സദൃശവാക്യങ്ങൾ 2:12-22
സദൃശവാക്യങ്ങൾ 2:12-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അത് നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും. അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന് നേരേയുള്ള പാത വിട്ടുകളകയും ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു. അവർ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു. അത് നിന്നെ പരസ്ത്രീയുടെ കൈയിൽ നിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും. അവൾ തന്റെ യൗവനകാന്തനെ ഉപേക്ഷിച്ച് തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു. അവളുടെ വീട് മരണത്തിലേക്കും അവളുടെ പാതകൾ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു. അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല. അതുകൊണ്ട് നീ സജ്ജനത്തിന്റെ വഴിയിൽ നടന്ന് നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊൾക. നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.
സദൃശവാക്യങ്ങൾ 2:12-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതു ദുർമാർഗത്തിൽനിന്നും ദുർഭാഷണം നടത്തുന്നവരിൽനിന്നും നിന്നെ വിടുവിക്കും. ഇരുളിന്റെ മാർഗത്തിൽ ചരിക്കാൻ അവർ നേരായ മാർഗം ഉപേക്ഷിക്കുന്നു. തിന്മ പ്രവർത്തിക്കുന്നതിൽ അവർ ആനന്ദംകൊള്ളുന്നു. അതിന്റെ വൈകൃതത്തിൽ സന്തോഷിക്കുന്നു. അവരുടെ വഴികൾ കുടിലമാണ്, അവർ നേർവഴി വിട്ടു നടക്കുന്നവരാണ്. പരസ്‍ത്രീയുടെ പിടിയിൽനിന്നും ചക്കരവാക്കു പറയുന്ന വ്യഭിചാരിണിയിൽ നിന്നും അതു നിന്നെ രക്ഷിക്കും. അവൾ തന്റെ യൗവനകാലത്തെ ജീവിതപങ്കാളിയെ ഉപേക്ഷിച്ചു ദൈവമുമ്പാകെ ചെയ്ത ഉടമ്പടി വിസ്മരിച്ചു. അവളുടെ ഭവനം മരണത്തിലേക്കു താഴുന്നതും അവളുടെ പാത പാതാളത്തിലേക്കു നയിക്കുന്നതുമാകുന്നു. അവളെ സമീപിക്കുന്നവർ ആരും തിരിച്ചുവരുന്നില്ല. അവർ ജീവന്റെ മാർഗത്തെ കണ്ടെത്തുന്നുമില്ല. അതുകൊണ്ടു നീ നല്ലവരുടെ മാതൃക പിന്തുടരുക നീതിനിഷ്ഠരുടെ പാതയിൽനിന്ന് വ്യതിചലിക്കയുമരുത്. നേരുള്ളവർ ദേശത്തു വസിക്കും. നിഷ്കളങ്കർ അവിടെ നിലനില്‌ക്കും. എന്നാൽ ദുഷ്ടർ ദേശത്തുനിന്നു വിച്ഛേദിക്കപ്പെടും വഞ്ചകർ ഉന്മൂലനം ചെയ്യപ്പെടും.
സദൃശവാക്യങ്ങൾ 2:12-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അത് നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വക്രത പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും. അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന് നേരെയുള്ള പാത വിട്ടുകളയുകയും ദോഷപ്രവൃത്തിയിൽ സന്തോഷിക്കുകയും ദുഷ്ടന്‍റെ വക്രതയിൽ ആനന്ദിക്കുകയും ചെയ്യുന്നു. അവർ വളഞ്ഞവഴിക്ക് പോകുന്നവരും നേരെയല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു. അത് നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും. അവൾ തന്റെ യൗവനകാന്തനെ ഉപേക്ഷിച്ച് തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു. അവളുടെ വീട് മരണത്തിലേക്കും അവളുടെ പാതകൾ മരിച്ചവരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു. അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല. അതുകൊണ്ട് നീ സജ്ജനത്തിന്റെ വഴിയിൽ നടന്ന് നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊള്ളുക. നേരുള്ളവർ ദേശത്ത് വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്ന് ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്ന് നിർമ്മൂലമാകും.
സദൃശവാക്യങ്ങൾ 2:12-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും. അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന്നു നേരെയുള്ള പാത വിട്ടുകളകയും ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു. അവർ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു. അതു നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും. അവൾ തന്റെ യൗവനകാന്തനെ ഉപേക്ഷിച്ചു തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു. അവളുടെ വീടു മരണത്തിലേക്കും അവളുടെ പാതകൾ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു. അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല. അതുകൊണ്ടു നീ സജ്ജനത്തിന്റെ വഴിയിൽ നടന്നു നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചു കൊൾക. നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.
സദൃശവാക്യങ്ങൾ 2:12-22 സമകാലിക മലയാളവിവർത്തനം (MCV)
ജ്ഞാനം നിന്നെ ദുഷ്ടമനുഷ്യരുടെ വഴികളിൽനിന്നും വഴിപിഴച്ചവരുടെ ഉപദേശത്തിൽനിന്നും രക്ഷിക്കും, ഇരുളടഞ്ഞ വഴികളിൽ സഞ്ചരിക്കേണ്ടതിന് അവർ സത്യത്തിന്റെ മാർഗം വിട്ടുകളയുന്നു, അവർ തിന്മയുടെ വൈകൃതങ്ങളിൽ ആമോദിക്കുകയും ദുഷ്ടതയിൽ ആനന്ദിക്കുകയും ചെയ്യുന്നു, അവരുടെ മാർഗം കുടിലതനിറഞ്ഞതാണ് അവരുടെ ആസൂത്രണങ്ങൾ വക്രതനിറഞ്ഞതുമാണ്. ജ്ഞാനം നിന്നെ വ്യഭിചാരിണിയിൽനിന്നും ലൈംഗികധാർമികതയില്ലാത്തവളുടെ പ്രലോഭനഭാഷണങ്ങളിൽനിന്നും രക്ഷിക്കും, അവൾ തന്റെ യൗവനകാല ഭർത്താവിനെ ഉപേക്ഷിക്കുകയും ദൈവമുമ്പാകെയുള്ള അവളുടെ ഉടമ്പടി അവഗണിക്കുകയും ചെയ്യുന്നു. അവളുടെ ഭവനം മരണത്തിലേക്കും അവളുടെ വഴികൾ പരേതാത്മാക്കളുടെ സമീപത്തേക്കും നയിക്കുന്നു. അവളുടെ സമീപത്തേക്കു പോകുന്ന പുരുഷൻ മടങ്ങിവരുന്നില്ല, ജീവനിലേക്ക് ഒരിക്കലും മടങ്ങിയെത്താൻ അവന് കഴിയുകയില്ല. ആയതിനാൽ, നീ സജ്ജനത്തിന്റെ പാതയിൽ നടക്കുകയും ധർമിഷ്ഠരുടെ വഴികൾ പിൻതുടരുകയുംവേണം. കാരണം പരമാർഥികൾ ദേശത്ത് വസിക്കും നിഷ്കളങ്കർ അവിടെ സുസ്ഥിരരായിരിക്കും; എന്നാൽ ദുഷ്ടമനുഷ്യർ ദേശത്തുനിന്ന് വിച്ഛേദിക്കപ്പെടും, വഞ്ചകർ അവിടെനിന്ന് ഉന്മൂലനംചെയ്യപ്പെടും.