സദൃശവാക്യങ്ങൾ 16:18-25
സദൃശവാക്യങ്ങൾ 16:18-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാശത്തിനു മുമ്പേ ഗർവം; വീഴ്ചയ്ക്കു മുമ്പേ ഉന്നതഭാവം. ഗർവികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലത്. തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ. ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വർധിപ്പിക്കുന്നു. വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ. ജ്ഞാനിയുടെ ഹൃദയം അവന്റെ വായ് പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ വർധിപ്പിക്കുന്നു. ഇമ്പമുള്ള വാക്ക് തേൻകട്ടയാകുന്നു; മനസ്സിനു മധുരവും അസ്ഥികൾക്കു ഔഷധവും തന്നെ; ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ മരണവഴികൾ അത്രേ.
സദൃശവാക്യങ്ങൾ 16:18-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അഹങ്കാരം നാശത്തിന്റെയും ധാർഷ്ട്യം പതനത്തിന്റെയും മുന്നോടിയാണ്. ഗർവിഷ്ഠരോടുകൂടി കൊള്ള പങ്കിടുന്നതിലും നല്ലത് എളിയവരോടൊപ്പം എളിമയിൽ കഴിയുന്നതാണ്. ദൈവവചനം അനുസരിക്കുന്നവൻ ഐശ്വര്യം പ്രാപിക്കും; സർവേശ്വരനിൽ ശരണപ്പെടുന്നവൻ ഭാഗ്യവാൻ. വിവേകി ജ്ഞാനമുള്ളവൻ എന്ന് അറിയപ്പെടും; ഹൃദ്യമായി സംസാരിക്കുന്നവൻ അനുനയമുള്ളവനാകുന്നു. ജ്ഞാനിക്ക് വിജ്ഞാനം ജീവന്റെ ഉറവയാകുന്നു, ഭോഷത്തമോ ഭോഷനുള്ള ശിക്ഷയത്രേ. ജ്ഞാനിയുടെ മനസ്സ് വിവേകപൂർണമാകുന്നു; അതുകൊണ്ട് അവന്റെ വാക്കുകൾക്ക് കൂടുതൽ അനുനയശക്തിയുണ്ട്. ഹൃദ്യമായ വാക്കു തേൻകട്ടയാണ്, അതു മനസ്സിനു മാധുര്യവും ശരീരത്തിന് ആരോഗ്യവും പകരുന്നു. നേരായി തോന്നുന്ന മാർഗം അവസാനം മരണത്തിലേക്കു നയിക്കുന്നതാവാം.
സദൃശവാക്യങ്ങൾ 16:18-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നാശത്തിന് മുമ്പ് ഗർവ്വം; വീഴ്ചയ്ക്ക് മുമ്പ് ഉന്നതഭാവം. ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ താഴ്മയുള്ളവരോടുകൂടി താഴ്മയുള്ളവനായിരിക്കുന്നത് നല്ലത്. തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ. ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വർദ്ധിപ്പിക്കുന്നു. വിവേകം വിവേകിക്ക് ജീവന്‍റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ. ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്‍റെ അധരങ്ങൾക്ക് വിദ്യ വർദ്ധിപ്പിക്കുന്നു. ഇമ്പമുള്ള വാക്ക് തേൻകട്ടയാകുന്നു; മനസ്സിന് മധുരവും അസ്ഥികൾക്ക് ഔഷധവും തന്നെ; ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നുന്നു; അതിന്റെ അവസാനമോ മരണവഴികൾ അത്രേ.
സദൃശവാക്യങ്ങൾ 16:18-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്ചക്കു മുമ്പെ ഉന്നതഭാവം. ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലതു. തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ. ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വർദ്ധിപ്പിക്കുന്നു. വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ. ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ വർദ്ധിപ്പിക്കുന്നു. ഇമ്പമുള്ള വാക്കു തേൻകട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ; ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു; അതിന്റെ അവസാനമോ മരണവഴികൾ അത്രേ.
സദൃശവാക്യങ്ങൾ 16:18-25 സമകാലിക മലയാളവിവർത്തനം (MCV)
അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്; ധിക്കാരമനോഭാവവും നാശത്തിന്റെ മുന്നോടിതന്നെ. പീഡിതരോടൊത്ത് എളിമയോടെ ജീവിക്കുന്നതാണ്, അഹങ്കാരികളോടൊത്തു കൊള്ള പങ്കിടുന്നതിലും നല്ലത്. ഉപദേശങ്ങൾ ശ്രദ്ധിക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകുന്നു, യഹോവയിൽ ആശ്രയമർപ്പിക്കുന്നവർ അനുഗൃഹീതർ. ജ്ഞാനഹൃദയമുള്ളവർ വിവേകി എന്നു വിളിക്കപ്പെടും, ഹൃദ്യമായ വാക്ക് സ്വാധീനംചെലുത്തും. വിവേകം കൈമുതലാക്കിയവർക്ക് അതു ജീവജലധാരയാണ്, എന്നാൽ മടയത്തരം ഭോഷർക്കു ശിക്ഷയായി ഭവിക്കുന്നു. വിവേകിയുടെ ഹൃദയം അവരുടെ അധരങ്ങൾ ജ്ഞാനമുള്ളവയാക്കുന്നു, അവരുടെ അധരങ്ങൾ സ്വാധീനംചെലുത്തും. ഹൃദ്യമായ വാക്ക് തേനടയാണ്, അത് ആത്മാവിനു മാധുര്യവും അസ്ഥികൾക്ക് ആരോഗ്യവും നൽകുന്നു. ഓരോരുത്തർക്കും തങ്ങളുടെമുമ്പിലുള്ള വഴി ശരിയായത് എന്നു തോന്നാം, എന്നാൽ അവസാനം അതു മരണത്തിലേക്കു നയിക്കുന്നു.
