സദൃശവാക്യങ്ങൾ 18:1-6

സദൃശവാക്യങ്ങൾ 18:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകല ജ്ഞാനത്തോടും അവൻ കയർക്കുന്നു. തന്റെ മനസ്സ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢനു ബോധത്തിൽ ഇഷ്ടമില്ല. ദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീർത്തിയോടുകൂടെ നിന്ദയും വരുന്നു. മനുഷ്യന്റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു. നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിനു ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല. മൂഢന്റെ അധരങ്ങൾ വഴക്കിന് ഇടയാക്കുന്നു; അവന്റെ വായ് തല്ല് വിളിച്ചുവരുത്തുന്നു.

സദൃശവാക്യങ്ങൾ 18:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

വേറിട്ടു നില്‌ക്കുന്നവൻ ശരിയായ തീരുമാനങ്ങളെയെല്ലാം എതിർക്കാൻ പഴുതുനോക്കുന്നു. മൂഢനു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലല്ലാതെ കാര്യം ഗ്രഹിക്കുന്നതിൽ താൽപര്യം ഇല്ല. ദുഷ്ടതയോടൊപ്പം അപമാനവും ദുഷ്കീർത്തിയോടൊപ്പം മാനഹാനിയും വന്നുചേരുന്നു. മനുഷ്യന്റെ വാക്കുകൾ ആഴമുള്ള ജലാശയമാകുന്നു, ജ്ഞാനത്തിന്റെ ഉറവ പാഞ്ഞൊഴുകുന്ന അരുവി. ദുഷ്ടന്റെ പക്ഷം പിടിക്കുന്നതോ നീതിമാനു നീതി നിഷേധിക്കുന്നതോ ശരിയല്ല. മൂഢന്റെ വാക്കുകൾ കലഹകാരണമാകുന്നു. അവന്റെ വാക്കുകൾ ചുട്ടയടി ക്ഷണിച്ചു വരുത്തുന്നു.

സദൃശവാക്യങ്ങൾ 18:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

കൂട്ടംവിട്ടു നടക്കുന്നവൻ സ്വന്തം താത്പര്യം അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു. തന്‍റെ മനസ്സ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢന് വിവേകത്തിൽ താത്പര്യമില്ല. ദുഷ്ടനോടുകൂടി അപമാനവും ദുഷ്ക്കീർത്തിയോടുകൂടി നിന്ദയും വരുന്നു. മനുഷ്യന്‍റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും ജ്ഞാനത്തിന്‍റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു. നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന് ദുഷ്ടന്‍റെ പക്ഷം പിടിക്കുന്നത് നല്ലതല്ല. മൂഢന്‍റെ അധരങ്ങൾ വഴക്കിന് ഇടയാക്കുന്നു; അവന്‍റെ വായ് തല്ല് വിളിച്ചുവരുത്തുന്നു.

സദൃശവാക്യങ്ങൾ 18:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു. തന്റെ മനസ്സു വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢന്നു ബോധത്തിൽ ഇഷ്ടമില്ല. ദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീർത്തിയോടുകൂടെ നിന്ദയും വരുന്നു. മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുക്കുള്ള തോടും ആകുന്നു. നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന്നു ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല. മൂഢന്റെ അധരങ്ങൾ വഴക്കിന്നു ഇടയാക്കുന്നു; അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു.

സദൃശവാക്യങ്ങൾ 18:1-6 സമകാലിക മലയാളവിവർത്തനം (MCV)

കൂട്ടംവിട്ടുനടക്കുന്ന മനുഷ്യൻ സ്വാർഥതാത്പര്യങ്ങൾ പിൻതുടരുകയും നല്ല തീരുമാനങ്ങളെയെല്ലാം വെല്ലുവിളിക്കുകയും ചെയ്യുന്നു. ഭോഷർ വിവേകത്തിൽ ആഹ്ലാദം കണ്ടെത്തുന്നില്ല; എന്നാൽ അവർ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലാണ് ആനന്ദിക്കുന്നത്. ദുഷ്ടരോടൊപ്പം വിദ്വേഷം തലപൊക്കുന്നു, അപമാനത്തോടൊപ്പം അപകീർത്തിയും വന്നുചേരുന്നു. ഒരു മനുഷ്യന്റെ വാക്കുകൾ അഗാധമായ ജലപ്പരപ്പുപോലെയാകാം; എന്നാൽ ജ്ഞാനത്തിന്റെ ഉറവ കളകളാരവത്തോടെ ഒഴുകുന്ന അരുവിപോലെയും. ദുഷ്ടരോട് പക്ഷഭേദം കാണിക്കുന്നതും നിരപരാധിക്കു നീതി നിഷേധിക്കുന്നതും ഉചിതമല്ല. ഭോഷത്തമുള്ളവരുടെ വാക്കുകൾ കലഹം സൃഷ്ടിക്കുന്നു, അവരുടെ അധരം അടി ഇരന്നുവാങ്ങുന്നു.

സദൃശവാക്യങ്ങൾ 18:1-6

സദൃശവാക്യങ്ങൾ 18:1-6 MALOVBSI