവരാണെങ്കിൽ നിങ്ങളുടെ തൊണ്ടയിൽ ഒരു കത്തിവെക്കുക. അവരുടെ ആസ്വാദ്യകരമായ ഭക്ഷണത്തോട് അതിമോഹം അരുത്, കാരണം ആ ഭക്ഷണം വഞ്ചനാപരമാണ്. സമ്പന്നരാകുന്നതിനായി അത്യധ്വാനംചെയ്ത് നിങ്ങളെത്തന്നെ തളർത്തരുത്; തക്കസമയത്ത് അതിൽനിന്നു പിൻവാങ്ങുന്നതിനുള്ള ബുദ്ധി നിങ്ങൾക്കുണ്ടായിരിക്കണം. ഒറ്റനോട്ടത്തിനിടയിൽത്തന്നെ, ധനം പൊയ്പ്പോയിരിക്കും, അതിനു നിശ്ചയമായും ചിറകു മുളയ്ക്കുകയും ഒരു കഴുകനെപ്പോൽ ആകാശത്തേക്കു പറന്നകലുകയും ചെയ്യും. അറുപിശുക്കുള്ള വ്യക്തികളുടെ ആഹാരം ആസ്വദിക്കരുത്, അവരുടെ വിശിഷ്ടഭോജ്യം ആഗ്രഹിക്കുരുത്; കാരണം അവരെപ്പോഴും അതിനെത്ര വിലയാകും എന്നു ചിന്തിക്കുന്നവരാണ്. “ഭക്ഷിക്കുക, പാനംചെയ്യുക,” എന്ന് അവർ നിങ്ങളോടു പറയും, എന്നാൽ അവരത് മനസ്സോടെ പറയുന്നതല്ല. ആസ്വദിച്ച അൽപ്പഭക്ഷണം നിങ്ങൾ ഛർദിച്ചുകളയും നിങ്ങളുടെ ഉപചാരവാക്കുകൾ പാഴാകുകയും ചെയ്യും. ഭോഷർ കേൾക്കെ നിങ്ങൾ സംസാരിക്കരുത്, കാരണം നിങ്ങളുടെ വിവേകമുള്ള വാക്കുകൾ അവർ നിന്ദിക്കും. പുരാതനമായ അതിർത്തിക്കല്ലു മാറ്റുകയോ അനാഥരുടെ പുരയിടം കൈയ്യേറുകയോ ചെയ്യരുത്, കാരണം അവരുടെ സംരക്ഷകൻ ശക്തനാണ്; അവിടന്ന് നിനക്കെതിരായി അവരുടെ വ്യവഹാരം നടത്തും. നിങ്ങളുടെ ഹൃദയം ശിക്ഷണത്തിന് ഏൽപ്പിച്ചുകൊടുക്കുകയും കാതുകൾ പരിജ്ഞാനവചസ്സുകൾക്കായി തുറക്കുകയും ചെയ്യുക. മക്കൾക്കു ശിക്ഷണം നൽകാതിരിക്കരുത്; വടികൊണ്ട് നീ അവരെ അടിച്ചാൽ, അവർ മരിച്ചുപോകുകയില്ല. അവരെ വടികൊണ്ട് ശിക്ഷിക്കുക, അങ്ങനെ മരണത്തിൽനിന്ന് അവരുടെ ജീവൻ രക്ഷിക്കുക. എന്റെ കുഞ്ഞേ, നിന്റെ ഹൃദയം ജ്ഞാനമുള്ളതെങ്കിൽ, എന്റെ ഹൃദയം ആനന്ദഭരിതം ആയിരിക്കും; നിന്റെ അധരം സത്യം സംസാരിക്കുമ്പോൾ എന്റെ അന്തരിന്ദ്രിയം ആനന്ദിക്കും. നിന്റെ ഹൃദയം പാപികളെക്കുറിച്ച് അസൂയപ്പെടരുത്, എന്നാൽ യഹോവയോടുള്ള ഭക്തിയിൽ അത്യുത്സാഹിയായിരിക്കുക. നിനക്ക് ഭാവിയെക്കുറിച്ച് ഒരു പ്രത്യാശയുണ്ട്, നിശ്ചയം, നിന്റെ പ്രത്യാശ അറ്റുപോകുകയില്ല. എന്റെ കുഞ്ഞേ, ശ്രദ്ധിക്കുക, ജ്ഞാനിയായിരിക്കുക, നിന്റെ ഹൃദയം നേരായ പാതയിൽ ഉറപ്പിച്ചുനിർത്തുക: അമിതമായി മദ്യം കുടിക്കുന്നവരുടെയോ മാംസഭക്ഷണത്തിൽ അമിതാസക്തി കാട്ടുന്നവരുടെയോ സംഘത്തിൽ ചേരരുത്, കാരണം മദ്യപരും അമിതഭക്ഷണപ്രിയരും ദരിദ്രരായിത്തീരും; മദോന്മത്തത അവരെ കീറത്തുണിയുടുപ്പിക്കും. നിനക്കു ജന്മംനൽകിയ നിന്റെ പിതാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക, നിന്റെ മാതാവ് വാർധക്യത്തിലെത്തുമ്പോൾ അവരെ നിന്ദിക്കരുത്. സത്യം കരസ്ഥമാക്കുക, അതിനെ വിൽക്കരുത്; ജ്ഞാനവും ശിക്ഷണവും തിരിച്ചറിവും സ്വായത്തമാക്കുക. നീതിനിഷ്ഠരുടെ പിതാവിന് അത്യധികം സന്തോഷമുണ്ട്; ജ്ഞാനിയായ ഒരു കുഞ്ഞിനു ജന്മം നൽകുന്ന പിതാവ് ആ കുഞ്ഞിൽ ആനന്ദിക്കും. നിന്റെ മാതാപിതാക്കൾ സന്തുഷ്ടരായിരിക്കട്ടെ; നിന്നെ പ്രസവിച്ച നിന്റെ മാതാവ് ആനന്ദിക്കട്ടെ. എന്റെ കുഞ്ഞേ, നിന്റെ ഹൃദയം എനിക്കു തരിക നിന്റെ കണ്ണുകൾ എന്റെ വഴികൾ പിൻതുടരുന്നതിൽ ആനന്ദിക്കട്ടെ